ADVERTISEMENT

രാജാക്കാട്∙ ശാരീരിക പരിമിതിയുള്ളതിനാൽ സ്കൂളിൽ പോകാൻ കഴിയാതെ വീട്ടിലിരുന്ന് പഠിച്ച് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇൻഫെന്റിനെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തി മെമന്റോ നൽകി ആദരിച്ചു. 

Read Also : ഫയർമാൻ പരീക്ഷയിൽ 100 ൽ 78 മാർക്ക് നേടി, സംസ്ഥാനതല റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക്...

മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ പിന്തുണയും നൽകിയ മന്ത്രി ഇൻഫെന്റുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്. കുഞ്ചിത്തണ്ണി മാലേക്കുന്നേൽ ഷൈജി, ഷാന്റി ദമ്പതികളുടെ ഇളയ മകനായ ഇൻഫന്റ് തോമസ് 5 വയസ്സു മുതൽ പേശികളിലെ കോശങ്ങൾ ക്ഷയിക്കുന്ന മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനാണ്. ചെറുതായി സംസാരിക്കാമെങ്കിലും 90% ശാരീരിക പരിമിതിയുള്ള‍ ഇൻഫന്റ് ജീവിത വഴിയിൽ മുന്നേറിയതെല്ലാം ചക്രക്കസേരയിൽ ഇരുന്നാണ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ ഇൻഫന്റ് തുടർന്ന് ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസിന് ചേർന്നു. 

 

ചലനശേഷിയില്ലെങ്കിലും കയ്യിൽ പേന പിടിച്ചു നൽകിയാൽ വടിവൊത്ത അക്ഷരങ്ങൾ കൊണ്ടു വേഗത്തിൽ ഉത്തര പേപ്പർ നിറയ്ക്കുന്ന ഇൻഫന്റ് സ്ക്രൈബിന്റെ സഹായമില്ലാതെയാണു പ്ലസ് ടു പരീക്ഷയെഴുതിയത്. 

തന്റെ മനസ്സിലുള്ള ആശയങ്ങൾ അതേപടി ഉത്തരകടലാസിൽ പകർത്താൻ സ്ക്രൈബിന് കഴിയില്ലെന്നാണ് ഇൻഫെന്റിന്റെ വിശ്വാസം. ഇൗ സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച ഏക വിദ്യാർഥിയും ഇൻഫെന്റാണ്. 

 

സഹോദരൻ ആഷിനാണ് ഇൻഫെന്റിനെ പഠനത്തിൽ സഹായിച്ചത്. ഓട്ടോഡ്രൈവറായിരുന്ന പിതാവ് ഷൈജി ഇൻഫെന്റിന്റെ പരിചരണത്തിനായി ജോലി ഉപേക്ഷിച്ചു. അമ്മ ഷാന്റി അങ്കണവാടി ജീവനക്കാരിയാണ്. 3 സെന്റിലുള്ള കൊച്ചു വീട്ടിലെ‍ ജീവിതപ്രാരാബ്ദങ്ങൾ മകന്റെ പഠനത്തിനു തടസ്സമാകാതിരിക്കാനുള്ള കഠിനപരിശ്രമത്തിലാണു മാതാപിതാക്കൾ. പോയിവരാനുള്ള സൗകര്യം കണക്കിലെടുത്ത് തുടർപഠനത്തിനായി ഇൻഫന്റ് മുല്ലക്കാനം സാൻജോ കോളജിൽ ബിബിഎക്ക് ചേർന്നിട്ടുണ്ട്.

 

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇൻഫെന്റിനെ അഭിനന്ദിക്കാൻ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ, സിറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരും മുൻപു കുഞ്ചിത്തണ്ണിയിലെത്തിയിരുന്നു.

 

Content Summary : Success story of infant who got full a plus in plus two exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com