ADVERTISEMENT

‘ഇത് വെറുമൊരു സർക്കാർ ജോലി മാത്രമല്ല; കേരളത്തിലെ സ്ത്രീമുന്നേറ്റ ചരിത്രത്തിലെ അഭിമാനനേട്ടം തന്നെയാണ്’–ഫയർ വുമൺ തസ്തികയുടെ ആദ്യ ബാച്ചിൽ മൂന്നാം റാങ്കോടെ നിയമനം ലഭിച്ചതിന്റെ സന്തോഷത്തിൽ ഉണ്ണിമായ പറഞ്ഞു. തൃശൂർ വടൂക്കര സ്വദേശിയായ ഉണ്ണിമായ കെ.എം. തൃശൂർ വിയ്യൂരിലെഫയർ ആൻഡ് റെസ്ക്യൂ അക്കാദമിയിൽ കഴിഞ്ഞയാഴ്ച ട്രെയിനിങ്ങിനു ചേർന്നു.

സ്കൂളിലെ ക്വിസ്സുകാരി

സ്കൂൾ കോളജ് പഠനകാലത്ത് ക്വിസ് പരിപാടികളിൽ സജീവമായിരുന്നു ഉണ്ണിമായ. ബിഎസ്‌സി സുവോളജിയും ബാച്‌ലർ ഓഫ് ലൈബ്രറി സയൻസും പൂർത്തിയാക്കി. ചില പ്രൈവറ്റ് സ്കൂളുകളിൽ ലൈബ്രേറിയൻ താൽക്കാലിക നിയമനം ലഭിച്ചെങ്കിലും വേണ്ടെന്നുവച്ചു. വീട്ടിലെ സാഹചര്യങ്ങളിൽ, എങ്ങനെയും സർക്കാർ ജോലി നേടിയെടുക്കണമെന്നു മനസ്സിലുറപ്പിച്ചിരുന്നു. ആദ്യം എഴുതിയ എൽഡിസി പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞില്ല. ജോലി നേടാൻ കുറേക്കൂടി കഠിനമായ പരിശീലനം വേണമെന്നും പഠനവും വായനയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും തിരിച്ചറിഞ്ഞത് അങ്ങനെയാണ്.

‘‘എനിക്ക് ഒരിക്കലും സർക്കാർ ജോലി കിട്ടില്ലെന്ന ചിലരുടെ പരിഹാസമാണ് ജയിച്ചുകാണിക്കാനുള്ള വാശിയുണ്ടാക്കിയത്. പിഎസ്സി പരീക്ഷയ്ക്കു വേണ്ടിയുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും പാഠം തൊഴിൽവീഥിയാണ്. കഴിഞ്ഞ 5 വർഷത്തെ തൊഴിൽവീഥി ഒരു ലക്കംപോലും വിടാതെ വായിച്ചു പഠിച്ചതാണ് റാങ്ക് നേടാൻ സഹായിച്ചത്. ഏതു വിഷയത്തിലും ഏറ്റവും ആധികാരികമായ വിവരങ്ങൾക്കു തൊഴിൽവീഥിയെ ആശ്രയിച്ചു. വിഷയങ്ങൾ തിരിച്ച് ബൈൻഡ്ചെയ്തു സൂക്ഷിച്ചത് എല്ലാ പരീക്ഷകൾക്കും ഉപകാരപ്പെട്ടു’’.

വായിച്ചതുതന്നെ വായിച്ച്

എംജി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ താൽക്കാലികനിയമനം ലഭിച്ചത് പഠനത്തിനു കൂടുതൽ സഹായമായി. പുസ്തകങ്ങൾ വാങ്ങി വായിക്കാൻ കഴിയാത്തതിന്റെ സങ്കടം യൂണിവേഴ്സിറ്റി ലൈബ്രറിയിലെവിശാലമായ പുസ്തകശേഖരം കണ്ടപ്പോൾ ഇല്ലാതായി. മറവി കുറച്ചു കൂടുതലായതിനാൽ പിഎസ്‌സിപരീക്ഷ മറികടക്കാനാകുമോയെന്നു പലരും കളിയാക്കി. വായിച്ചു മനസ്സിലാക്കിയ ഓരോ പോയിന്റും നോട്ട് ബുക്കിൽ കുറിച്ചുവച്ചും ആവർത്തിച്ചു വായിച്ചുമാണ് ഉണ്ണിമായ മറവിയെ കീഴ്പ്പെടുത്തിയത്. മുൻകാല ചോദ്യ പേപ്പറുകൾ പകർത്തിയെഴുതിയതിന്റെ വലിയ ശേഖരംതന്നെ ഉണ്ണിമായയുടെ കയ്യിലുണ്ട്. ഓൺലൈൻ  സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയെങ്കിലും കൂടുതലും ഉപകരിച്ചത് സ്വന്തമായി എഴുതിത്തയാറാക്കിയ നോട്ടുകളാണ്. 

3 വർഷത്തിൽ മൂന്നാം റാങ്ക് 

മൂന്നു വർഷം പൂർണമായി പിഎസ്‌സി പഠനത്തിനായി നീക്കിവച്ചു. അതിനിടെ ആഘോഷങ്ങളിലോ കുടുംബച്ചടങ്ങു കളിലോപോലും പങ്കെടുത്തില്ല. ടൈം ടേബിൾ തയാറാക്കി കൃത്യതയോടെ പഠിച്ചു. ഇയർബുക്ക് മുതൽ റാങ്ക് ഫയൽവരെ വിവരശേഖരണത്തിനായി ഉപയോഗിച്ചു. പിഎസ്‌സി ചോദ്യരീതിയിലെ മാറ്റം ആശങ്കപ്പെടുത്തിയെങ്കിലും ആഴത്തിൽ പഠിച്ചാൽ അതൊന്നും ബാധിക്കില്ലെന്ന് ഉണ്ണിമായ റാങ്ക് നേട്ടത്തിലൂടെ തെളിയിച്ചു. യൂണിഫോം തസ്തികകളോടുള്ള ഇഷ്ടക്കൂടുതൽ കാരണമാണ് അത്തരം പരീക്ഷകളിൽ ശ്രദ്ധ വച്ചത്. എസ്ഐ 253, വനിതാ സിപിഒ 700, അസിസ്റ്റന്റ് സെയിൽസ്മാൻ 198 എന്നിങ്ങനെ റാങ്കുകൾ നേടാൻ കഴിഞ്ഞു. ഫയർ വുമൺ മൂന്നാം റാങ്ക് അപ്രതീക്ഷിതമായിരുന്നെങ്കിലും ആത്മാർഥമായ അധ്വാനത്തിനുള്ള അംഗീകാരം തന്നെയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com