ADVERTISEMENT

വുമൻ സിപിഒ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ. റിൻഷയുടെ നേട്ടത്തിനു പിന്നിൽ വർഷങ്ങളുടെ കാത്തിരിപ്പും കഠിനാധ്വാനവുമുണ്ട്. കണ്ണൂർ പിണറായിക്കാരിയായ കെ.റിൻഷ യുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസമാകുന്നേയുള്ളൂ. മലപ്പുറം സ്വദേശിയായ ഭർത്താവ് നിധീഷ് ബിഹാറിൽ ആർമിയിലാണ്. വിവാഹം കഴിഞ്ഞ് പട്ടാളജോലിക്കു മടങ്ങുമ്പോൾ നിധീഷ് റിൻഷയോടു പറഞ്ഞു: ‘മിടുക്കിയായിരിക്കണം’. വുമൻ സിപിഒ പരീക്ഷയിൽ സംസ്ഥാനതല ഒന്നാം റാങ്ക് നേടി റിൻഷ ഭർത്താവിന്റെ ആശംസ സഫലമാക്കി. ആദ്യം എഴുതിയ പരീക്ഷയിൽത്തന്നെ ഒന്നാം റാങ്ക് എന്ന റെക്കോർഡും ഒപ്പമുണ്ടായിരുന്നു! 

Read Also : എസ്ഐ പരീക്ഷയിൽ ഒന്നാമൻ; ഇരട്ട വിജയത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി അഖിൽ ജോൺ

അമ്മയ്ക്കാണ് ക്രെഡിറ്റ് 

 

ആദ്യമെഴുതിയ പിഎസ്‌സി പരീക്ഷയിൽ തന്നെ ഒന്നാം റാങ്ക്! റിൻഷ ഈ വിജയത്തിന്റെ ക്രെഡിറ്റ് അമ്മ വസന്തയ്ക്കാ ണ് സമ്മാനിക്കുന്നത്. റിൻഷയുൾപ്പെടെ മൂന്നു പെൺമക്കളാണ് വീട്ടിൽ. 2018ൽ അച്ഛൻ സുരാ‍ജന്റെ മരണത്തോടെ മൂന്നു പെൺമക്കളുടെയും ഉത്തരവാദിത്തം അമ്മയ്ക്കായി. പിണറായിയിലെ ബീഡിതെറുപ്പു തൊഴിലാളിയായിരുന്നു വസന്ത. പെൺമക്കളെ എങ്ങനെയെങ്കിലും വിവാഹം ചെയ്തയയ്ക്കാൻ തിടുക്കപ്പെടാതെ അവരുടെ ഉപരിപഠനത്തിനു വേണ്ടി വസന്ത രാപകൽ കഷ്ടപ്പെട്ടു. സ്വന്തം കാലിൽ നിൽക്കാൻ അവർക്ക് ഉറ പ്പുള്ളൊരു ജോലി വേണമെന്ന അമ്മയുടെ നിശ്ചയദാർഢ്യത്തിനൊപ്പം മക്കളുടെ കഠിനാധ്വാനവും കൂടിയായപ്പോൾ ആ പ്രതീക്ഷ സഫലമായി. മൂത്തമകൾ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായി. രണ്ടാമത്തെ മകൾ റെയിൽവേയിൽ ക്ലാർക്കായി. ഇളയ മകൾ റിൻഷ കൂടി സിപിഒ യൂണിഫോം അണിയുന്നതോടെ അമ്മയുടെ ഇത്രകാലത്തെ കഷ്ടപ്പാടുകൾക്കു കൂടിയാണ് അവസാനമാകുന്നത്.

 

കോച്ചിങ്ങില്ല; സ്വയംപഠനം

 

ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിയെടുത്ത ശേഷം അമ്മയെ സഹായിക്കാൻ ചില പ്രൈവറ്റ് ജോലികൾ ചെയ്യുകയായിരുന്നു റിൻഷ. അതിനിടയിൽ ചില കംപ്യൂട്ടർ കോഴ്സുകളും ചെയ്തു. എന്നാൽ എന്തെങ്കിലും ജോലി പോരാ, സർക്കാർ ജോലി തന്നെ വേണമെന്നു വാശിപിടിച്ച അമ്മ റിൻഷയെ പിഎസ്‌സി പഠനത്തിനു നിർബന്ധിക്കുക യായിരുന്നു. സാമ്പത്തിക ബാധ്യത കാരണം കോച്ചിങ് സ്ഥാപനങ്ങളിലൊന്നും പോകാതെ സ്വയം പഠനമായിരുന്നു. സ്വന്തമായി നോട്ടുകൾ തയാറാക്കി, സ്വന്തം ടൈംടേബിൾ പ്രകാരമായിരുന്നു പഠനം. തൊഴിൽവീഥി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും റാങ്ക് ഫയലും പ്രയോജനപ്പെടുത്തി. മുഴുവൻ സമയവും പിഎസ്‌സി പഠനത്തിനായി നീക്കിവച്ചു. മൂന്നു വർഷത്തെ പഠനത്തിനു ശേഷമാണ് റിൻഷ റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയത്. 

 

Content Summary : Rinsha got first rank in her first PSC exam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com