ADVERTISEMENT

രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാമിനെ ഒരു ഉദ്ഘാടനച്ചടങ്ങിൽ വച്ചു കണ്ടപ്പോൾ അന്നു പ്ലസ്ടു വിദ്യാർഥിയായിരുന്ന കീർത്തന ചോദിച്ചു– ‘‘എനിക്ക് എങ്ങനെ പൈലറ്റ് ആകാൻ കഴിയും ?’’

‘‘അതിനു നിങ്ങൾ ഇഴയുകയല്ല, പറക്കുകയാണു വേണ്ടത്’’ - ഇതായിരുന്നു കലാമിന്റെ മറുപടി. പറക്കാനുള്ള കീർത്തനയുടെ ആഗ്രഹത്തിന് ‘അഗ്നിച്ചിറക്’ സമ്മാനിച്ചത് ആ വാക്കുകളാണ്. അതിന്റെ കരുത്തിൽ ചിറകുവിരിച്ച എൻ.ബി.കീർത്തന ഇന്നു വ്യോമസേനയിൽ ഫ്ലയിങ് ഓഫിസറാണ്.

 

∙ പ്ലസ്ടുവിനു ശേഷം

 

എറണാകുളം കോലഞ്ചേരി സെന്റ്‍ പീറ്റേഴ്സ് സ്കൂളിലെ പ്ലസ്ടു കഴിഞ്ഞ് കീർത്തന തിരഞ്ഞെടുത്തത് മെക്കാനിക്കൽ എൻജിനീയറിങ്. പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിലായിരുന്നു പഠനം. പൈലറ്റ് ആകാൻ ആഗ്രഹിക്കുന്നവർ എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങോ മെക്കാനിക്കൽ എൻജിനീയറിങ്ങോ പഠിക്കുകയായിരിക്കും നല്ലതെന്നാണ് കീർത്തനയുടെ അഭിപ്രായം. സയൻസ് പ്ലസ്ടു കഴിഞ്ഞും പൈലറ്റ് പരിശീലനത്തിനു പോകാം. എന്നാൽ പൈലറ്റ് ആകാൻ കഴിഞ്ഞില്ലെങ്കിലും ജോലി സാധ്യതകൾ കുറയരുതെന്ന ചിന്ത മൂലമാണ് എൻജിനീയറിങ്ങിനു ചേർന്നത്.

 

∙എന്തുകൊണ്ട് വ്യോമസേന

 

കമേഴ്സ്യൽ പൈലറ്റ് കോഴ്സിനു നല്ല പണച്ചെലവുണ്ട്. പെട്ടെന്നു ജോലി കിട്ടണമെന്നുമില്ല. വ്യോമസേനാ ജോലിക്കു കിട്ടുന്ന അംഗീകാരവും രാജ്യസേവനത്തിനുള്ള അവസരവും കണക്കിലെടുത്തു. 

ആദ്യ കടമ്പ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (അഫ്കാറ്റ്) ആയിരുന്നു. ഡിഗ്രി അവസാന വർഷക്കാർക്കും എഴുതാം. പ്ലസ്ടു സയൻസ് അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ. പഴയ ചോദ്യക്കടലാസുകൾ പരമാവധി പരിശീലിച്ചാൽ ജയിക്കാം. തുടർന്നാണ് യഥാർഥ കടമ്പ- 5 ദിവസത്തെ എസ്എസ്ബി ഇന്റർവ്യൂ. ഉദ്യോഗാർഥിയുടെ മാനസിക, ശാരീരിക ക്ഷമത അടിമുടി പരിശോധിക്കും. ആദ്യ ദിവസം തന്നെ എഴുത്തുപരീക്ഷയുണ്ട്. പിന്നീട് ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിങ്ങനെ ഒട്ടേറെ ഘട്ടങ്ങൾ.

മൂന്നു സേനാ വിഭാഗങ്ങളിലും കോസ്റ്റ്ഗാർഡിലും പൈലറ്റ് ആകാനുള്ള യാത്രയിലെ അടുത്ത പ്രധാന പരീക്ഷ കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സിലക്‌ഷൻ സിസ്റ്റം (സിപിഎസ്എസ്) ആണ്. പൈലറ്റ് ആകാനുള്ള താൽപര്യവും മൾട്ടിടാസ്കിങ് ശേഷികളും പരിശോധിക്കുന്ന ഈ ടെസ്റ്റിൽ ഒരിക്കൽ പരാജയപ്പെട്ടാൽ പിന്നെ അവസരമില്ല.

 

∙ ഓഫിസറാകുന്നത് ഇങ്ങനെ

 

എല്ലാ കടമ്പകളും വിജയകരമായി കടന്ന കീർത്തനയ്ക്ക് 2021 സെപ്റ്റംബറിൽ ഹൈദരാബാദിനടുത്ത് ഡുണ്ടിഗൽ എയർഫോഴ്സ് അക്കാദമിയിൽ പരിശീലനം തുടങ്ങി. ആദ്യ ആറുമാസം ഗ്രൗണ്ട് ട്രെയിനിങ്. ഇതിൽ ശാരീരികക്ഷമത നിർണായകമാണ്. തുടർന്ന് രണ്ടു ഘട്ടങ്ങളിലായി ഒരു വർഷം ഫ്ലയിങ് ട്രെയിനിങ്. ശാരീരിക, മാനസിക ശേഷികൾ മെച്ചപ്പെടുത്താനുള്ള വിവിധ പരിശീലനങ്ങളുമുണ്ട്. ഒന്നര വർഷത്തെ പരിശീലനം പൂർത്തിയാക്കി കീർത്തന ഇപ്പോൾ ബെംഗളൂരു യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ കമ്മിഷൻഡ് ഫ്ലയിങ് ഓഫിസറാണ്. ഇനി ഒരു വർഷം കൂടി പരിശീലനം. അതുകഴിഞ്ഞാൽ പുതിയ ഉയരങ്ങളിലേക്ക്... കോലഞ്ചേരി കാണിനാട് നെടിയപ്പിള്ളി എൻ.സി ബാബു– ശ്രീകല ദമ്പതികളുടെ മകളാണ് കീർത്തന. ചേട്ടൻ യദു യുകെയിൽ ഫിറ്റ്നസ് ട്രെയിനറാണ്.

 

Content Summary : Inspired by A.P.J Abdulkalam Keerthana become airforce flying officer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com