രണ്ട് ഒന്നാം റാങ്കുകൾ, ഏതു സർക്കാർ ജോലി തിരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിൽ സ്വാതി

HIGHLIGHTS
  • റാങ്ക് ഫയലുകളും മുൻകാല ചോദ്യ പേപ്പറുകളും ആവർത്തിച്ചു വായിച്ചു.
  • സിലബസ് മനസ്സിലാക്കിയുള്ള പഠനം പരീക്ഷ യിൽ സ്കോർ ചെയ്യാൻ ഏറെ സഹായിച്ചു.
sawathi
സ്വാതി. ചിത്രം : തൊഴിൽ വീഥി
SHARE

സ്പോർട്സ് ട്രാക്കിൽ പൊലിഞ്ഞ മെഡൽ മോഹം പിഎസ്‌സിയുടെ ട്രാക്കിൽ ഹാട്രിക് റാങ്ക് നേട്ടം കുറിച്ചു മറികടന്ന വിജയകഥയാണു മുൻ ലോങ് ജംപ് താരം കൂടിയായ വി.സി.സ്വാതിയുടേത്. കാൽമുട്ടിലെ പരുക്കിനെത്തുടർന്നു ജംപിങ് പിറ്റിലെ കരിയർ ഉപേക്ഷിക്കേണ്ടിവന്നതോടെയാണു സ്വാതി സർക്കാർ സർവീസ് ലക്ഷ്യമിട്ടത്. 

Read Also : 1.25 കോടി രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കിയതിങ്ങനെ; വിജയരഹസ്യം പങ്കുവച്ച് ധനൂപ്

2021ൽ വനിതാ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ നാലാം റാങ്ക് നേടിത്തുടങ്ങിയ പരിശ്രമം എൽഡി ക്ലാർക്ക്പരീക്ഷയിലും സബ് ഇൻസ്പെക്ടർ പരീക്ഷയിലും ഒന്നാം റാങ്കിന്റെ തിളക്കം കൈവരിക്കുമ്പോൾ ഏതു ജോലി തിരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിലാണു സ്വാതി.വീഴ്ചവാശിയാക്കി പഠനകാലത്തു ദേശീയ മീറ്റുകളിൽ വരെ പങ്കെടുത്തിട്ടുണ്ട്, കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ വി.സി.സ്വാതി. ലോങ് ജംപും ട്രിപ്പിൾ ജംപുമായിരുന്നു ഐറ്റം. ചങ്ങനാശേരി അസംപ്ഷൻ കോളജിൽനിന്നു ബിഎസ്‌സി മാത്‌സ് ബിരുദം നേടി എംഎ ഇംഗ്ലിഷിനു പഠിക്കുമ്പോൾ ഒരു മീറ്റിനിടെയായിരുന്നു പരുക്ക് വില്ലനായത്. ശസ്ത്രക്രിയയ്ക്കു ശേഷവും ഏറെക്കാലം വേദന തുടർന്നു. ‘ഇനി ഓട്ടവും ചാട്ടവുമൊക്കെ മതിയാക്കാം’ എന്നു ഡോക്ടർ പറഞ്ഞതോടെ സ്വാതിയുടെ മെഡൽ സ്വപ്നങ്ങൾ വീണുടഞ്ഞു.

