ADVERTISEMENT

‘അങ്കിളിനെപ്പോലെയാകണം’–പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷകളിലെ ഒന്നാമനായ അഖിൽ ജോണിന്റെ ഇരട്ട വിജയത്തിനു പിന്നിലെ രഹസ്യം തേടിയാൽ ആ അന്വേഷണം ഈയൊരു കൊച്ചുസ്വപ്നത്തിൽ ചെന്നുനിൽക്കും. വിജിലൻസ് സബ് ഇൻസ്പെക്ടർ ആയിരുന്ന അങ്കിൾ വി.സി.ലൂക്കോസിനെപ്പോലെ പൊലീസ് യൂണിഫോം അണിയാനുള്ള തീവ്രമായ ആഗ്രഹത്തിന്റെ ചിറകിലേറിയാണ് വയനാട് മാനന്തവാടി സ്വദേശി അഖിൽ പിഎസ്‌സിയുടെ 2 എസ്ഐ ലിസ്റ്റുകളിലെ ‘ടോപ്പർ’ ആയത്. 

Read Also : ഫയർമാൻ പരീക്ഷയിൽ 100 ൽ 78 മാർക്ക് നേടി, സംസ്ഥാനതല റാങ്ക് ലിസ്റ്റിൽ

എഴുത്തുപരീക്ഷയിലെ 66.330 മാർക്കും ഇന്റർവ്യൂവിലെ 12 മാർക്കും ചേർത്ത് 78.330 മാർക്ക് നേടിയാണ് അഖിലിന്റെ ഇരട്ടവിജയം. പൊലീസ് സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനവും (ലിസ്റ്റിൽ രണ്ടാം റാങ്കെങ്കിലും പരീക്ഷയിലെ മാർക്ക് അടിസ്ഥാനത്തിൽ സംസ്ഥാനതല ഒന്നാമൻ) ആംഡ്പൊലീസ് സബ് ഇൻസ്പെക്ടർ ലിസ്റ്റിൽ ഒന്നാം സ്ഥാനവുമാണ് അഖിലിനു ലഭിച്ചത്. 

അണയാതെ സൂക്ഷിച്ച സ്വപ്നം

മാനന്തവാടി വടക്കേൽ ഹൗസിൽ വി.എം. ജോണിന്റെയും മോളിയുടെയും മകനാണ് അഖിൽ. വിദ്യാർഥികളായ അമൽ ജോൺ, അതുൽ ജോൺ എന്നിവർ സഹോദരങ്ങൾ. എറണാകുളം മഹാരാജാസ് കോളജിൽനിന്നു കെമിസ്ട്രിയിൽ പിജി ബിരുദം നേടിയശേഷമാണ് അഖിൽ പിഎസ്‌സി പരിശീലനരംഗത്തേക്കിറങ്ങിയത്. റെയ്സ് കോച്ചിങ് സെന്ററിൽ ഒരു വർഷം പരിശീലനം നടത്തി. ഇതിനിടെഎംആർഎഫിൽ ക്വാളിറ്റി അഷ്വറൻസ് സൂപ്പർ വൈസറായി ജോലി ലഭിച്ചതിനെ തുടർന്ന് ഹൈദരാബാദിനു വണ്ടി കയറി. 

കാക്കി യൂണിഫോം അണിയുക എന്ന സ്വപ്നം മനസ്സിൽ അണയാതെ കിടന്നതിനാൽ ജോലിക്കിടെ ലഭിക്കുന്ന സമയങ്ങളിലെല്ലാം പരിശീലനം തുടർന്നു. മൂന്നു വർഷത്തോളം ജോലിയിൽ തുടർന്നശേഷം നാട്ടിൽ തിരിച്ചെത്തി മുഴുവൻ സമയ പരിശീലനം തുടങ്ങി. സ്വന്തമായിട്ടായിരുന്നു പഠനം. തൊഴിൽവീഥിയും ഒാൺലൈൻ സംവിധാനങ്ങളും പ്ലസ്ടു വരെയുള്ള പാഠപുസ്തകങ്ങളും പഠനത്തിന് ഉപയോഗപ്പെടുത്തി.

ലിസ്റ്റുകളിലെ സ്ഥിരക്കാരൻ

ബിരുദനിലവാരത്തിൽ പിഎസ്‌സി അടുത്തിടെ പ്രസിദ്ധീകരിച്ച ധാരാളം റാങ്ക്/ഷോർട് ലിസ്റ്റുകളിൽ അഖിലിന്റെ പേരു കാണാം. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ലിസ്റ്റിൽ 356–ാം റാങ്ക്, പൊലീസ് ഫിംഗർ പ്രിന്റ് സെർചർ ലിസ്റ്റിൽ 19 –ാം റാങ്ക്, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് ലിസ്റ്റിൽ 159–ാം റാങ്ക് എന്നിങ്ങനെ നീളുന്നു വിജയമുദ്രകൾ. 

മാതൃകാപരീക്ഷകൾ സോൾവ് ചെയ്തുള്ള പരിശീലനം പിഎസ്‌സി തയാറെടുപ്പിൽ ഏറെ പ്രധാനമാണ്. തൊഴിൽവീഥിയിൽപ്രസിദ്ധീകരിച്ച മാതൃകാപരീക്ഷകൾ ഗംഭീരമായി തുണച്ചു. മാതൃകാപരീക്ഷകൾക്ക് ഉത്തരമെഴുതി പരിശീലിക്കുക എന്നത് മുടങ്ങാതെപഠനത്തിന്റെഭാഗമാക്കി. നിശ്ചിതസമയത്തിനുള്ളിൽപരീക്ഷ എഴുതി പൂർത്തിയാക്കാൻ ഇതുസഹായിച്ചു. തൊഴിൽവീഥിയിലെ കറന്റ് അഫയേഴ്സ് പംക്തികളും ഏറെ സഹായകമായി. തൊഴിൽവീഥി മാതൃകാപരീക്ഷകളിൽനിന്നും കറന്റ് അഫയേഴ്സ്വിഭാഗത്തിൽനിന്നും ധാരാളം ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകൾക്കു വന്നിരുന്നു.

എക്സൈസ് ഇൻസ്പെക്ടർ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടു കായികപരീക്ഷയും ജയിച്ചു നിൽക്കുകയാണിപ്പോൾ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ്, നാഷനൽ സേവിങ്സിൽ അസിസ്റ്റന്റ് ഡയറക്ടർ ഷോർട്‌ലിസ്റ്റുകളിലും ഉൾപ്പെട്ടിട്ടുണ്ട്. സർവകലാശാല അസിസ്റ്റന്റ്, എസ്ഐ തുടങ്ങിയ തസ്തികകളിലേക്ക് അടുത്തിടെ നടത്തിയ പൊതുപ്രാഥമിക പരീക്ഷ ഉൾപ്പെടെ വിവിധ പരീക്ഷകളുടെ ലിസ്റ്റുകളിലും ഇടം നേടുമെന്ന പ്രതീക്ഷയിലാണ് അഖിൽ. 

Content Summary : Kerala PSC SI Test Rankholder Akhil John Share his success secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com