ADVERTISEMENT

വിദ്യാഭ്യാസം ജീവിതത്തിനുള്ള തയാറെടുപ്പല്ല, വിദ്യാഭ്യാസം തന്നെയാണു ജീവിതം’  ഈ വാക്കുകൾ ഡോ.രാജഗോപാൽ കെ. നായരെ സംബന്ധിച്ചിടത്തോളം അക്ഷരം പ്രതി ശരിയാണ്. അല്ലെങ്കിൽ 70–ാം വയസ്സിലും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കംപ്യൂട്ടർ സയൻസ് വകുപ്പിലെ എംടെക് ക്ലാസിൽ കൊച്ചുമക്കളുടെ പ്രായത്തിലുള്ള കുട്ടികൾക്കൊപ്പം പഠിക്കാൻ എത്തില്ലല്ലോ? ക്ലാസിലേക്കു കോളജ് കുമാരനെപ്പോലെ ബാഗും തൂക്കി കയറിവന്ന രാജഗോപാൽനായരോട് ഇതിന്റെ ആവശ്യമുണ്ടോയെന്നു സഹപാഠികളും ചോദിച്ചു. അറിവു നേടുന്നതിനു പ്രായം കടമ്പയല്ലല്ലോയെന്ന് രാജഗോപാൽ. ഇപ്പോൾ അവരും രാജഗോപാലും ‘കട്ട’ ചങ്ങാതിമാരാണ്. 

1970ൽ പ്രീഡിഗ്രി പാസായ ശേഷം ദേശമംഗലത്തു നിന്നു തുടങ്ങിയതാണു ജീവിതവും തൊഴിലും കൂട്ടിയിണക്കി ക്കൊണ്ടുള്ള രാജഗോപാൽ നായരുടെ യാത്ര. 2 എംബിഎ ഉൾപ്പെടെ 7 മാസ്റ്റേഴ്സ് ഡിഗ്രിയും ഒരു എംഫിലും ഒരു പിഎച്ച്ഡിയും 4പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമയും കൈവശമുണ്ട്. എൻജിനീയറിങ് വിഷയങ്ങളിലാണു 3 മാസ്റ്റേഴ്സ് ഡിഗ്രിയും. കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടുന്നതിനുള്ള അന്തിമ ഘ‌ട്ടത്തിലാണ്.  എട്ടാമത്തെ മാസ്റ്റേഴ്സ് ഡിഗ്രിയെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തോടു ‘ഇവനെന്തിന്റെ കേടെന്നു’ ചോദിച്ചവരും നെറ്റിചുളിച്ചവരും ഉണ്ട്. കുസാറ്റിൽ നിന്നൊരു ഡിഗ്രി എടുക്കണമെന്നതു ജീവിതാഭിലാഷമായി കൊണ്ടുനടന്നതും കുസാറ്റിന്റെ ആഗോള അംഗീകാരവുമാണ് 70–ാം വയസ്സിൽ രാജഗോപാലിനെ കുസാറ്റിലെത്തിച്ചത്. 

ഐടി രംഗത്തിന്റെ വളർച്ചക്കൊപ്പമായിരുന്നു രാജഗോപാലിന്റെ യാത്ര. കാലാകാലങ്ങളിൽ ചെയ്ത ജോലികളുടെ സ്വഭാവവുമായി ബന്ധപ്പെട്ടാണു രാജഗോപാലൻനായരുടെ ഓരോ ബിരുദാനന്തര ബിരുദവും. 2 ലക്ഷം രൂപ മാസ ശമ്പളവും പ്രശസ്തമായൊരു കോളജിന്റെ പ്രിൻസിപ്പൽ സ്ഥാനവും ത്യജിച്ചാണു രാജഗോപാൽ കുസാറ്റിൽ എംടെക് കംപ്യൂട്ടർ സയൻസ് (എഐ ആൻഡ് എസ്ഇ) പഠിക്കാനെത്തിയിട്ടുള്ളത്.

ഭാഷാ വിദഗ്ധൻ

സംസ്കൃതവും ഫ്രഞ്ചുമുൾപ്പെടെ 6 ഭാഷ അറിയാം. സംസ്കൃത ഗ്രന്ഥങ്ങളിലെ ഗണിതവുമായി ബന്ധപ്പെട്ട ആശയങ്ങൾ കംപ്യൂട്ടറുമായി കൂട്ടിയോജിപ്പിക്കുന്ന ഗവേഷണ വിവരങ്ങൾ ഉൾപ്പെടുന്ന 4 പുസ്തകം പ്രസിദ്ധീകരിച്ചു. നാലിന്റെയും പ്രസാധകർ മകൾ സംയുക്ത നായർ ചുമതല വഹിക്കുന്ന പേപ്പർ ലാന്റേൺ ബുക്സാണ്. 

സംസ്കൃത ഗ്രന്ഥങ്ങളിൽ മറഞ്ഞുകിടക്കുന്ന സയൻസ്, ടെക്നോളജി, എൻജിനീയറിങ്,മാത്തമാറ്റിക്സ് (സ്റ്റെം) എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനു തയാറെടുക്കുകയാണ് അദ്ദേഹം. 

വ്യവസായി

ചെന്നൈ ആസ്ഥാനമായ രണ്ടു സ്ഥാപനങ്ങളുടെ ഉടമസ്ഥനാണു രാജഗോപാൽ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ ഇന്റർഡിസിപ്ലിനറി സ്റ്റഡീസും (ഐറിസ്) സോഫ്റ്റ്‌വെയർ കമ്പനിയായ മിഡ്‌ലാൻഡ്സ് സിസ്റ്റംസ് ആൻഡ് ഓട്ടമേഷൻ ടെക്നോളജീസും. ഇതിൽ ഐറിസിന് സെന്റർ ഫോർ സാൻസ്ക്രിറ്റ് ആൻഡ് റിസർച് (സിഎസ്എസ്ആർ), സെന്റർ ഫോർ സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് എൻജിനീയറിങ് (സിഎസ്എസ്ഇ)എന്നീ ശാഖകളുണ്ട്. രാജഗോപാൽ പഠനത്തിന് ഇറങ്ങിത്തിരിച്ചപ്പോൾ സ്ഥാപനങ്ങളുടെ മേൽനോട്ടം ഭാര്യ മീനാക്ഷി നായർക്കാണ്. മീനാക്ഷി നായർ ഇംഗ്ലിഷ് ലിറ്ററേച്ചറിൽ എംഫിൽ ബിരുദം നേടിയിട്ടുണ്ട്. 

rajagopal-nair
കുസാറ്റിൽ രാജഗോപാലിന്റെ സഹപാഠികളിൽ ചിലർ

കണ്ടുപഠിക്കണം

രാജഗോപാലിന്റെ ജീവിതം നിരീക്ഷിക്കുമ്പോൾ ഈ മനുഷ്യൻ എപ്പോഴെങ്കിലും വിശ്രമിച്ചിട്ടുണ്ടോയെന്നു സംശയം തോന്നാം. എഴുപതാം വയസ്സിലും ഊർജസ്വലൻ. നിത്യേനയുള്ള നടത്തവും യോഗയും നിർബന്ധം . ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കണ്ണ‌ട ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. കുസാറ്റിൽ പഠിക്കുന്നതോടൊപ്പം കുസാറ്റിനെ മെച്ചപ്പെടുത്താനുള്ള ആശയങ്ങളും മനസ്സിൽ പേറിയാണു ക്യാംപസിലൂടെയുള്ള നടത്തം. ചെന്നൈ വടപളനിയിലാണു രാജഗോപാലും കുടുംബവും വർഷങ്ങളായി താമസിക്കുന്നത്.

