ADVERTISEMENT

ഹാരപ്പൻ സംസ്കാരത്തിന്റെ കൂടുതൽ തെളിവുകളുമായി കേരള സർവകലാശാലയിലെ ഗവേഷകർ. ഗുജറാത്തിലെ കച്ച് മേഖലയിലെ പഡ്താബേട്ടിൽ ഗവേഷണം നടത്തി ബിസി 3200 കാലത്തെ തെളിവുകൾ കണ്ടെത്തിയത് കേരള സർവകലാശാലയിലെ ആർക്കിയോളജി വിഭാഗത്തിലെ അസി. പ്രഫസർമാരായ ജി.എസ്.അഭയൻ, എസ്.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘമാണ്. ആദിമ ഹാരപ്പൻ കാലത്തെ പുതിയ തരം മൺപാത്രങ്ങൾ ഉത്ഖനനത്തിൽ കണ്ടെത്തി. മറ്റു ഹാരപ്പൻ കേന്ദ്രങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുള്ള തരം മൺപാത്രങ്ങൾക്കൊപ്പമാണ് പുതിയ തരം കണ്ടെത്തിയത്. ഈ മേഖലയിലെ സവിശേഷമായ പ്രാദേശിക പാരമ്പര്യത്തിന്റെ തെളിവായും പുതിയ തരം മൺപാത്രങ്ങളെ കണക്കാക്കുന്നു. ഈ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഈ മേഖലകളിൽ പഠനം നടത്തിയത്. ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമായ ചില ശ്മശാനങ്ങൾ മുൻപ് ഈ മേഖലയിൽ കണ്ടെത്തിയിരുന്നു. ഇതോടനുബന്ധിച്ച് ജനവാസ മേഖലകൾ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്ഖനന പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്.

കാർനെലിയൻ, അഗേറ്റ് എന്നിവയിലുള്ള കല്ല് മുത്തുകൾ, കളിമൺ ഉപകരണങ്ങൾ, ചെമ്പിന്റെ സാന്നിധ്യം, ചുറ്റിക കല്ലുകൾ, കന്നുകാലികൾ, ചെമ്മരിയാട്/ആട് എന്നീ മൃഗങ്ങളുടെ അസ്ഥികളുടെ അവശിഷ്ടങ്ങൾ, ഭക്ഷ്യ യോഗ്യമായ കക്കയുടെ തോട് എന്നിവ ഇവിടെ കണ്ടെത്തി. അന്നത്തെ സസ്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ആർക്കിയോ ബൊട്ടാണിക്കൽ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.

harappan-secrets-in-gujarat-excavation-002
കേരള സർവകലാശാലയിലെ ആർക്കിയോളജി വിഭാഗത്തിലെ അസി. പ്രഫസർമാരായ ജി.എസ്.അഭയൻ, എസ്.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘം ഹാരപ്പൻ സംസ്കാരത്തിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നു.

ലഖ്പത് താലൂക്കിലെ ഖട്ടിയ ഗ്രാമത്തിനടുത്തുള്ള പഡ്താ ബേട്ടിലാണ് ഹാരപ്പൻ ജനവാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു കുന്നിൻ ചെരിവിലാണ് ഉത്ഖനനം നടത്തിയത്. ഇവിടെ അര മീറ്ററോളം മാത്രം താഴ്ചയിൽ നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. 2019ൽ കേരള സർവകലാശാലയിലെ തന്നെ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം ഇവിടെ നിന്ന് 1.5 കിലോമീറ്റർ അകലെയുള്ള ജുനഖട്ടിയ എന്ന ആദ്യകാല ഹാരപ്പൻ ശ്മശാനത്തിൽ ഉത്ഖനനങ്ങൾ നടത്തിയിരുന്നു. ‌

harappan-secrets-in-gujarat-excavation-001
ഗവേഷകർക്ക് ലഭിച്ച മൺപാത്രങ്ങൾ.

കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ ആർക്കിയോളജി, സ്പാനിഷ് നാഷനൽ റിസർച്ച് കൗൺസിൽ, യൂണിവേഴ്സിറ്റി ഓഫ് ലാലഗൂണ (സ്പെയിൻ), ആൽബിയോൺ കോളജ്(യുഎസ്എ), ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി (യുഎസ്എ), ഡെക്കാൻ കോളജ് പിജിആർഐ (പൂനെ ), കെഎസ്കെവി കച്ച് യൂണിവേഴ്സിറ്റി ഗുജറാത്ത് എന്നീ സ്ഥാപനങ്ങൾ ഈ ഗവേഷണത്തിൽ സഹകരിക്കുന്നുണ്ട്. കേരള സർവകലാശാലയാണ് ഗവേഷണത്തിന്റെ ചെലവുകൾ പ്രധാനമായും വഹിക്കുന്നത്.

harappan-secrets-in-gujarat-excavation-003
കേരള സർവകലാശാലയിലെ ആർക്കിയോളജി വിഭാഗത്തിലെ അസി. പ്രഫസർമാരായ ജി.എസ്.അഭയൻ, എസ്.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘം ഹാരപ്പൻ സംസ്കാരത്തിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നു.

കേരള സർവകലാശാലയിലെയും കർണാടക കേന്ദ്ര സർവകലാശാലയിലെയും ആർക്കിയോളജി പിജി വിദ്യാർഥികൾ, ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ബിരുദ വിദ്യാർഥികൾ,  കെഎസ്കെവി കച്ച് യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർഥികൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണു ഖനനം നടത്തിയത്.

English Summary:

Kerala University Uncovers New Harappan Secrets in Gujarat Excavation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com