ADVERTISEMENT

ജർമനിയിലെ ബയ്‌റോയത് സർവകലാശാലയിൽ നീണ്ട 30 വർഷങ്ങളുടെ ഗവേഷണ കരിയറിനുടമയാണ് മലയാളിയായ ഡോ. മുകുന്ദൻ തേലക്കാട്ട്. സർവകലാശാലയിലെ അധ്യാപന ദൗത്യം അടുത്തിടെ അവസാനിച്ചെങ്കിലും ഗവേഷണത്തിൽ തുടരുകയാണ് ഡോ.മുകുന്ദൻ. ഈ സർവകലാശാലയുടെ അപ്ലൈഡ് ഫങ്ഷനൽ പോളിമർ വിഭാഗത്തിൽ ഗവേഷകനും പ്രഫസറുമാണ് അദ്ദേഹം.

പോളിമർ കെമിസ്റ്റായ അദ്ദേഹം സൗരോർജത്തെ വൈദ്യുതിയാക്കി മാറ്റുന്ന പ്ലാസ്റ്റിക്കുകളുടെ നിർമാണം (ഓർഗാനിക് ഫോട്ടോവോൾട്ടായിക്‌സ്), അവശിഷ്ട താപത്തെ വൈദ്യുതിയാക്കി മാറ്റുന്ന പോളിമർ തെർമോഇലക്ട്രിക്‌സ്, പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബയോസെൻസറുകൾ തുടങ്ങിയ മേഖലകളിലാണ് ഗവേഷണം നടത്തുന്നത്.

ഊർജങ്ങളുടെ അവസ്ഥമാറ്റം, സംഭരണം തുടങ്ങിയവ ചെയ്യുന്ന ഇന്റലിജന്റ് പോളിമർ വസ്തുക്കൾ നിർമിക്കുന്നതിലും വൈദ്യുതിയെ പ്രകാശരൂപത്തിലേക്കു മാറ്റാൻ കഴിവുള്ള സങ്കീർണമായ പ്ലാസ്റ്റിക്കുകൾ നിർമിക്കുന്നതിലും അദ്ദേഹം വിജയിച്ചു. ഒരു ശരിയായ ശാസ്ത്രജ്ഞനെന്നാൽ മികച്ച കലാകാരനാണെന്നാണ് തന്റെ ജോലിയെപ്പറ്റി പ്രഫ. മുകുന്ദന്റെ അഭിപ്രായം.

1988 ൽ ഇന്ത്യൻ സർക്കാരിന്റെ റിസർച് ഫെലോഷിപ് നേടിയാണ് മുകുന്ദൻ ജർമനിയിലെ യെനയിലെത്തിയത്. ഈ ഫെലോഷിപ് നേടിയ 7 ഇന്ത്യക്കാരിൽ ഒരാളായിരുന്നു മുകുന്ദൻ. ഡോക്ടറേറ്റ് നേടുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1989 ഫെബ്രുവരിയിൽ യെനയിലെ ഫ്രഡറിഖ് ഷില്ലർ സർവകലാശാലയിൽ അദ്ദേഹം പ്രകാശ ബഹിർസ്ഫുരണം നടത്തുന്ന പ്രത്യേക പ്ലാസ്റ്റിക്കുകളെപ്പറ്റി ഗവേഷണം തുടങ്ങി. ഒഎൽഇഡി ഡിസ്‌പ്ലേയുടെ ആദ്യകാല ആശയമായിരുന്നു അന്ന്. അന്ന് ജർമനി രണ്ടായി വിഭജിച്ച നിലയിലായിരുന്നു. കിഴക്കൻ ജർമനിയിലാണ് മുകുന്ദനെത്തിയത്.

പിൽക്കാലത്ത് സോളർ സെല്ലുകളുടെ ഗവേഷണത്തിലേക്കു മുകുന്ദൻ തിരിഞ്ഞു. 25 വർഷത്തോളം ഈ മേഖലയിൽ അദ്ദേഹം ഗവേഷണം നടത്തി. യൂറോപ്യൻ യൂണിയൻ, ജർമൻ റിസർച് ഫൗണ്ടേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നു ഫണ്ടിങ് ലഭിച്ചു. സീമൻസ്, ബിഎഎസ്എഫ് തുടങ്ങിയ കമ്പനികളുമായും അദ്ദേഹം ഗവേഷണത്തിൽ സഹകരിച്ചു.

prof-mukundan-with-his-wife
പ്രഫസർ മുകുന്ദൻ ഭാര്യ ബേർബൽ മോതസിനൊപ്പം

ഡോക്ടറേറ്റ് നേടിയശേഷം ഇന്ത്യയിലേക്കു തിരികെവരാൻ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ യെനയിൽവച്ച് അദ്ദേഹം ബേർബൽ മോതസ് എന്ന ജർമൻ യുവതിയെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. ജർമൻ ഭാഷയിലുള്ള പ്രാവീണ്യം സൗഹൃദങ്ങൾ നേടുന്നതിലും അവിടെ ജീവിതം കെട്ടിപ്പടുക്കുന്നതിലും അദ്ദേഹത്തെ സഹായിച്ചു.

പാലക്കാട് കോനൻചേരിയിൽ ഒരു കുടുംബത്തിലെ 9 മക്കളിൽ ഒരാളായാണു മുകുന്ദൻ ജനിച്ചത്. 1980ൽ മെറിറ്റോടെ എംഎസ്‌സി പാസായി, ആദ്യറാങ്കും കരസ്ഥമാക്കിയിരുന്നു. പിന്നീട് 7 വർഷത്തോളം എൻഎസ്എസ് കോളജുകളിൽ ജോലി നോക്കി. 1987 ൽ കേരള സർവകലാശാലയിൽ നിന്നാണ് മുകുന്ദൻ എംഫിൽ പൂർത്തീകരിച്ചത്. പിൽക്കാലത്ത് ജർമനിയിലേക്കു പോയി. 1995 ലാണ് മുകുന്ദനും കുടുംബവും ബയ്‌റോയതിലേക്കു മാറിയത്. വിസിറ്റിങ് സയന്റിസ്റ്റായാണ് അദ്ദേഹം അവിടെ പ്രവർത്തിച്ചത്. 2006 ൽ അപ്ലൈഡ് ഫങ്ഷനൽ പോളിമർ വിഭാഗത്തിലെ പ്രഫസറായി.

prof-mukundan-with-family
പ്രഫസർ മുകുന്ദൻ കുടുംബത്തോടൊപ്പം.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി പുതിയ വിഷയങ്ങളിലാണ് മുകുന്ദന്റെ ഗവേഷണം. പാഴായിപ്പോകുന്ന താപോർജത്തെ എങ്ങനെ വൈദ്യുതിയാക്കാം തുടങ്ങിയവയാണ് ഗവേഷണ വിഷയം. ഫിലിമുകളെ അടിസ്ഥാനപ്പെടുത്തിയാണ് മുകുന്ദന്റെ പഠനങ്ങൾ. ഭാവിയെ മാറ്റിമറിക്കുന്ന ഗവേഷണ മേഖലയാണ് ഇതെന്ന് മുകുന്ദൻ പറയുന്നു. ഫിലിമുകൾ ഉപയോഗിച്ചുള്ള ഗവേഷണത്തിന് നീണ്ടനാളായി പ്രസക്തിയുണ്ട്. പക്ഷേ ഇതിന് ഉപയോഗിക്കാൻ കഴിയുന്ന മെച്ചപ്പെട്ട പദാർഥം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മ്യൂണിക്, എർലാൻജൻ, വുർസ്ബർഗ് തുടങ്ങിയ സർവകലാശാലകളുമായി മുകുന്ദൻ ഗവേഷണത്തിൽ സഹകരിക്കുന്നുണ്ട്. ബയ്റോയത്തിലെ ബവേറിയൻ സെന്റർ ഫോർ ബാറ്ററി ടെക്‌നോളജിയിൽ അംഗമാണ് അദ്ദേഹം. ബെംഗളൂരുവിലെ പ്രശസ്തമായ ജെഎൻസിഎസ്ആർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് പ്രഫസർ സ്ഥാനം അദ്ദേഹത്തിനു ലഭിച്ചിരുന്നു. ജാൻ, ബ്രിന്ദ എന്നീ 2 മക്കൾ അദ്ദേഹത്തിനുണ്ട്. ഇരുവരും ജർമൻ തലസ്ഥാനമായ ബെർലിനിലാണ്.

Content Summary:

Meet Dr. Mukundan Thelakkat: The Scientist Transforming Plastics into Energy-efficient Devices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com