പൈയുടെ മൂല്യം

ദേശമംഗലം വാളേരി അപ്പുക്കുഞ്ഞൻനായരുടെയും കാക്കിരിയത്ത് രാധാലക്ഷ്മിയുടെയും 7മക്കളിൽ രണ്ടാമനാണു രാജഗോപാൽ. 1953 ജൂലൈ 22നാണു ജന്മദിനം. ഗണിതശാസ്ത്രപരമായി ഒരു പ്രത്യേകതയും ഈ അക്കങ്ങൾക്കുണ്ട്. (22/7). ഗണിതത്തിൽ ഈ സംഖ്യ പൈയുടെ മൂല്യമാണ്. ഗണിതത്തെ ഏറെ സ്നേഹിക്കുന്ന രാജഗോപാലിന്റെ ജന്മദിനത്തിന്റെ ഈ പ്രത്യേകത യാദൃശ്ചികം. പക്ഷേ സ്കൂൾ റജിസ്റ്ററിൽ ജന്മദിനം രേഖപ്പെടുത്തിയത് 1952 ഡിസംബർ 16 എന്നാണ്. സ്കൂളിൽ ചേരുന്നതിന് ഒരു വർഷം നഷ്ടമാകാതിരിക്കാൻ അധ്യാപകനും മുത്തച്ഛനും ചേർന്നെടുത്ത ഉപദ്രവമില്ലാത്ത ഒരു തീരുമാനമായിരുന്നു അത്. എന്നാൽ ജന്മദിനം ആഘോഷിക്കുന്നതു ജൂലൈയിലെ 22 തന്നെ.

1913ൽ ആരംഭിച്ച ദേശമംഗലം ഗവ.ഹൈസ്കൂളിലെ ആദ്യ എസ്എസ്എൽസി ബാച്ചിലെ (1968) ആദ്യ ഫസ്റ്റ്ക്ലാസു കാരനും സ്കൂൾ ടോപ്പറുമായിരുന്നു രാജഗോപാൽ. സ്കൂൾ തലത്തിൽ എല്ലാ ക്ലാസിലും ഒന്നാമനായിരുന്നു. രാജഗോപാലിലെ കഴിവിനെ തിരിച്ചറിഞ്ഞയാളായിരുന്നു ക്ലാസ് ടീച്ചറായ തിമോത്തി മാഷ്. തിമോത്തിമാഷും മുത്തച്ഛൻ കാക്കിരിയേത്ത് കൃഷ്ണൻനായരും ഹെഡ്മാസ്റ്ററായ കുപ്പത്തു രാഘവമേനോനും തന്നെ സ്വാധീനിച്ച 3 വ്യക്തികളാണെന്നു രാജഗോപാൽ ഓർമിക്കുന്നു. 

ഇൻഫർമേഷൻ ടെക്നോളജിയിൽ 20 വർഷത്തെ പ്രവർത്തി പരിചയം. (1986 മുതൽ 2006 വരെ). ഇന്ത്യയിലെ മൂന്നാമത്തെ വൻകിട സോഫ്റ്റ്‌വെയർ കയറ്റുമതി കമ്പനിയുടെ വൈസ്പ്രസിഡന്റായിരിക്കെയാണു ജോലി വിട്ട് അക്കാദമിക് രംഗത്തേക്കു തിരിഞ്ഞത്. ഇതിനിടെ ഡൽഹിയിൽ പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടർ എയ്ഡഡ് നോളജുമായി ഒരുവർഷം സഹകരിച്ചു പ്രവർത്തിച്ചു. എച്ച്സിഎൽ ഗ്രൂപ്പ്, മോദി ഗ്രൂപ്പ് എന്നിവയുടെ ഗ്രൂപ്പ്മാനേജരായും പ്രവർത്തിച്ചു.

തൊഴിൽ രംഗത്തെ പ്രാഗത്ഭ്യം കണക്കിലെടുത്തു രാജഗോപാലിനു യുജിസി 2006ൽ നേരിട്ടു പ്രഫസർ നിയമനം നൽകി. അണ്ണാ സർവകലാശാലയിൽ എംഇ സോഫ്റ്റ്‌വെയർ എൻജിനീയറിങ്, എംഇ സിസ്റ്റംസ് എൻജിനീയറിങ്, എംബിഎ കോഴ്സുകൾ പഠിപ്പിച്ചു. അണ്ണാ സർവകലാശാലയ്ക്കു കീഴിൽ കോളജുകളിൽ വൈസ് പ്രിൻസിപ്പലായും പ്രഫസറായും ഐടി ഉപദേശകനായും കൺസൽറ്റന്റായും പ്രവർത്തിച്ചു. എസ്ആർഎം യൂണിവേഴ്സിറ്റി, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായി. തമിഴ്നാട് സർക്കാരിന്റെ സംരംഭക വികസന ഇൻസ്റ്റിറ്റ്യൂട്ടിൽ (ഇഡിഐ) പ്രോഗ്രാം മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. 

Content Summary:

From Principal to Student: How Rajagopal Nair Left it All Behind to Pursue His Dreams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com