എഴുതിയ ആദ്യ പരീക്ഷയിൽ 4–ാം റാങ്ക്; വെറും 6 മാസത്തെ പഠനംകൊണ്ട് ഉയർന്ന റാങ്കുകൾ സ്വന്തമാക്കി ഷഹാന

HIGHLIGHTS
  • പ്ലസ്ടു വരെ പഠനത്തിൽ ശരാശരിയായിരുന്നു ഷഹ്ന.
  • 6 മാസത്തെ തയാറെടുപ്പിലൂടെ പിഎസ്‌സി പരീക്ഷയിൽ ഉന്നത റാങ്ക് നേടി.
Shahna
എസ്. ഷഹ്ന
SHARE

കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കാത്തു നിൽക്കുമ്പോൾ പോലും ഷഹ്നയുടെ കയ്യിലൊരു കുഞ്ഞ് നോട്ട് ബുക്കുണ്ടായിരുന്നു. അതിൽ സ്വന്തം കൈപ്പടയിൽ പല നിറങ്ങളിലുള്ള  പേനകൊണ്ടെഴുതിയ കുറിപ്പുകളും. പഠിച്ചു ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതിന്റെ നഷ്ടബോധമായിരിക്കാം പിൽക്കാലം ഷഹ്നയെക്കൊണ്ട് അങ്ങനെയൊരു തീരുമാനമെടുപ്പിച്ചത്. എത്ര കഷ്ടപ്പെട്ടു പഠിച്ചിട്ടെങ്കിലും ഒരു സർക്കാർ ജോലി നേടണമെന്ന ദൃഢനിശ്ചയമായിരുന്നു ആ കഷ്ടപ്പാടിനു പിന്നിൽ. അതിനു ലഭിച്ച ഫലമാണ്, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ എസ്. ഷഹ്ന സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഫിനാൻസ് വിഭാഗത്തിൽ കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലെ ജോലി. 

Read Also : സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക്

ആദ്യ പരീക്ഷ; നാലാം റാങ്ക്!

ആദ്യമെഴുതിയ എൽഡി ടൈപ്പിസ്റ്റ് പരീക്ഷയില്‍ തന്നെ നാലാം റാങ്കോടെയാണ് ഷഹ്ന പാസായത്. പിന്നീടെഴുതിയ കംപ്യൂട്ടർ അസിസ്റ്റന്റ്– സെക്രട്ടേറിയറ്റ്, യൂണിവേഴ്സിറ്റി കംപ്യൂട്ടർ അസിസ്റ്റന്റ്, വാട്ടർ അതോറിറ്റി, കമ്പനി ബോർഡ്, എസ്‌സി എസ്ടി ഡവലപ്മെന്റ് കോർപറേഷൻ ടൈപ്പിസ്റ്റ് പരീക്ഷകളിലും ഉയർന്ന റാങ്കുകൾ സ്വന്തമാക്കി. 

പ്ലസ്ടു കഴിഞ്ഞ് ഉന്നത പഠനത്തിനു പോകാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ ടൈപ്റൈറ്റിങ് കോഴ്സിനു ചേര്‍ന്നിരുന്നു, ഷഹ്ന. പിന്നീട് വിദൂരപഠനം വഴി ബികോം പാസായി. വിവാഹം കഴി‍ഞ്ഞ് രണ്ടു കുട്ടികളുടെ ഉമ്മയായതോടെ കുടുംബത്തിനു മെച്ചപ്പെട്ട വരുമാനം അനിവാര്യമായി. അങ്ങനെയാണ് പിഎസ്‌സി പരിശീലനത്തിനു ചേർന്നത്. 

ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും പിഎസ്‌സി പരീക്ഷാപഠനത്തിനായി നീക്കിവച്ചു. മാതാപിതാക്കളും ഭർത്താവും മക്കളും നൽകിയ പിന്തുണ സുപ്രധാനമായിരുന്നു. ആറുമാസമാണ് എൽഡിടൈപ്പിസ്റ്റ് പരീക്ഷയ്ക്കു തയാറെടുക്കാൻ ലഭിച്ചത്. പ്ലസ്ടു വരെ ശരാശരി വിദ്യാർഥിനിയായിരുന്ന ഷഹ്നയ്ക്ക് ആറുമാസം കൊണ്ടു പിഎസ്‌സി പരീക്ഷ എഴുതിയെടുക്കാൻ സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. 

പഠനത്തിൽ കൂടുതൽ സമയമല്ല വേണ്ടത്, കൂടുതൽ ചുറുചുറുക്കും വാശിയുമാണ്. അതുണ്ടെങ്കിൽ എത്ര ചുരുങ്ങിയ സമയം കൊണ്ടും പഠിക്കാം; ഏതു പ്രായത്തിലും ഏതു പരീക്ഷയെയും നേരിടാം, വിജയിക്കാം.

എസ്. ഷഹ്ന

പക്ഷേ, അക്ഷരാർഥത്തിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് ദിവസം 18 മണിക്കൂർ വരെ പഠിച്ചതിനു ഫലമുണ്ടായി. ഫെയ്സ്ബുക്കും വാട്സാപ്പും ടിവിയുമെല്ലാം വേണ്ടെന്നു വച്ചു. മൊബൈൽ ഫോൺ ഉപയോഗം പഠനത്തിനു മാത്രമായി ചുരുക്കി. 

ഉറക്കം നഷ്ടപ്പെടുത്തിയ പഠനം

അടുക്കളയിൽ പാചകം ചെയ്യുമ്പോഴും ഉറങ്ങാൻ പോകുമ്പോഴും വരെ ഓഡിയോ സ്റ്റഡി മെറ്റീരിയലുകൾ ഹെഡ്സെറ്റ് വച്ച് കേട്ടുപഠിച്ചുകൊണ്ടേയിരുന്നു. കോച്ചിങ് സ്ഥാപനത്തിൽ നിന്നുള്ള സ്റ്റഡി മെറ്റീരിയലുകൾക്കു പുറമേ സ്വന്തമായി നോട്ടുകൾ എഴുതി തയാറാക്കി. കിട്ടാവുന്നത്ര മാതൃകാചോദ്യങ്ങൾക്ക് ഉത്തരമെഴുതി പരിശീലിച്ചു. വാങ്ങിക്കൂട്ടിയ റാങ്ക് ഫയലുകളുടെ വലിപ്പവും അതിലെ പഠനഭാഗങ്ങളുടെ ആധിക്യവും കണ്ടു തളർന്നു പോയ ഷഹ്ന ഇതൊന്നും പഠിച്ചു തീർക്കാൻ തനിക്കു സാധിക്കില്ലെന്നാണ് ആദ്യം സ്വയം വിധിയെഴുതിയത്. എങ്കിലും വിട്ടുകൊടുക്കാൻ മനസ്സു വന്നില്ല. പഠിക്കാനുള്ള ഭാഗങ്ങൾ ഇരുപതോളം ചെറിയ ബുക്‌ലെറ്റുകളുടെ രൂപത്തിലാക്കിയതോടെ ആദ്യം തോന്നിയ ഭയം മാറി പഠനം വീണ്ടും ഉഷാറായി. പഠിച്ചതു പോരെന്ന അസംതൃപ്തി കാരണം പല രാത്രികളിലും ഉറക്കത്തിൽ ഞെട്ടിയുണർന്നു. വീണ്ടും വായിക്കാനിരുന്നു. ഉറക്കമിളച്ച എല്ലാ രാത്രികൾക്കുമൊടുവിൽ എല്ലാക്കാലത്തെയും സ്വപ്നജോലിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഷഹ്ന ഇപ്പോൾ. 

Content Summary : How Shahna got top ranks in PSC exams

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA