ADVERTISEMENT

കൊച്ചിയില്‍ ഐടി ജോലിക്കാരാനായ ശ്രീജുവിന് രാവിലെ ഓഫീസ് ആരംഭിക്കുന്നത് ഒന്‍പതരയ്ക്കാണ്. പക്ഷേ, കൃത്യ സമയത്ത് ഓഫീസില്‍ വരണമെങ്കില്‍ കോട്ടയത്തെ വീട്ടില്‍ നിന്നു രാവിലെ ആറരയ്‌ക്കെങ്കിലും ശ്രീജു ഇറങ്ങണം. ആദ്യം ബസ്, പിന്നെ കോട്ടയത്തു നിന്ന് ഏഴരയുടെ ട്രെയിന്‍, വീണ്ടും എറണാകുളത്തു നിന്നു വൈറ്റിലയിലെ ഓഫീസിലേക്കു ബസ്. ചുരുക്കത്തില്‍ 3 മണിക്കൂര്‍ യാത്ര ചെയ്യണം ഓഫീസിലെത്താന്‍. വൈകുന്നേരം ഓഫീസ് കഴിഞ്ഞാല്‍ വീണ്ടും ആവര്‍ത്തിക്കുന്നൂ ഈ 3 മണിക്കൂര്‍ യാത്ര. എട്ട് മണിക്കൂര്‍ ഓഫീസ് ജോലി ചെയ്യാന്‍ ദിവസവും ആറു മണിക്കൂര്‍ യാത്ര ചെയ്യേണ്ട അവസ്ഥ. ആഴ്ചയില്‍ ആറു ദിവസവും ജോലിയുണ്ടെങ്കില്‍ ഒന്നര ദിവസത്തോളം നീളും ഇതിനിടെ യാത്രാ സമയം. ഇതു ശ്രീജുവിന്റെ മാത്രം കാര്യമല്ല.  

ഇന്ത്യയിലെ ലക്ഷക്കണക്കിന് ഓഫീസ് ജീവനക്കാര്‍ തങ്ങളുടെ ജീവിതത്തിലെ നല്ലൊരു സമയവും ചിലവഴിക്കുന്നത് ഓഫീസിലേക്കുള്ള ഇത്തരം യാത്രകളിലാണ്. എന്നാലോ, ജോലി ചെയ്ത സമയത്തില്‍ ഈ യാത്രാ സമയം പരിഗണിക്കുക പോലും ഇല്ല. യാത്രാ സമയം കൂടി ഓഫീസ് സമയം കണക്കാക്കാന്‍ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് രാജ്യത്തെ 61 ശതമാനം ഓഫീസ് ജീവനക്കാരുമെന്ന് അടുത്തിടെ നടന്ന ഒരു സര്‍വേ വെളിപ്പെടുത്തുന്നു. ആഗോള തലത്തില്‍ ഇത് 42 ശതമാനമാണ്. 

ഐഡബ്യുജി ഗ്ലോബല്‍ വര്‍ക്ക്‌സ്‌പേസിനു വേണ്ടി മൈന്‍ഡ്മീറ്റര്‍ റിസര്‍ച്ചാണ് സര്‍വേ നടത്തിയത്. ഈ യാത്രാ സമയത്തെ മനസ്സു കൊണ്ട് വെറുക്കുന്നവരാണു പലരും. ഓഫീസിലേക്കുള്ള യാത്രാ മണിക്കൂറുകളാണ് ആ പ്രവൃത്തി ദിവസത്തില്‍ തീരെ ഇഷ്ടമല്ലാത്ത മണിക്കൂറുകളെന്നു സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇഷ്ടമില്ലെങ്കിലും ഗതികേട് കൊണ്ടു യാത്രാ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണു ഭൂരിപക്ഷവും. വീട്ടിലെ സാഹചര്യങ്ങള്‍, ജോലി ചെയ്യുന്നതിനടുത്തു തന്നെ വീട് വാടകയ്‌ക്കെടുക്കാന്‍ മാത്രം ശമ്പളം ലഭിക്കാത്ത അവസ്ഥ തുടങ്ങി ദിവസവും യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധി. 

ഈ നീണ്ട യാത്രാ സമയത്തില്‍ നിന്നു ജീവനക്കാരെ രക്ഷിക്കാന്‍ ഫ്ലക്‌സിബിള്‍ ജോലി സമയം നടപ്പിലാക്കാത്ത കമ്പനികള്‍ക്കു മിടുക്കരായ തൊഴിലാളികളെ വൈകാതെ നഷ്ടമാകുമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെയുള്ള ഉദാര ജോലി സമയവുമായിട്ടാണു പല പ്രമുഖ കമ്പനികളും ജീവനക്കാരെ പിടിച്ചു നിര്‍ത്തുന്നത്. ഫ്ലക്‌സിബിള്‍ ജോലി സമയത്തിനു മെച്ചപ്പെട്ട പദവിയേക്കാൾ പ്രാധാന്യം നല്‍കുന്നവരാണ് ഇന്ത്യയിലെ 49 ശതമാനം പേരെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ജോലിയും ജീവിതവും ബാലന്‍സു ചെയ്ത് കൊണ്ടു പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് പുതുതലമുറയിലെ ജോലിക്കാര്‍ പലരും. ഫ്ലക്‌സിബിള്‍ ജോലി സമയം ഈ ബാലന്‍സ് തെറ്റാതെ നോക്കുമെന്നു സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com