ADVERTISEMENT

സ്കൂളിലേക്കു പോകുമ്പോൾ റോഡിലൊരു ‘പാണ്ടി ലോറി’ കണ്ടാൽ പേടിച്ച് ഒതുങ്ങിനിൽക്കുമായിരുന്നെങ്കിലും കുട്ടിക്കാലം തൊട്ടേ ശ്രീശങ്കറിന്റെ മോഹം ‘ഡ്രൈവർ’ ആകണമെന്നതായിരുന്നു. അതും ഹെവി വെഹിക്കിൾ തന്നെ വേണം. പ്രായം കൂടിയപ്പോൾ ആ മോഹവും വളർന്നു. ഇപ്പോൾ ഡ്രൈവർ തസ്തികകളിലേക്കു ള്ള പിഎസ്‌സി പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളിൽ ‘മുൻസീറ്റിൽ’ തന്നെ കാണാം ആ മോഹസാഫല്യത്തിന്റെ തിളക്കം. ഫയർമാൻ ഡ്രൈവർ തസ്തികയിൽ സംസ്ഥാനതല നാലാം റാങ്ക് നേടിയ എൻ.ശ്രീശങ്കർ എച്ച്ഡിവി വേരിയസ് ഡ്രൈവർ കം ഒഎ, എൽ ഡിവി ഗ്രേഡ് 2 ഡ്രൈവർ കം ഒഎ പരീക്ഷകളിലും ഉന്നത റാങ്കിന്റെ ഉടമയാണ്. ഇഷ്ട തസ്തികകൾക്കു പുറമേ എൽജിഎസ്, സിപിഒ പരീക്ഷകളിലും മികച്ച വിജയം കുറിച്ചാണു തിരുവനന്തപുരം പോത്തൻകോട് സ്വദേശി ശ്രീശങ്കറിന്റെ പഠനസഞ്ചാരം.

പകൽ ടിപ്പറിൽ; രാത്രി ക്ലാസിൽ
പ്ലസ്ടു പൂർത്തിയാക്കി തുടർപഠനത്തിനു പോകാതെ എന്തെങ്കിലും വരുമാനമാർഗം കണ്ടെത്തി ജീവിതം കരയ്ക്കടുപ്പിക്കാനാണു ശ്രീശങ്കർ ശ്രമിച്ചത്. ജീവിതത്തിലെ അനിശ്ചിതാവസ്ഥയായിരുന്നു കാരണം.  സുഹൃത്തിനൊപ്പം ഒരു ചെറുകിടസംരം ഭത്തിനു തുടക്കമിട്ടു. പക്ഷേ പങ്കാളി, പാതിവഴിയിൽ പിൻവാങ്ങിയപ്പോൾ വലിയൊരു സാമ്പത്തിക ബാധ്യത ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവന്നു ശ്രീ ശങ്കറിന്. ആകെയുള്ള സമ്പാദ്യം മുഴുവൻ അതിനകം ഉപയോഗിച്ചുതീർന്നിരുന്നതിനാൽ പിടിച്ചുനിൽക്കാൻ സ്ഥിരവരുമാനമുള്ളൊരു ജോലി അത്യാവശ്യമായി മാറി. അങ്ങനെയാണു ഡ്രൈവർ ആകുക എന്ന പഴയ മോഹത്തിലേക്ക് ‘സ്റ്റിയറിങ്’ തിരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ടിപ്പർ ഡ്രൈവറായി ജോലിക്കു കയറിയതിനൊപ്പം സർക്കാർ സർവീസ് എന്ന ലക്ഷ്യ വും ശ്രീശങ്കർ മനസ്സിൽ കുറിച്ചു. പകൽ സമയം ടിപ്പറിൽ പാഞ്ഞിരുന്ന ശ്രീശങ്കർ രാത്രി പിഎസ്സി പഠനത്തിനു പിന്നാലെ പാഞ്ഞു. ടിപ്പറിലെ നെട്ടോട്ടത്തിനിടയിലും പിഎസ്‌‌സി ചോദ്യങ്ങളും അവയുടെ

ഉത്തരങ്ങളുമായിരുന്നു മനസ്സിൽ. പകൽ മുഴുവൻ നീളുന്ന അലച്ചിലിന്റെ ക്ഷീണവും രാത്രി ഏറെ വൈകിവരെയുള്ള പഠനത്തിൽ ശ്രീശങ്കറിനെ തളർത്തിയില്ല. പോത്തൻകോട് ദിശ കോച്ചിങ് സെന്ററിലായിരുന്നു ഒരു വർഷത്തോളം പഠനം. കോവിഡ് ലോക്ഡൗൺ വന്നതോടെ ആ പഠനത്തിന്റെ ‘റൂട്ട്’ തെറ്റി. അതോടെ കൂട്ടുകാർക്കൊപ്പമുള്ള കംബൈൻഡ് സ്റ്റഡി ആയി ആശ്രയം.

ഗിവ് & ടേക്ക് പഠനക്കൂട്ട്
കൂട്ടുകാർക്കൊപ്പമുള്ള കംബൈൻഡ് സ്റ്റഡി വിജയത്തിന്റെ ‘സ്പീഡ്’ കൂട്ടിയെന്നാണു ശ്രീശങ്കർ പറയുന്നത്. നോട്ടുകളും ഗൈഡുകളും പരസ്പരം പങ്കുവച്ചായിരുന്നു പഠനം. ഓരോരുത്തരും അവരുടെ ഇഷ്ടവിഷയങ്ങൾ മറ്റുള്ളവർക്കു പഠിപ്പിച്ചുകൊടുത്തു. ഓർമിക്കാൻ ബുദ്ധിമുട്ടുന്ന പാഠഭാഗങ്ങൾക്ക് കൂട്ടുകാർ ചേർന്നു പ്രത്യേകകോഡ് ഭാഷകൾ കണ്ടെത്തി. വർഷങ്ങളും അവാർഡുകളും ചരിത്രസംഭവങ്ങളുമെല്ലാം എന്നെന്നും ഓർമയിൽ  സൂക്ഷിക്കാൻ ഈ രഹസ്യഭാഷ സഹായകമായി. കൂട്ടുപഠനത്തിലെ ഈ ‘ഗിവ് ആൻഡ് ടേക്ക്’ നയമാണ് ശ്രീശങ്കറിനെയും കൂട്ടുകാരെയും ഉയർന്ന റാങ്കുകളിലെത്തിച്ചത്. സിലബസ് അരിച്ചുപെറുക്കി പഠിച്ചത് പരീക്ഷകളിൽ ഏറെ ഉപകാരപ്പെട്ടു.

‘‘എങ്ങനെയെങ്കിലും സർക്കാർ ജോലി നേടണം എന്നൊരു വാശിയുണ്ടായാൽ മതി. നമുക്കു പിന്നെ ഉഴപ്പിനടക്കാൻ തോന്നില്ല. പിന്നെ വേണ്ടത് നല്ല സ്റ്റഡി മെറ്റീരിയലുകളാണ്. തൊഴിൽവീഥിയിലെ ഒഎംആർ മോഡൽ പരീക്ഷകളാണ് എന്റെ പരീക്ഷാപ്പേടി ഇല്ലാതാക്കിയത്. കഴിയുന്നത്ര മാതൃകാപരീക്ഷകൾ ചെയ്തുനോക്കിയത് ആത്മവിശ്വാസം നേടാൻ ഏറെ സഹായിച്ചിട്ടുണ്ട്. സിലബസ് ശ്രദ്ധിച്ചുവേണം പഠനം പ്ലാൻ ചെയ്യാൻ. സിലബസിലുള്ള വിഷയ ങ്ങൾക്കനുസരിച്ച് ഒരു ടൈംടേബിൾ തയാറാക്കിയിരുന്നു ഞാൻ. കൂടുതൽ മാർക്ക് സ്കോർ ചെയ്യാവുന്ന വിഷയങ്ങൾക്ക് കൂടുതൽ സമയം നീക്കിവച്ചു. പരീക്ഷയിലെ മാർക്കിനനുസരിച്ചു പഠനത്തിനും വെയ്‌റ്റേജ് നൽകിയാൽ വിജയം ഉറപ്പാക്കാം’’.

സിലബസ്സിലെ വിഷയങ്ങളും പാഠഭാഗങ്ങളും ഒരു ചാർട്ട് പോലെ തയാറാക്കിയ ശേഷമാണു പഠനം തുടങ്ങിയത്. സംശയലേശമന്യേ പഠിച്ചു തീരുന്ന പാഠഭാഗങ്ങൾ പച്ച മഷിയിൽ ‘ടിക്’ ചെയ്ത് ആത്മവിശ്വാസത്തോടെയാണ് ഈ സംഘം പരീക്ഷയ്ക്കു തയാറെടുത്തത്. പരീക്ഷയെത്തുമ്പോഴേയ്ക്കും സിലബസിലെ എല്ലാ പാഠങ്ങൾക്കും ‘പച്ച’ തെളിഞ്ഞതു വിജയ യാത്രയ്ക്കു കുതിപ്പേകി . ഓരോ റാങ്ക് ലിസ്റ്റിലും ഇടംപിടിക്കുമ്പോഴും അവസാനിപ്പിച്ചില്ല ഈ സമഗ്രപഠനം. ആത്മവിശ്വാസത്തോടെ അടുത്ത പരീക്ഷയ്ക്കുള്ള തയാറെടുപ്പായി ഓരോ വിജയവും. സിപിഒ, എൽഡിവി വേരിയസ് ഡ്രൈവർ കം ഒഎ, ഫയർമാൻ ഡ്രൈവർ തസ്തികകളിലേക്കും ശ്രീശങ്കറിനു നിയമന ശുപാർശ ലഭിച്ചിട്ടുണ്ട്. ഏതു തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ പക്ഷേ, ഒരു ‘കൺഫ്യൂഷനു’മില്ല. കുട്ടിക്കാലത്തെ ഡ്രൈവർ സ്വപ്നം സർക്കാർ സർവീസിന്റെ ‘യൂണിഫോം’ അണിയുന്നതിന്റെ സന്തോഷത്തിലാണ് ശ്രീശങ്കറും കുടുംബവും.

Content Summary:

Navigating the Road to Success: Sreesankar’s Story from Tipper Driver to PSC Top Ranker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com