തെക്കേ ഇന്ത്യയിലെ മികച്ച കുട്ടി ശാസ്ത്രജ്ഞനുള്ള സി.വി.രാമൻ അവാർഡ് സ്വന്തമാക്കി അലക്സ് ബിജു
Mail This Article
തൊടുപുഴ ∙ തെക്കേ ഇന്ത്യയിലെ മികച്ച കുട്ടി ശാസ്ത്രജ്ഞനുള്ള സി.വി.രാമൻ അവാർഡ് കരസ്ഥമാക്കി ഇടുക്കി കാൽവരിമൗണ്ട് സ്കൂളിലെ വിദ്യാർഥി. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിലൂടെയാണ് കാൽവരി ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അലക്സ് ബിജുവിന്റെ നേട്ടം.
സംസ്ഥാന ശാസ്ത്രമേളയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാണ് അലക്സ് സയൻസ് ഫെയറിന് യോഗ്യത നേടിയത്. ശബ്ദത്തിന്റെ വ്യത്യാസത്തിനനുസരിച്ച് പൊങ്ങിയും താഴ്ന്നും വരുന്ന തീനാളങ്ങളാണ് മേളയിൽ അവതരിപ്പിച്ചത്. ഭൗതികശാസ്ത്രത്തിലെ അനുനാദം (റിസണൻസ്) എന്ന പ്രതിഭാസത്തെ ആസ്പദമാക്കി അവതരിപ്പിച്ച ഈ ശാസ്ത്ര പരീക്ഷണങ്ങളാണ് അവാർഡിന് അർഹമായത്. അലക്സിനൊപ്പം മെന്ററായി മത്സരത്തിൽ പങ്കെടുത്ത ഭൗതികശാസ്ത്ര അധ്യാപകൻ ആനന്ദ് ടോമും പുരസ്കാരം നേടി.
കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പും വിശേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും ചേർന്നാണ് സയൻസ് ഫെയർ എല്ലാ വർഷവും സംഘടിപ്പിക്കുന്നത്. വ്യക്തിഗതയിനവും ഗ്രൂപ്പിനവുമാണ് മത്സരത്തിനുള്ളത്. ഇതിൽ വ്യക്തിഗത മത്സരത്തിൽ ഒന്നാമതെത്തുന്നയാൾക്കാണ് സി.വി.രാമൻ പുരസ്കാരം സമ്മാനിക്കുന്നത്. വ്യക്തിഗത ഇനത്തിൽ ഒരു മെന്ററിന് കൂടി മത്സരത്തിൽ പങ്കെടുക്കാം. ഇടുക്കി ജില്ലയിൽ ആദ്യമായാണ് സി.വി.രാമൻ പുരസ്കാരം കരസ്ഥമാക്കുന്നത്. കാൽവരിയിലെ പി.എ.ബിജു–സോണിയ ദമ്പതികളുടെ മകനാണ് അലക്സ്. സഹോദരങ്ങൾ: ആൻമരിയ, ആഗ്നസ്, ഏയ്ഞ്ചൽ. കാമാക്ഷി സ്വദേശിയാണ് ആനന്ദ് ടോം. ഭാര്യ ജോസ്ന. മകൻ: ജൊനാഥ്.