sections
MORE

‘ക്യാറ്റ്’ പരാജയപ്പെട്ടു; പകരം കയ്യടക്കിയത് കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ രണ്ടാം റാങ്ക്!

asish
SHARE

കോഴിക്കോട് എൻഐടിയിൽനിന്നു 2013ൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിടെക് പഠിച്ചിറങ്ങുമ്പോൾ ആശിഷിന്റെ ലക്ഷ്യം മാനേജ്മെന്റ് പ്രവേശനപരീക്ഷയായ ‘ക്യാറ്റ്’ ആയിരുന്നു. രണ്ടുവർഷം ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല. ഒരു വഴിയടഞ്ഞാൽ വേറെ ഒൻപതു വഴി തുറക്കുമെന്നാണല്ലോ.

കേന്ദ്രസർവീസിൽ മികച്ച ജോലികൾക്കു വഴിയൊരുക്കുന്ന സ്റ്റാഫ് സിലക്‌ഷൻ കമ്മിഷന്റെ 2017ലെ കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) പരീക്ഷാഫലം വന്നപ്പോൾ രാജ്യത്തെ രണ്ടാം റാങ്ക് ആശിഷിനാണ്.

സിജിഎല്ലിലേക്കുള്ള വഴി
കോട്ടയം സ്വദേശി ആശിഷ് ജെ. ഓണാട്ട് 2016ലാണ് ആദ്യം സിജിഎൽ എഴുതിയത്. ടിയർ 1, 2 പരീക്ഷകൾ തയാറെടുപ്പുകളില്ലാതെ എഴുതി. ക്യാറ്റ് പരിശീലനവും വിവിധ പരീക്ഷകൾ എഴുതിയുള്ള പരിചയവുമാണു തുണയായത്. ടിയർ 3 പരീക്ഷയ്ക്കു മാത്രം കോച്ചിങ്. കാര്യമായി ശ്രമിക്കാതെ ഇത്രത്തോളമാകാമെങ്കിൽ പരിശീലനത്തോടെ എന്തുകൊണ്ടു വീണ്ടും ശ്രമിച്ചൂകൂടാ എന്നായി ചിന്ത. ആദ്യമേ കോച്ചിങ്ങിനു ചേർന്നു.

ജികെ, മാത്‌സ്, റീസണിങ്, ഇംഗ്ലിഷ് എന്നീ ഭാഗങ്ങൾ ചേർന്നതാണു ടിയർ 1 പരീക്ഷ. സ്കൂളിലെ ക്വിസ് പരിചയം ജികെ പഠനത്തിനു സഹായമായി. ഇപ്പോഴത്തെ പരീക്ഷാ ഫോർമാറ്റിൽ കറന്റ് അഫയേഴ്സിനു നല്ല പ്രാമുഖ്യമുണ്ട്.

ചരിത്രം, ഭൂമിശാസ്ത്രം, ഇക്കണോമിക്സ്, പൊളിറ്റി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന ധാരണയും രാജ്യങ്ങൾ, തലസ്ഥാനങ്ങൾ, കൃതികൾ, എഴുത്തുകാർ, കായികം, കല തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള അറിവും ടിയർ വണ്ണിൽ മികച്ച സ്കോർ നേടിത്തരും. സിവിൽ സർവീസിലെന്ന പോലെ ഒരുപാട് ആഴത്തിലേക്കു പോകേണ്ട കാര്യവുമില്ല.

ദിവസം 11 മണിക്കൂർ
ആറു മണിക്കൂർ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലും അഞ്ചു മണിക്കൂർ ഹോസ്റ്റലിലുമായി പഠനം. ഹോസ്റ്റലിൽ രാത്രി മൂന്നു മണിക്കൂർ മാത്‌സ് പഠനം; രാവിലെ ജികെ. ടിയർ 1 എക്സാം തുടങ്ങും മുൻപേ തലേവർഷത്തെ ഫലമെത്തി. വിജയിച്ചിരിക്കുന്നു. എങ്കിലും ടിയർ 1 നന്നായെഴുതി. അഖിലേന്ത്യാ റാങ്ക് 15.

ടിയർ 2ൽ ഇംഗ്ലിഷും മാത്‌സും നന്നായെഴുതി. അഖിലേന്ത്യാ റാങ്ക് രണ്ടായി. ടിയർ ത്രീയിലും നല്ല പ്രകടനം നടത്തിയതോടെ റാങ്കുറപ്പിച്ചു. ഇതിനിടെ തമിഴ്നാട്ടിൽ ടാക്സ് അസിസ്റ്റന്റായി ജോലിയായെങ്കിലും ലക്ഷ്യം വിട്ടില്ല. തുടർന്ന് സർട്ടിഫിക്കറ്റ് പരീക്ഷയും നൈപുണ്യ പരീക്ഷയും കഴിഞ്ഞ് അന്തിമഫലം വന്നപ്പോഴും അഖിലേന്ത്യാ രണ്ടാം റാങ്ക്. കേരളത്തിൽ ജോലിക്ക് ഈ പ്രകടനം ആവശ്യമായിരുന്നു.ഇൻകംടാക്സ് ഇൻസ്പെക്ടർ തസ്തികയാണ് ആശിഷിന് ലഭിച്ചത്.

കോട്ടയം ബസേലിയസ് കോളജ് റിട്ട. പ്രിൻസിപ്പലും മംഗളം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസസ് പ്രിൻസിപ്പലുമായ പ്രഫ. ജേക്കബ് കുര്യൻ ഓണാട്ടിന്റെയും അയ്‌ഷയുടെയും മകനാണ് ആശിഷ്.

5 ടിപ്സ് ബൈ ആശിഷ്

സിജിഎൽ വിജയിക്കാൻ 10 മാസത്തെ പരിശീലനം മതിയെന്ന് ആശിഷ്; ടിയർ 1, ആറ് മാസം, ടിയർ 2,  മൂന്ന് മാസം.മുൻവർഷ ചോദ്യപേപ്പറുകൾ വായിച്ചു പരിശീലനം തുടങ്ങാം.

∙മാത്‌സിൽ അരിത്‌മെറ്റിക്കും അഡ്വാൻസ്ഡ് മാത്‌സും ശ്രദ്ധിക്കണം.

∙ഇംഗ്ലിഷിൽ പ്രധാനം വ്യാകരണം, പദസമ്പത്ത്, കോംപ്രിഹെൻഷൻ.

∙കൂടുതൽ മോക്ക് എക്സാമുകളിലൂടെ റീസണിങ് ഹൃദിസ്ഥമാക്കാം.

∙ജികെയിൽ ചോദ്യങ്ങളിൽനിന്നു വിഷയം പൂർണമായി പഠിക്കുന്ന രീതി പിന്തുടരണം.ഉദാ. വൈറ്റമിൻ സിയെക്കുറിച്ചു ചോദ്യം കണ്ടാൽ എല്ലാ വൈറ്റമിനുകളെക്കുറിച്ചും പഠിക്കണം.

∙കറന്റ് അഫയേഴ്സിൽ ആറുമാസത്തെ പൊതുവിവരങ്ങൾ നന്നായി പഠിക്കണം.

ഓർക്കുക

സിജിഎൽ 2019 അപേക്ഷ ഈ മാസം 25 വരെ.

https://ssc.nic.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA