വേണ്ടതിനെ തിരിച്ചറിയാതെ വേണ്ടാത്തതിനെ അന്വേഷിച്ച് നടക്കുന്നവരോട്; ആലോചനയില്ലാതെ അപകടത്തിൽപ്പെടരുത്...

HIGHLIGHTS
  • മായയാണ് ഏറ്റവും വലിയ പ്രലോഭനം.
  • പ്രപഞ്ചത്തിലില്ലാത്തതിനെ തേടിയുള്ള യാത്രയിലല്ല പലരും അപകടത്തിൽപെടുന്നത്.
599766074
Representative Image. Photo Credit : alphaspirit/istock
SHARE

കുറുക്കൻ രാവിലെ എഴുന്നേറ്റപ്പോൾ തന്റെ വലിയ നിഴൽ കണ്ടു. പലയിടങ്ങളിലേക്കു മാറിനിന്ന് നോക്കിയപ്പോഴും നിഴലുണ്ടായിരുന്നു. കുറുക്കൻ അഹങ്കാരത്തോടെ പറഞ്ഞു: ഇന്നെന്തായാലും ഈ ഒട്ടകത്തെ തിന്നണം. ഉച്ചവരെ ഒട്ടകത്തെ നോക്കി നടന്നെങ്കിലും കണ്ടില്ല. ഉച്ചയായപ്പോൾ കുറുക്കന്റെ ശ്രദ്ധ വീണ്ടും നിഴലിലായി. അതു വളരെ ചെറുതായിരുന്നു. കുറുക്കൻ പറഞ്ഞു: ഇനി ഈ എലിയെയെങ്കിലും കിട്ടിയാൽ മതിയായിരുന്നു.

Read Also : സ്നേഹിക്കാനും ബഹുമാനിക്കാനും കാരണം തേടുന്നവരോട്

മായയാണ് ഏറ്റവും വലിയ പ്രലോഭനം. ഉണ്ടെന്നു തോന്നിപ്പിക്കുകയും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒന്നാണത്. മോഹം ജനിപ്പിച്ച് ആളുകളെ തന്നിലേക്ക് അതാകർഷിക്കും. എന്തിനെയാണോ ആഗ്രഹിച്ചത് അത് എന്നെങ്കിലും ലഭിക്കാതിരിക്കില്ല എന്ന തെറ്റിദ്ധാരണയിൽ കൊളുത്തി മായ ദീർഘദൂരം സഞ്ചരിക്കും. 

പ്രപഞ്ചത്തിലില്ലാത്തതിനെ തേടിയുള്ള യാത്രയിലല്ല പലരും അപകടത്തിൽപെടുന്നത്; തനിക്കില്ലാത്തവയെയെല്ലാം സ്വന്തമാക്കാനുള്ള മൂഢശ്രമത്തിലാണ്. എല്ലാം എല്ലാവർക്കും അനുവദനീയമല്ല. ഇതുവരെ നേടാത്തതെല്ലാം നേടാനാണ് ഇനിയുള്ള ജീവിതമെന്നും അപരനുള്ളതെല്ലാം സ്വന്തമാക്കാത്തിടത്തോളം കാലം ജീവിതം നിരർഥകമാകുമെന്നുമുള്ള അപക്വചിന്തകളാണ് അനുദിന ജീവിതത്തിന്റെ ശോഭ കെടുത്തുന്നത്. 

അവസാന കാലത്തുപോലും ശോകമൂകമായിരിക്കുന്നവരോട് അവരുടെ ദുഃഖകാരണമന്വേഷിച്ചാൽ, വേണ്ടാത്തതിനെ അന്വേഷിച്ചു നടന്നതിന്റെയും വേണ്ടതിനെ തിരിച്ചറിയാതെ പോയതിന്റെയും കഥകളായിരിക്കും പങ്കുവയ്ക്കുക. 

ഇല്ലാത്തതു പലതും ഉണ്ടെന്നു കരുതി സ്വയം ആനന്ദിക്കുകയോ ഭയപ്പെടുകയോ ചെയ്യുകയാണ് മനസ്സിന്റെ വിനോദം. മതിഭ്രമങ്ങളുടെ പിന്നാലെ പോകുമ്പോഴാണ് യാഥാർഥ്യങ്ങൾ നഷ്ടമാകുന്നത്; അതു ലഹരിയായാലും ആഗ്രഹങ്ങളായാലും. 

അനാരോഗ്യകരമായ ആനന്ദാനുഭൂതികളുടെ പിന്നാലെ പായുന്ന എല്ലാവർക്കും തങ്ങളർഹിക്കുന്ന സന്തോഷങ്ങൾ കൂടി നഷ്ടമാകുകയേയുള്ളൂ. മരീചിക ഒരു തോന്നലാണെന്നു തിരിച്ചറിയാത്തവർ വെള്ളമന്വേഷിച്ചിറങ്ങും. ഇല്ലാത്തവയുടെ പിറകെ ഓടുമ്പോഴുള്ള ഏറ്റവും വലിയ പ്രശ്നം ഉള്ളതുംകൂടി നഷ്ടമാകും എന്നതാണ്. നിഴലിനെ ആരാധിക്കുന്നവർക്കു പ്രകാശത്തിന്റെ ഭംഗി നഷ്ടമാകും.

Content Summary : How to Resist Temptation and Grow Stronger

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS