ADVERTISEMENT

ഐടിയിലേയും മറ്റും ജോലി ഉപേക്ഷിച്ച് കൃഷി തുടങ്ങിയ മേഖലകളിലേക്കു തിരിഞ്ഞ ഒട്ടേറെപ്പേരുണ്ട്. ഇക്കൂട്ടത്തിൽ ചേർന്നിരിക്കുകയാണ് വെങ്കടസ്വാമി വിഘ്നേശ് എന്ന തമിഴ് യുവാവ്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപട്ടിയിൽ നിന്നുള്ള വിഘ്നേശിന് ബിരുദപഠനത്തിനു ശേഷം രാജ്യത്തെ പ്രമുഖ ഐടി കമ്പനിയിൽ ജോലി ലഭിച്ചു. പരമ്പരാഗതമായി കൃഷിക്കാരാണ് വിഘ്നേശിന്റെ കുടുംബം. വിഘ്നേശിന് ഐടി ജോലി കിട്ടിയതറിഞ്ഞ് കുടുംബാംഗങ്ങൾക്ക് വളരെ സന്തോഷമായി. 

Read Also : സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക്

ഇപ്പോൾ 27 വയസ്സുള്ള വിഘ്നേഷ് രണ്ട് വർഷം മുൻപ് കൃഷിയിലേക്കു തന്നെ തിരിഞ്ഞു. ഇവിടെയെങ്ങുമല്ല, ജപ്പാനിലെ ഒരു വഴുതന തോട്ടത്തിലാണ് ഇപ്പോൾ വിഘ്നേഷ് ജോലി ചെയ്യുന്നത്. ഐടി ജോലിയിൽ താൻ സമ്പാദിച്ചതിന്റെ ഇരട്ടി ഇന്നു തനിക്ക് ലഭിക്കുന്നുണ്ടെന്ന് വിഘ്നേഷ് പറയുന്നു. ലോക്ഡൗൺ സമയത്തായിരുന്നു താൻ കൃഷിയെ മനസ്സിലാക്കിയതും ഇതാണു തന്റെ ശരിയായ പാതയെന്ന് ഉറപ്പിച്ചതെന്നും വിഘ്നേഷ് പറയുന്നു. എന്നാൽ കുടുംബാംഗങ്ങൾക്ക് ഇതിനോട് വലിയ താൽപര്യമില്ലായിരുന്നു. 

 

സ്ഥിരശമ്പളമുള്ള ഐടി ജോലി ഉപേക്ഷിക്കുന്നതെന്തിനാണെന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ പിൻവാങ്ങാൻ വിഘ്നേശ് തയാറായിരുന്നില്ല. ജാപ്പനീസ് ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ വിഘ്നേശ് അഡ്മിഷനെടുത്തു. ജപ്പാനിൽ ജോലി കണ്ടെത്താനും ഈ ഇൻസ്റ്റിറ്റ്യൂട്ട് സഹായിക്കാറുണ്ട്. താരതമ്യേന യുവാക്കളുടെ കുറവ് അനുഭവപ്പടുന്ന സമൂഹമാണ് ജപ്പാൻ. യുവതലമുറയ്ക്ക് കൃഷിയിൽ ഇക്കാലത്ത് താൽപര്യം നന്നേ കുറവുമാണ്. അതിനാൽ തന്നെ മറ്റു രാജ്യങ്ങിൽ നിന്നുള്ള കൃഷിയിൽ താൽപര്യമുള്ള യുവാക്കൾക്ക് ജപ്പാനിൽ അവസരങ്ങൾ ഏറെയാണ്. 6 മാസത്തെ പരിശീലനത്തിനു ശേഷം വിഘ്നേശ് ജപ്പാനിലെത്തി വഴുതനത്തോട്ടത്തിൽ ജോലി നേടി.

 

ഐടി ജോലിയിലുള്ളതിന്റെ ഇരട്ടി ശമ്പളമാണ് തനിക്ക് ഇപ്പോൾ ലഭിക്കുന്നതെന്ന് വിഘ്നേശ് പറയുന്നു. താമസച്ചിലവും കമ്പനി നോക്കും. വിള സംരക്ഷിക്കുക, വിളവെടുക്കുക, സംസ്കരിക്കുക തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ വിഘ്നേശ് ഏർപെടുന്നുണ്ട്. ആധുനിക മെഷീനുകൾ ഉപയോഗിച്ചുള്ള കൃഷി രീതികളായതിനാൽ ആയാസം കുറവാണെന്ന് വിഘ്നേശ് പറയുന്നു. ഏതായാലും ഇപ്പോൾ വിഘ്നേശിന്റെ കുടുംബാംഗങ്ങൾക്ക് പുതിയ കരിയർ ചോയ്സിനോട് വലിയ എതിരഭിപ്രായമൊന്നുമില്ല.

 

Content Summary: Engineer Quits Job to Become Brinjal Farmer in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com