ADVERTISEMENT

വിജയം ഇരട്ട ‘സല്യൂട്ട്’ നൽകിയതിന്റെ ആഹ്ലാദത്തിലാണ് തിരുവനന്തപുരം മടത്തറ ‘സോപാനം’ വീട്. ഇവിടുത്തെ വൃന്ദ, നന്ദ സഹോദരിമാർ കേരള പൊലീസ് സർവീസിൽ ഒരുമിച്ച് ഒരേ ബാച്ചിൽ വനിതാ സിവിൽ പൊലീസ് ഓഫിസർമാരായി ചുമതലയേറ്റതിന്റെ ആഘോഷത്തിലാണ് കുടുംബം.

Read Also : സഹകരണ ബാങ്ക് പരീക്ഷയിൽ ഒന്നാം റാങ്ക്

എന്നും ഒരുമിച്ച് 

രാജീവ് കുമാർ–ഷീബ ദമ്പതികളുടെ മക്കളായ ആർ.എസ്.വൃന്ദയും ആർ.എസ്.നന്ദയും സ്കൂൾ മുതൽ കോളജ് വരെ ഒരുമിച്ചായിരുന്നു പഠനം. കുട്ടിക്കാലം മുതൽ പരസ്പരം പ്രോത്സാഹനവും പിന്തുണയും നൽകിയാണ് ചേച്ചിയും അനുജത്തിയും വളർന്നത്. പ്ലസ്ടുവിനു വൃന്ദ ഹ്യുമാനിറ്റീസ് തിരഞ്ഞെടുത്തപ്പോൾ നന്ദയുടെ താൽപര്യം സയൻസ് ഗ്രൂപ്പ് ആയിരുന്നു. തുടർന്ന് വൃന്ദ ബിഎ ഇംഗ്ലിഷ് പഠിച്ചപ്പോൾ നന്ദ ബിഎസ്‌സി ഫിസിക്സിനു ചേർന്നു. ഇരുവരും ഒരുമിച്ചാണു സർക്കാർ ജോലിക്കു തയാറെടുപ്പുകൾ തുടങ്ങിയത്. തൃശൂർ പൊലീസ് ക്യാംപിൽ പരിശീലനത്തിലുള്ള  ഇരുവരോടും വിജയരഹസ്യം തേടിയാലും ഒരേ ഉത്തരം–തൊഴിൽവീഥിക്കും കടയ്ക്കൽ ഇൻസ്പയർ പിഎസ്‌സി കോച്ചിങ് കേന്ദ്രത്തിനുമാണു ചേച്ചിയും അനുജത്തിയും ഒരേ സ്വരത്തിൽ വിജയത്തിന്റെ ക്രെഡിറ്റ് പങ്കുവയ്ക്കുന്നത്.

 

പരിശീലനകുടുംബം

പൊലീസ് ജോലിതന്നെ വേണമെന്നു തീരുമാനിച്ചാണു വൃന്ദ പിഎസ്‌സി പഠനം തുടങ്ങിയത്. ഇതിനു മുൻപത്തെ സിപിഒ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കൽ ടെസ്റ്റിൽ അടിതെറ്റി. പഠനം തുടരുന്നതിനിടെയാണു വിവാഹം.   കടയ്ക്കൽ പിഎസ്‌സി കോച്ചിങ് സ്ഥാപനം നടത്തുന്ന സുജിനെ വിവാഹം ചെയ്തതു വൃന്ദയുടെ പഠനവഴിയിലെ ടേണിങ് പോയിന്റായി. പഠനം കൂടുതൽ ഗൗരവത്തോടെ കാണാൻ സുജിൻ സഹായിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ ഭർത്താവിനൊപ്പം പഠിച്ചും പഠിപ്പിച്ചും പരിശീലനം ഊർജിതമാക്കിയ വൃന്ദ അനുജത്തിയെയും പിഎസ്‌സിയുടെ വഴിയേ നടത്തിച്ചു. നന്ദയ്ക്കു യൂണിഫോം തസ്തിക തന്നെ വേണമെന്നു നിർബന്ധമില്ലായിരുന്നു. ആദ്യ നിയമന ശുപാർശ ലഭിച്ചത് സിപിഒ തസ്തികയിലേക്കായതു യാദൃച്ഛികത മാത്രം. 

Read Also : സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്ക്

വലിച്ചുവാരി പഠിക്കുന്നതാണ് പലർക്കും പറ്റുന്ന അബദ്ധം. സിലബസ് അറിഞ്ഞ് പഠിക്കണം. പാഠപുസ്തകങ്ങളും ആഴത്തിൽ പഠിക്കണം. ആധികാരികത ഉറപ്പാക്കി വേണം പഠനം. തെറ്റില്ലാതെ പഠിക്കാനും നിലവാരമുള്ള പഠനത്തിനും തൊഴിൽവീഥി ഗുണം ചെയ്തു. തൊഴിൽവീഥിയിൽ വിഷയം തിരിച്ചു പ്രസിദ്ധീകരിക്കുന്ന പരിശീലന പേജുകൾ വെട്ടിയെടുത്തു ബൈൻഡ് ചെയ്തു സൂക്ഷിച്ചത് ഏറെ ഉപകരിച്ചു. കോംപറ്റീഷൻ വിന്നറിലെ കറന്റ് അഫയേഴ്സ് പംക്തികളും തുണച്ചു.

എസ്എസ്‌സി എഴുത്തുപരീക്ഷ നല്ല മാർക്കോടെ ജയിച്ചിട്ടും ഫിസിക്കൽ ടെസ്റ്റ് പാസാകാൻ കഴിയാത്തതിന്റെ നിരാശയ്ക്കിടെയാണു നന്ദയുടെ ഈ വിജയം. ഫയർവുമൺ റാങ്ക് ലിസ്റ്റിലും വൃന്ദയുണ്ട്. ബവ്കോ ഉൾപ്പെടെ പരീക്ഷകളുടെ ഫലം കാക്കുന്ന വൃന്ദ എസ്ഐ മെയിൻ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ്. തുടർന്നും പിഎസ്‌സി പരീക്ഷകൾ എഴുതി കൂടുതൽ മെച്ചപ്പെട്ട ജോലി നേടാനുള്ള ആവേശത്തിലാണ് ഇരുവരും. 

 

പഠനം ആഴത്തിൽ 

പഠനരീതിയിലും ഒരേ തൂവൽ പക്ഷികളാണു വൃന്ദയും നന്ദയും. വ്യക്തമായും വിശദമായും പഠിക്കുക എന്ന നയം ഇരുവരും പിന്തുടർന്നു. പാഠഭാഗങ്ങൾ ‘ഓടിച്ചു’ മറിച്ചു നോക്കുന്നതിനേക്കാൾ ‘സാവകാശ’മുള്ള പരന്ന പഠനമാണു പ്രയോജനകരമെന്ന് ഇരുവരും വ്യക്തമാക്കുന്നു. പരസ്പരം ചോദിച്ചും മത്സരിച്ച് ഉത്തരങ്ങൾ കണ്ടെത്തിയും വാശിയോടെയായിരുന്നു ഇരുവരുടെയും പഠനം. തൊഴിൽവീഥിയിലെ മാതൃകാപരീക്ഷകൾ ഇരുവരും മത്സരിച്ചു സോൾവ് ചെയ്തു.

 

Content Summary : Sisters Achieve Remarkable Feat: Study and Land Jobs Together as Women Civil Police Officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com