ADVERTISEMENT

മൂന്നു പെൺമക്കളും ഭർത്താക്കന്മാരും സർക്കാർ ജോലിക്കാരാണെന്നു പറയുമ്പോൾ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ കെ.സോമശേഖരൻ നായർക്കും ഗിരിജാദേവിക്കും കണ്ണുകളിൽ അഭിമാനത്തിളക്കം. ഇളയ മകൾ ജി.എസ്.റോഷ്നിക്ക് ഈ അഭിമാനത്തോടൊ പ്പം മറ്റൊരു സന്തോഷം ചേർത്തുവയ്ക്കാനു ണ്ട്. കേരളത്തിലെ ആദ്യ ബാച്ച് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരിൽ ഒരാളാണു റോഷ്നി. പതിനെട്ടാം റാങ്കിന്റെ തിളക്കം കൂടിയുണ്ടാ യിരുന്നു റോഷ്നിയുടെ പരീക്ഷാ വിജയത്തിന്. യൂണിഫോം തസ്തിക തന്നെ വേണമെന്ന വാശിയോടെ പഠിച്ച റോ ഷ്നി ഇപ്പോൾ തിരുവനന്തപുരം പരുത്തിപ്പള്ളി റേഞ്ച് ഓഫിസിൽ ഫോറസ്റ്റ് ഓഫിസറാണ്. 

സകുടുംബം സർക്കാരുദ്യോഗം 
ഡിഗ്രിക്കു ബോട്ടണി പ്രധാന വിഷയമായി എടുത്തപ്പോൾ ചിലരൊക്കെ നെറ്റി ചുളിച്ചത് റോഷ്നി ഓർമിക്കുന്നു. മറ്റു നല്ല വിഷയമൊന്നും കിട്ടാത്തതുകൊണ്ടാണെ ന്നുവരെ ചിലർ പരിഹസിച്ചു. 2002ൽ ഡിഗ്രി പൂർത്തിയാക്കി സർക്കാർ ജോലിയെന്ന സ്വപ്നത്തിനു പിന്നാലെ പായുമ്പോൾ, പരിഹസിച്ചവരെക്കൊണ്ട് നല്ലതു പറയിപ്പിക്കണമെന്ന ദൃഢനിശ്ചയം റോഷ്നിയുടെ മനസ്സിലുണ്ടായിരുന്നു. സർക്കാർ ജോലി നേടാനാകാതിരുന്ന അച്ഛന്റെയും അമ്മയുടെയും സ്വപ്നം സാധ്യമാക്കണമെ ന്നും മനസ്സിലുറപ്പിച്ചു. സഹോദരിമാരും ഭർത്താക്കന്മാരും സർക്കാർ സർവീസിലാ യതും പ്രചോദനമായി. മൂത്ത ചേച്ചി സഹകരണ വകുപ്പിൽ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടറാണ്. ഭർത്താവ് കെഎസ്ഇബിയിൽ സബ് എൻജിനീയർ. രണ്ടാമത്തെ ചേച്ചി പൊല്യൂഷൻ കൺട്രോൾ ബോർഡിൽ. ഭർത്താവ് സബ് റജിസ്ട്രാർ. ഭർത്താവ് എസ്.എസ്.സജിത്കുമാറിനു സഹകരണ വകുപ്പിൽ സ്പെഷൽ ഗ്രേഡ് ഇൻസ്പെക്ടറായി നിയമനം ലഭിച്ചതോടെ സർക്കാർ ജോലിയെന്നത് റോഷ്നിക്കു വാശി തന്നെയായി. പഠനത്തിനു പരിപൂർണ പിന്തുണയുമായി സജിത് കൂടെ നിന്നു. 

ഉഴപ്പി, പിന്നെ ഉഷാറായി
2007ൽ തിരുവനന്തപുരം ദൂരദർശനിൽ കരാർ വ്യവസ്ഥയിൽ ന്യൂസ് റീഡറായി ജോലി ലഭിച്ചിരുന്നു. 17 വർഷമായി ആ ജോലി തുടരുന്നു. പിഎസ്‌സി പരിശീലന ത്തിനിടെയായിരുന്നു വിവാഹം. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി വീട്ടുതിരക്കു കളിലേക്കു മുഴുകിയതോടെ പഠനവും പരിശീലനവും ഉഴപ്പി. വൈകാതെ കോച്ചിങ്ങിനു ചേർന്നു. വലിച്ചുവാരിയുള്ള പഠനമല്ല, അടക്കുംചിട്ടയോടെയുമുള്ള പരിശീലനമാണു വേണ്ടതെന്ന തിരിച്ചറിവ് ഉണ്ടായതോടെ പഠനത്തെ കൂടുതൽ ഗൗരവമായി കാണാൻ തുടങ്ങി. 

‘‘അടുക്കും ചിട്ടയുമുള്ള പഠനത്തിന് തൊഴിൽവീഥിയായിരുന്നു കൂട്ട്. പരമാവധി മാതൃകാ പരീക്ഷകൾ എഴുതി പരിശീലിച്ചത് പരീക്ഷയോടുള്ള ഭയം ഇല്ലാതാക്കി. ഓരോ ലക്കവും തൊഴിൽവീഥിക്കുവേണ്ടി ആകാംക്ഷ യോടെ കാത്തിരിക്കുമായിരുന്നു. തൊഴിൽവീഥിയിൽ വരുന്ന എത്ര ചോദ്യങ്ങൾ എനിക്കറിയാമെന്നുള്ള കൗതുകവും അറിയാത്ത പുതിയ ചോദ്യങ്ങൾ പഠിക്കാനുള്ള ആവേശവുമായിരുന്നു കാരണം. ഓരോ ലക്കവും വരുമ്പോഴേക്കും തൊട്ടു മുൻപേയുള്ള ലക്കം മുഴുവൻ അരച്ചുകലക്കിപ്പഠിച്ചെന്ന് ഉറപ്പാക്കാറുണ്ട്. പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസം നേടിത്തന്നതും പഠനത്തിന്റെ മടുപ്പ് ഇല്ലാതാക്കിയതും തൊഴിൽവീഥിയാണ്’’.

ജി.എസ്.റോഷ്നി. ചിത്രത്തിന് കടപ്പാട്. തൊഴിൽവീഥി

പഠനത്തിന്റെ ‘റിവേഴ്സ്’ രീതി
സ്വന്തമായി നോട്ടുകൾ പകർത്തിയെഴുതി പിന്നീട് പലവട്ടം വായിച്ചുപഠിക്കുന്ന രീതിയായിരുന്നു റോഷ്നിക്ക്. ഓർമിക്കാൻ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ പ്രത്യേകം മാർക്ക് ചെയ്തുവച്ചു. പരീക്ഷാഹാളിൽ ഓരോ ചോദ്യം കണ്ടപ്പോഴും അത് പാഠപുസ്തകത്തിൽ എവിടെ യാണെന്ന് കൃത്യമായി ഓർമിച്ചെടുക്കാൻ ഇത് ഉപകരിച്ചു. ദൈർഘ്യമേറിയ പാഠഭാഗങ്ങൾ ചുരുക്കെഴുത്തുകളാക്കിയും പാട്ടുരൂപത്തിലും പഠിച്ചുവച്ചത് പരീക്ഷയ്ക്ക് ഉപകാരമായി. ഏതു പരീക്ഷയ്ക്കും സിലബസ് കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യം വേണ്ടതെന്ന് റോഷ്നി പറയുന്നു. നേരത്തെ പഠിച്ച സ്കൂൾ പാഠപുസ്തകങ്ങളെല്ലാം വീണ്ടുമെടുത്തു വായിച്ചാണ് പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുത്തത്. നിസ്സാരമെന്നു കരുതി പഠിക്കാതെ വിടുന്ന പാഠഭാഗങ്ങളിൽ നിന്നുപോലും ചോദ്യം വന്നേക്കാം. ഉത്തരങ്ങൾ വായിച്ചുപഠിക്കുന്നതിനു പകരം ചോദ്യങ്ങൾ കണ്ടെത്തി പഠിക്കുന്ന ‘റിവേഴ്സ് രീതി’യാണ് പരീക്ഷയിൽ ഉയർന്ന സ്കോർ നേടാൻ റോഷ്നിയെ സഹായിച്ചത്. സാധ്യതാചോദ്യങ്ങൾ ഏതെല്ലാമെന്നു മുൻകൂട്ടി കണ്ടെത്തി പഠിക്കുമ്പോൾ ചോദ്യകർത്താവു ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ കഴിയുമെന്നും പരീക്ഷ യെഴുതുമ്പോഴുള്ള മാനസികസമ്മർദം കുറയുമെന്നും റോഷ്നി പറയുന്നു.

English Summary:

Roshni's Triumph: Embracing the 'Reverse Method' to Achieve Her Dream of a Uniform Post in Kerala's Forest Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com