1.25 കോടിരൂപയുടെ മേരി ക്യൂറി സ്കോളർഷിപ് സ്വന്തമാക്കി ഷഹാസ്
Mail This Article
ആലപ്പുഴ ∙ ഹരിപ്പാട് സ്വദേശി ഷഹാസ് എസ്.ഹമീദിന് 1.25 കോടി രൂപയുടെ മേരി സ്ക്ലോഡോവ്സ്ക ക്യൂറി ആക്‌ഷൻസ് സ്കോളർഷിപ് ലഭിച്ചു. ഫ്രാൻസിലെ ഇകോൾ സെൻട്രലെ ഡി ലിയോൺ സർവകലാശാല, ഓസ്ട്രേലിയയിലെ സ്വിൻബേൺ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി എന്നിവിടങ്ങളിലായി പിഎച്ച്ഡി ഗവേഷണം നടത്താം. ഇന്റഗ്രേറ്റഡ് നോൺ ലീനിയർ ഒപ്റ്റിക്സ് ആണു വിഷയം.
ഓസ്ട്രേലിയ– ഫ്രാൻസ് നെറ്റ്‌വർക് ഓഫ് ഡോക്ടറൽ എക്സലൻസ് (ഓഫ്രാൻഡെ) എന്ന പദ്ധതി വഴിയാണ് രണ്ടു രാജ്യങ്ങളിലെ സർവകലാശാലകളിലായി ഗവേഷണത്തിന് അവസരമൊരുങ്ങിയത്. ആദ്യ രണ്ടു വർഷം ഫ്രാൻസിലും തുടർന്നുള്ള ഒരു വർഷം ഓസ്ട്രേലിയയിലുമാകും ഗവേഷണം. രണ്ടു പിഎച്ച്ഡി ബിരുദവും ഒരുമിച്ചു ലഭിക്കും. കൊച്ചി സർവകലാശാലയിൽ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എംഎസ്‌സി ഫോട്ടോണിക്സ് പഠിച്ച ഷഹാസ്, ഹരിപ്പാട് ചിങ്ങോലി ആയിക്കാട് തൗഫീഖ് മൻസിലിൽ വിമുക്തഭടൻ ഷാഹുൽ ഹമീദിന്റെയും ഷൈബത്തിന്റെയും മകനാണ്.