ADVERTISEMENT

ഒരു കോച്ചിങ്ങിനും അഖിൽ പോയിട്ടില്ല. പക്ഷേ, 23–ാം വയസ്സിൽ ആദ്യ പരിശ്രമത്തിൽത്തന്നെ നേടിയത് എല്‍ഡിസിക്കു 10–ാം റാങ്കും എല്‍ജിഎസിന് 70–ാം റാങ്കും! പലരും പിഎസ്‌സിയെന്നു കേട്ടു തുടങ്ങുംമുൻപേ പഞ്ചായത്ത് വകുപ്പിൽ ക്ലാർക്കായി ജോലി തുടങ്ങി, ഈ ചെറുപ്പക്കാരന്‍. 

 

കൊല്ലം നെടുമ്പന ഇളവൂർ സ്വദേശി പി. എസ്. അഖിൽ, 17–ാം വയസ്സു മുതൽ സ്കൂൾ കുട്ടികൾക്കു ട്യൂഷനെടുത്തു വരുമാനം കണ്ടെത്തിയിരുന്നു. കശുവണ്ടിത്തൊഴിലാളിയായ അമ്മയും ഐടിഐ വിദ്യാര്‍ഥിയായ അനിയനും ഉൾപ്പെടുന്നതാണു കുടുംബം. അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടു വളർന്ന അഖിലിന് എത്രയും നേരത്തേ സ്ഥിരവരുമാനമുള്ള ജോലി നേടുകയായിരുന്നു സ്വപ്നം. 

 

ഇംഗ്ലിഷ് ബിഎ പാസായപ്പോൾ തുടർപഠനത്തിന് എംഎസ്ഡബ്ല്യൂവോ ബിഎഡോ തിരഞ്ഞെടുക്കാനായിരുന്നു ആലോചന. പക്ഷേ, കോവിഡ് അഖിലിന്റെ ജീവിതം മാറ്റിമറിച്ചു. ഓൺലൈൻ ട്യൂഷനിലൂടെയുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. അങ്ങനെയാണ് ഉപരിപഠനം എന്ന മോഹം മാറ്റിവച്ച് ജോലിക്കായി ശ്രമം തുടങ്ങിയത്. 

 

ബാങ്ക് ജോലിയായിരുന്നു ആദ്യ ലക്ഷ്യം. പക്ഷേ, അത്രയും സമ്മർദമുള്ള ജോലി തനിക്കു ചേരില്ലെന്നു തോന്നിയതോടെ ശ്രദ്ധ പിഎസ്‌സി പരീക്ഷയിലേക്കു തിരിഞ്ഞു. ട്യൂഷനെടുത്തു പരിചയമുള്ളതിനാൽ സ്കൂൾ പാഠപുസ്തകങ്ങൾ മനപ്പാഠമായിരുന്നു. അതുകൊണ്ടു തന്നെ എൻസിഇആർടി, എസ്‌സിഇആർടി പുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്കു മുന്നിൽ പതറില്ലെന്ന ആത്മവിശ്വാസവും.

 

ആദ്യമായി എഴുതിയ പിഎസ്‌സി പരീക്ഷകൾക്കു തന്നെ സ്വന്തമായി നോട്ടുകൾ തയാറാക്കിയാണ് അഖിൽ പഠനം ക്രമീകരിച്ചത്. പിഎസ്‌സി പരീക്ഷയുടെ പാറ്റേൺ മാറിയതു കാരണം പാഠഭാഗങ്ങൾ ആഴത്തിൽ വിലയിരുത്തി കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ഭാഗം കൂടുതൽ ആഴത്തിൽ പഠിച്ചു. എങ്ങനെയെങ്കിലും റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടു കാര്യമില്ലല്ലോ. ഉയർന്ന റാങ്കുകൾ നേടിയാലേ ജോലി ഉറപ്പിക്കാനാവൂ എന്ന ഉറച്ച തീരുമാനത്തോടെ കഠിനാധ്വാനവും തുടർന്നു. ഉയർന്ന റാങ്കുകളിലെത്തിയവരുെട അനുഭവങ്ങൾ വായിച്ചതും വലിയ പ്രചോദനമായെന്ന് അഖിൽ. 

 

Content Summary : Without any coaching Akhil got two government jobs in his twenties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com