ADVERTISEMENT

പഠിക്കുന്ന കാലത്ത് കൊച്ചി നേവൽ ബേസിൽ എത്തിയപ്പോഴാണു നേവിയുടെ തൂവെള്ള യൂണിഫോമിനോടു പ്രസന്നയ്ക്ക് ആദ്യമായി ആവേശം തോന്നിയത്. അതു പിന്നീടു നേവിയിൽ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലെ കമാൻഡർ പദവിയിലെത്തിച്ചു. നേവിയിൽ വനിതകൾക്കു സ്ഥിരം നിയമനത്തിനു (പെർമനന്റ് കമ്മിഷൻ) സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വാങ്ങിയതോടെ റിട്ട. കമാൻഡർ ഇ. പ്രസന്നയും കൂട്ടുകാരും ചരിത്രത്തിൽ ഇടംപിടിച്ചു.

നേവിയിൽ വരാൻ പോകുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ പ്രസന്ന സംസാരിക്കുന്നു.

സുപ്രീം കോടതി വിധിയോടെ എന്തു മാറ്റമാകും നേവിയിൽ വരിക ?

നിലവിൽ എത്ര കഴിവും താൽപര്യവും ഉണ്ടെങ്കിലും സ്ത്രീകൾക്കു സ്ഥിര നിയമനം ലഭിക്കില്ല. 14 വർഷം കഴിയുമ്പോൾ പിരിയണം. പെൻഷനും ആനുകൂല്യങ്ങളും ലഭിക്കില്ല. സുപ്രീം കോടതി ഉത്തരവുണ്ടായതോടെ നിലവിൽ സർവീസിൽ ഉള്ളവർക്കു സ്ഥിര നിയമനം ലഭിക്കും. 20 വർഷം പൂർത്തിയാക്കി സ്വയം വിരമിക്കാൻ താൽപര്യപ്പെടുന്നവർക്കു പെൻഷനും ലഭിക്കും. മിടുക്കികളായ കൂടുതൽ പെൺകുട്ടികൾ നേവിയിലേക്കു കടന്നുവരും.

സ്ത്രീകൾക്കു വലിയ വെല്ലുവിളികൾ ഏറ്റെടുക്കാനാകുമോ?

എന്തുകൊണ്ടു കഴിയില്ല?. ലോകത്തിലെ തന്നെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പു രീതിയാണ് നേവിയിലേത്. ആ മാനദണ്ഡങ്ങളെല്ലാം വിജയിച്ചുവരുന്ന സ്ത്രീകളെ പകുതി സർവീസിൽ വച്ച് ഒഴിവാക്കുന്നതു നീതിയല്ല. എയർ ട്രാഫിക് കൺട്രോളിലായിരുന്നു എന്റെ ജോലി. ജോലിയും ഉത്തരവാദിത്തവും സ്ത്രീക്കും പുരുഷനും തുല്യമാണ്. സ്ത്രീകൾക്കു മൾട്ടിടാസ്കിങ് സ്കിൽ വളരെ കൂടുതലാണ്. ചുമതലകൾ കൂടുതൽ ഭംഗിയായി നിറവേറ്റാനും കഴിയും.

സർവീസ് കാലത്തെ അനുഭവങ്ങൾ ?

ഞാൻ 1994ൽ സർവീസിൽ ചേരുമ്പോൾ സ്ത്രീകൾക്കു പ്രത്യേക ശുചിമുറി പോലും ഉണ്ടായിരുന്നില്ല. ഞങ്ങൾ അതൊന്നും പരാതിയായി എടുത്തില്ല. പകരം അതൊക്കെ മാറ്റിക്കൊണ്ടു വരാനാണു ശ്രമിച്ചത്.

ജോലി ഓരോ ദിവസവും ചാലഞ്ചിങ് ആയിരുന്നു. ഒരിക്കൽ തമിഴ്നാട്ടിലെ രാമനാഥപുരത്തു ഡ്യൂട്ടിക്കു പോയി. പ്രസന്ന എന്ന പേരു കണ്ട് പുരുഷനെയാണ് ഓഫിസർമാർ പ്രതീക്ഷിച്ചത്. സ്ത്രീയാണെന്നു കണ്ടതോടെ എന്നെ ഡ്യൂട്ടിക്കു വേണ്ടെന്നായി. അതൊന്നും കാര്യമാക്കാതെ എന്റെ ജോലി പൂർണമായും തീർത്തേ മടങ്ങിയുള്ളൂ.

കേസിന്റെ പശ്ചാത്തലം ?

14 വർഷം ജോലി ചെയ്തു പുറത്തിറങ്ങുമ്പോൾ പെൻഷനില്ല; മറ്റ് ആനുകൂല്യങ്ങളുമില്ല. 2008ൽ 36ാം വയസ്സിൽ പുറത്തുവരുമ്പോൾ ജീവിക്കാൻ മറ്റൊരു ജോലി കണ്ടെത്തേണ്ട ഗതികേട്. 

navy-officers

ഫ്രീലാൻസായി ചില ജോലികൾ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് 2010ൽ വ്യോമസേനയിലെ വനിതാ ഓഫിസർമാർക്ക് അനുകൂല വിധി ലഭിച്ചത്. അതോടെ ഞങ്ങൾ നേവിയിലുള്ളവരും കേസ് കൊടുക്കാൻ തീരുമാനിച്ചു. 

കമാൻഡർമാരായ പൂജ ഛാബ്ര, ആർ.പ്രസന്ന, സുമിത ബലൂണി, സരോജ് കുമാരി എന്നിവരും കൂടി ചേർന്നാണു കേസ് നൽകിയത്. ഒരു രൂപ പോലും ഫീസ് വാങ്ങാതെയാണ് അഭിഭാഷക പൂജ ഖർ സുപ്രീം കോടതിയിൽ വാദിച്ചത്.

പെൺകുട്ടികളോടു പറയാനുള്ളത് ?

സൈനിക് സ്കൂളിൽനിന്നു ഡിഫൻസ് അക്കാദമി വഴി ആൺകുട്ടികൾക്ക് സേനയിൽ ധാരാളം അവസരങ്ങളുണ്ട്. എന്നാൽ പെൺകുട്ടികൾ പോരാടി വിജയിക്കണം. സുപ്രീം കോടതി വിധിയോടെ നാവികസേനാ കരിയറിൽ വലിയ സാധ്യതകളാണു ലഭിക്കാൻ പോകുന്നത്. പ്രതിഭയുള്ള കൂടുതൽ പെൺകുട്ടികൾ കടന്നുവരണം; രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്.

∙ നേവിയിലെ അവസരങ്ങളെക്കുറിച്ചറിയാൻ വെബ്സൈറ്റ്: www.joinindiannavy.gov.in

കുടുംബം

കാഞ്ഞങ്ങാട് ഏച്ചിക്കാനത്ത് അശ്വതിയിൽ എ.കുഞ്ഞിരാമൻ നായരുടെയും സത്യവതി ഇടയില്ലത്തിന്റെയും മകളാണ് ഇ.പ്രസന്ന. ഭർത്താവ് രാജ്യാന്തര ടെന്നിസ് പരിശീലകൻ ബാലചന്ദ്രൻ മാണിക്കത്ത്, മകൾ ഭാവന നമ്പ്യാർ എന്നിവരോടൊപ്പം ബെംഗളൂരുവിൽ താമസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com