തിരിച്ചടികളിൽ തളർന്നു പോകരുത്. . ഒരു വീഴ്ചയിൽ സ്വപ്നങ്ങളെല്ലാം അവസാനിപ്പിച്ചവളാണ് ഞാൻ. പക്ഷേ അത് ഒരവസരമാക്കി മാറ്റാൻ കഴിഞ്ഞു. പിഎസ്സി പരീക്ഷ ജയിക്കണമെന്നത് എനിക്കൊരു വാശിയായിരുന്നു. ഒരു മാരത്തണിനു തയാറെടുക്കുന്ന പോലെ ആത്മാർഥമായി ഞാൻ പഠിച്ചു. പിഎസ്സി പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ഒന്നിലേറെ ജോലികൾക്കുള്ള അവസരമാണ് നമുക്കു മുന്നിൽ തുറക്കുന്നത്. നന്നായി ശ്രമിച്ചാൽ ഏതെങ്കിലും ഒരു ജോലി കിട്ടാതിരിക്കില്ല. തൊഴിൽവീഥിയിലെ മാതൃകാപരീക്ഷകളും കറന്റ് അഫയേഴ്സ് പംക്തികളും മികച്ച റാങ്ക് നേടുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. പരമാവധി മാതൃകാ പരീക്ഷകൾ എഴുതിപ്പഠിച്ചതും ഏറെ പ്രയോജനപ്പെട്ടു.

വി.സി.സ്വാതി

ഇഷ്ടമേഖല പൊടുന്നനെ ഉപേക്ഷിക്കേണ്ടിവന്ന,നടക്കാൻതന്നെ പ്രയാസപ്പെട്ട ആ സമയത്തെ കടുത്ത മാനസിക സമ്മർദം മറികടക്കാനായാണു സ്വാതി പിഎസ്‌സി പരിശീലനത്തിലേക്കു തിരിഞ്ഞത്. ട്രാക്കിലെ തിരിച്ചടി സർക്കാർ ജോലി സ്വന്തമാക്കി മറക്കണമെന്ന വാശിയിൽ 2018ൽ ബാലുശ്ശേരിയിൽ കോച്ചിങ്ങിനു ചേർന്നു. റാങ്ക് ഫയലുകളും മുൻകാല ചോദ്യ പേപ്പറുകളും ആവർത്തിച്ചു വായിച്ചാണു പഠനം തുടങ്ങിയത്. പിന്നീട് എൻസിഇആർടി, എസ്‌സിഇആർടി പാഠപുസ്തകങ്ങൾ വായിച്ചു നോട്ടുകൾ തയാറാക്കി. സിലബസ് മനസ്സിലാക്കിയുള്ള പഠനം പരീക്ഷയിൽ സ്കോർ ചെയ്യാൻ ഏറെ സഹായിച്ചു. പഠനത്തിന്റെ പരേഡ് ഒരു ജോലി ഉറപ്പാക്കിക്കഴിഞ്ഞാലും, പ്രായവും സാഹചര്യവും അനുവദിക്കുമെങ്കിൽ തുടർന്നും പഠിക്കണമെന്നാണു സ്വാതിയുടെ അഭിപ്രായം.

ഒന്നര വർഷത്തോളം സിപിഒ ആയി സർവീസിലുണ്ടായിരുന്നു. പൊലീസ് ട്രെയിനിങ് കാലയളവിലാണ് എൽഡിസി, എസ്ഐ പരീക്ഷകൾക്കു തയാറെടുപ്പുകൾ നടത്തിയത്. പരിശീലനകാലത്തെ തിരക്കുകൾക്കിടയിലും പഠനത്തിൽ അണുവിട വിട്ടുവീഴ്ച നടത്തിയില്ലെന്നതിന്റെ തെളിവാണ് കോഴിക്കോട് ജില്ലയിലെ എൽഡിസി പരീക്ഷയിലെയും സംസ്ഥാനതല എസ്ഐ പരീ ക്ഷയിലെയും ഒന്നാം റാങ്ക് നേട്ടം. താമരശ്ശേരി അസിസ്റ്റന്റ് ലേബർ ഓഫിസിൽ എൽഡി ക്ലാർക്കാണ് സ്വാതി ഇപ്പോൾ. ഭർത്താവ് എം.എൻ.അഖിലേഷ് കെഎസ്എഫ്ഇ നടക്കാവ് ബ്രാഞ്ചിൽ ജൂനിയർ അസിസ്റ്റന്റാണ്. 

Content Summary : PSC Rank holder Swati's Success story

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS