അഞ്ചു മാസത്തിനിടെ മൂന്നു മക്കൾ സർക്കാർ ജോലിനേടി; അഭിമാനനിറവിൽ പെണ്ണമ്മ, പരീക്ഷിച്ചത് ‘ലേൺ ആൻഡ് ടീച്ച്’ രീതി
Mail This Article
ഒരമ്മ പെറ്റതെല്ലാം സർക്കാർ ജോലിക്കാർ! കേൾക്കുമ്പോൾ കടങ്കഥപോലെ തോന്നു മെങ്കിലും കോട്ടയം വാകത്താനത്തെ താന്നിക്കുന്നേൽ വീട്ടിൽ ചെന്നാൽ ഇതിനുത്തരം കിട്ടും. സഹോദരങ്ങളായ ദീപയ്ക്കും ദിവ്യയ്ക്കും ദീപുവിനും 5 മാസത്തിനിടെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. ഇളയ സഹോദരൻ ദീപുവിന് സിവിൽ എക്സൈസ് ഓഫിസറായി ആദ്യം നിയമന ശുപാർശ ലഭിച്ചു. തൊട്ടുപിന്നാലെ, മുതിർന്ന സഹോദരി ദീപ നിലമ്പൂരിൽ ഹൈസ്കൂൾ അധ്യാപികയായി. ഇളയ സഹോദരി ദിവ്യയ്ക്ക് ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ഈ മാസം ജോലി ലഭിച്ചതോടെ അമ്മ പെണ്ണമ്മയുടെ ആഹ്ലാദത്തിന് അതിരില്ല.
പഠിപ്പിസ്റ്റ് അല്ലെങ്കിലും ജയിക്കാം
25 വർഷം മുൻപ് പിതാവ് സാമുവൽ മരിക്കു മ്പോൾ ദീപു അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.പിന്നീട് പെണ്ണമ്മ കൂലിപ്പണി ചെയ്താണു മൂന്നു മക്കളെയും വളർത്തിയത്. ‘നന്നായി പഠിക്കണം, ജോലി നേടണം’– ഇല്ലായ്മയുടെ ദിനങ്ങളിൽ മക്കൾക്കു കരുത്തായത് അമ്മയുടെ ഈ വാക്കുകളായിരുന്നു. അമ്മയുടെ കഷ്ടപ്പാട് കണ്ടുവളർന്ന മൂന്നു പേരും അന്നേമനസ്സിലുറപ്പിച്ചു, എത്ര കഷ്ടപ്പെട്ടാണെങ്കിലും സർക്കാർ ജോലി നേടിയെടുക്കണം. അമ്മ കൂലിപ്പണിക്കു പോകുമ്പോൾ ഇളയ സഹോദരങ്ങളെ നോക്കുന്ന ചുമതല ദീപയ്ക്കായി. സഹോദരങ്ങളെ പഠിപ്പിക്കുന്ന ജോലി കൂടി ഏറ്റെടുത്ത് ദീപ അന്നേ ‘അധ്യാപിക’യായി. പിന്നീട് പിഎസ്‌സി പരിശീലനം തുടങ്ങിയപ്പോഴും ദീപതന്നെയായിരുന്നു ദിവ്യയുടെയും ദീപുവിന്റെയും ‘ടീച്ചർ’.
മൻസൂർ അലി കാപ്പുങ്ങലിന്റെ ക്ലാസുകളാണ് മൂവർക്കും പിഎസ്‌സി പരീക്ഷയെക്കുറിച്ചു ധാരണയുണ്ടാക്കാൻ സഹായിച്ചത്. പിഎസ്‌സി പഠനം പഠിപ്പിസ്റ്റുകൾക്കു മാത്രം പറഞ്ഞതാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ ആഴത്തിൽ പഠിച്ചാൽ ആർക്കും പിഎസ്‌സി പരീക്ഷയിൽ ജയം കൈവരിക്കാമെന്ന് പിന്നീടു മനസ്സിലായി. ബിഎസ്‌സി നഴ്സിങ് കഴിഞ്ഞ് ഒമാനിൽ ജോലി കിട്ടി പോയെങ്കിലും ഇളയ സഹോദരി ദിവ്യയ്ക്കും എങ്ങനെയെങ്കിലും സർക്കാർ സർവീസിൽ കയറണമെന്നുതന്നെയായിരുന്നു മോഹം. കുട്ടിക്കാലത്ത് ‘കാക്ക കാക്ക’ എന്ന തമിഴ് സിനിമ കണ്ടപ്പോൾ തുടങ്ങിയതാണ് ദീപുവിന് യൂണിഫോം ജോലിയോടു ള്ള ഭ്രമം. പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുമ്പോഴും യൂണിഫോം തസ്തികയായിരുന്നു മനസ്സിൽ ലക്ഷ്യം. ഫോറസ്റ്റ്, പൊലീസ് വകുപ്പുകളിൽ നിയമനം ലഭിച്ചെങ്കിലും എക്സൈസ് വകുപ്പ് തിരഞ്ഞെടുക്കുകയായിരുന്നു ദീപു. ഇപ്പോൾ തൃശൂരിൽ പരിശീലനത്തിലാണ്.
നെഗറ്റീവ് ചിന്തകൾ ഗെറ്റൗട്ട്
പുസ്തകം കാണുമ്പോഴേ ഉറക്കം വരുമായിരുന്ന അവസ്ഥയിൽനിന്ന് രാത്രി ഏറെ വൈകി പഠിക്കുന്ന സ്ഥിതിയിലേക്കു തങ്ങളെ മാറ്റിയത് ജോലി നേടണമെന്ന അടിയുറച്ച ആഗ്രഹമാണെന്ന് ദീപു. സിലബസ് പഠിച്ചുതുടങ്ങും മുൻപേ, പ്രചോദനം പകരുന്ന ജീവിതകഥകൾ വായനശാലയിൽനിന്നു തേടിപ്പിടിച്ചു വായിച്ചു. പിന്നെ പിഎസ്‌സി ടെൻത്, പ്ലസ് ടു, ഡിഗ്രി ലെവൽ പരീക്ഷകളുടെ സിലബസ് നന്നായി മനസ്സിലാക്കി പഠനം തുടങ്ങി. ഏകദേശം പകുതി സിലബസ് പിന്നിട്ടപ്പോൾ മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകൾ പഠിച്ചുതുടങ്ങി. ഇരുനൂറോളം ചോദ്യ പേപ്പറുകൾ സംഘടിപ്പിച്ചു. ദിവസവും രാവിലെ മുൻകാല ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പരിശീലിച്ചു. പരീക്ഷാഹാളിലെന്നപോലെ കൃത്യസമയം പാലിച്ചായിരുന്നു ഓരോ പരീക്ഷയും എഴുതിയത്. തെറ്റിപ്പോയ ചോദ്യങ്ങൾക്കു ള്ള ഉത്തരം അന്നന്നു തന്നെ കണ്ടെത്തി പഠിക്കുകയും സിലബസിലെ ആ പാഠഭാഗത്തിലൂടെ വീണ്ടും കടന്നുപോകുകയും ചെയ്തു. ആദ്യകാലത്തു മോക്ടെ സ്റ്റുകളിൽ വളരെ കുറഞ്ഞ മാർക്കാണു ലഭിച്ചതെങ്കിലും പിന്നീട് തെറ്റുകൾ കുറയാൻ തുടങ്ങി.
ഓർമിക്കാൻ പ്രയാസമുള്ള വർഷങ്ങളും പേരുകളും സംഭവങ്ങളും പരിചയമുള്ള വ്യക്തികളും സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണു പഠിച്ചത്. പഠനസമയത്ത് ആത്മവിശ്വാസം കെടുത്തുന്ന അനാവശ്യ സംഭാഷണങ്ങൾ ഒഴിവാക്കി. ഔട്ട് ഓഫ് ദ് സിലബസ് വിഷയങ്ങൾ സംസാരത്തിൽനിന്നുതന്നെ ഒഴിവാക്കി. വീട്ടിൽ എപ്പോഴും ക്ലാസ് റൂം പ്രതീതി ആയിരുന്നെന്ന് ദീപു. മൂന്നു പേരും ചേർന്നുള്ള കംബൈൻഡ് സ്റ്റഡി സംശയങ്ങൾ പരിഹരിക്കാൻ സഹായകമായി. ആദ്യം പഠിച്ചുതീർക്കു ന്ന ആൾ മറ്റുള്ളവരെ പഠിപ്പിച്ചുകൊടുക്കുന്ന ‘ലേൺ ആൻഡ് ടീച്ച്’ രീതി പഠനം രസകരമാക്കി. ലോക്ഡൗൺ കാലത്തെ കംബൈൻഡ് സ്റ്റഡിയിലൂടെ എസ്സിഇആർടി പുസ്തകങ്ങൾ നന്നായി പഠിച്ചുതീർത്തത് പുതിയ പാറ്റേണിലുള്ള ചോദ്യങ്ങൾക്കുപോലും ഉത്തരമെഴുതാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്തു.