sections
MORE

ഉമ്മ ചപ്പാത്തിയുണ്ടാക്കി വിറ്റ് മകനെ പഠിപ്പിച്ചു; രാജ്യത്തെ പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസറായി ഹസന്‍

Hasan-Safin
SHARE

ചരിത്രം സൃഷ്ടിച്ചു കൊണ്ടാണു ഹസന്‍ സഫിന്‍ എന്ന ഗുജറാത്തി ചെറുപ്പക്കാരന്‍ ഡിസംബര്‍ 23ന് ഇന്ത്യന്‍ പോലീസ് സര്‍വീസിന്റെ ഭാഗമാകുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറുപ്പക്കാരനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന ബഹുമതിക്കാണ് 22കാരനായ സഫിന്‍ അര്‍ഹനാകുക. 2018ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 570-ാം റാങ്ക് നേടിയാണു സഫിന്‍ ഐപിഎസിലേക്ക് എത്തുന്നത്. 

ജാംനഗറിലെ അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോലീസായാണ് സഫിന്‍ ചാര്‍ജെടുക്കുക. ഐഎഎസ് ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, റാങ്കു 570 ആയതിനാല്‍ ലഭിച്ചത് ഐപിഎസ്. ഐഎഎസ് മോഹവുമായി വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കിരുന്നെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് ഒടുവില്‍ ഐപിഎസില്‍ തന്നെ ജോലി ചെയ്യാന്‍ സഫിന്‍ തീരുമാനിക്കുന്നത്. 

ഗുജറാത്ത് പാലന്‍പൂറിലെ കാനോദര്‍ ജില്ലയില്‍ ഒരു ഡയമണ്ട് മൈനിങ് യൂണിറ്റിലെ തൊഴിലാളികളായ മുസ്തഫ ഹസന്റെയും നസീംബാനുവിന്റെയും മകനാണ് സഫിന്‍. കുറഞ്ഞ വരുമാനക്കാരയ മാതാപിതാക്കള്‍ പലപ്പോഴും സഫിന്റെ പഠനത്തിനുള്ള ഫീസു പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. ഭക്ഷണം പോലും കഴിക്കാതെ കിടുന്നുറങ്ങിയ ദിനങ്ങള്‍ നിരവധിയെന്നു സഫിന്‍ പറയുന്നു. മകന്റെ പഠനത്തിന് അധിക തുക കണ്ടെത്താന്‍ അമ്മ വീടിനടുത്തുള്ള ഹോട്ടലുകളിലും വിവാഹങ്ങള്‍ക്കും ചപ്പാത്തി നിര്‍മ്മിച്ചു നല്‍കിയിരുന്നു. 

പുലര്‍ച്ചെ മൂന്നു മണിക്ക് ഉണരുന്ന നസീംബാനു 200 കിലോ മാവ് കൊണ്ടുവരെ ഒരു ദിവസം ചപ്പാത്തികൾ നിർമ്മിച്ചിരുന്നു. ഇത്തരത്തില്‍ പ്രതിമാസം ലഭിച്ച 5000 മുതല്‍ 8000 രൂപ ഉപയോഗിച്ചായിരുന്നു സഫിന്റെ പഠനം. 

വീട്ടിലെ അവസ്ഥ മനസ്സിലാക്കി സഫിന്റെ ഹൈസ്‌കൂളിലെ പ്രിന്‍സിപ്പല്‍ 80,000 രൂപയുടെ സ്‌കൂള്‍ ഫീസ് ഇളവു ചെയ്തു കൊടുത്തിരുന്നു. പ്രദേശത്തെ ബിസിനസ്സ്‌കാരനായ ഹുസൈന്‍ പോള്‍റയില്‍ നിന്നും ഭാര്യ റൈന പോള്‍റയില്‍ നിന്നും സഫിനു പഠന സഹായം ലഭിച്ചു. ദേശീയ തലസ്ഥാനത്തു താമസിച്ചു സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കാന്‍ സഫിനായി 3.5 ലക്ഷം രൂപയാണു പോള്‍റ കുടുംബം മുടക്കിയത്. അമ്മയുടെ വിയര്‍പ്പും ഇത്തരത്തില്‍ നിരവധി പേരുടെ സഹായവുമാണ് തന്നെ ഐപിഎസ് ഉദ്യോസ്ഥനാക്കിയതെന്ന് സഫിന്‍ പറയുന്നു. 

തന്റെ ഒഴിവു സമയത്ത് കനോദര്‍ ജില്ലയിലെ പാവപ്പെട്ട കുട്ടികളെ പഠിപ്പിച്ചിരുന്ന സഫിന് ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങണമെന്നാണ് ആഗ്രഹം. ഇത് വഴി സമൂഹം തനിക്കു നല്‍കിയ സഹായത്തിനു പ്രത്യുപകാരം ചെയ്യാന്‍ സാധിക്കുമെന്നാണു സഫിന്റെ വിശ്വാസം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA