ADVERTISEMENT

വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് ഇംഗ്ലിഷ് റാങ്ക് ലിസ്റ്റുകളിൽ അപ്രഖ്യാപിത നിയമന നിരോധനം. 10 ജില്ലകളിലായി ഈ തസ്തികയ്ക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് 249 പേർക്ക് മാത്രമാണ് ഇതുവരെ നിയമനശുപാർശ നൽകിയിരിക്കുന്നത്. ബാക്കി നാലു ജില്ലകളിലെ ലിസ്റ്റിൽ നിന്ന് ഒരാൾക്കുപോലും നിയമനം നൽകാൻ കഴിഞ്ഞില്ല. തസ്തിക സൃഷ്ടിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പിന്റെ തലതിരിഞ്ഞ സമീപനവും ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കാൻ മറ്റ് അധ്യാപകരെ നിയോഗിക്കുന്നതുമാണ് റാങ്ക് ലിസ്റ്റുകളിലെ നിയമനത്തെ പിന്നോട്ടടിക്കുന്നത്. 

കെഇആർ പ്രകാരം ഇംഗ്ലിഷ് ഭാഷാവിഷയമാണെങ്കിലും എച്ച്എസ്എ ഇംഗ്ലിഷിന്റെ സ്റ്റാഫ്‌ ഫിക്‌സേഷൻ നടത്തുന്നത്  കോർ സബ്ജക്ട് വിഭാഗത്തിൽ പെടുത്തിയാണ്. കെഇആറിനു വിരുദ്ധമായാണ് ഈ തസ്തികയിൽ സ്റ്റാഫ്‌ ഫിക്‌സേഷൻ നടക്കുന്നത്. ഇത്തരത്തിൽ കോർ സബ്ജെക്ട് ആയി പരിഗണിക്കുന്നതിനാൽ കേരളത്തിൽ 350ൽ അധികം സർക്കാർ ഹൈസ്കൂളുകളിൽ ഇംഗ്ലിഷ് പഠിപ്പിക്കുന്നത് യോഗ്യതയില്ലാത്ത അധ്യാപകരാണ്. അതിനാൽ കുട്ടികളുടെ ഇംഗ്ലിഷ് ഭാഷ പരിജ്ഞാനം പരിതാപകരമായ അവസ്ഥയിലാണെന്ന പരാതി ഉയരുന്നുണ്ട‌്.

07–01–2002ലെ സർക്കാർ ഉത്തരവ് (11/02.പൊ.വി)  പ്രകാരമാണ് സർക്കാർ ഹൈസ്കൂളുകളിൽ ഇംഗ്ലിഷ് ഭാഷാധ്യാപക തസ്തിക അനുവദിക്കുന്നത്. എന്നാൽ ഇത്  കോർ സബ്ജെക്ട് വിഭാഗത്തിനു മാത്രം ബാധകമാണ്. 2003ൽ ഇതിനു ഭേദഗതി  വന്നതോടെ ഇംഗ്ലിഷ് ഒരു ഭാഷാവിഷയമായി മാറുകയും  ആദ്യ ഉത്തരവിലെ പട്ടികയിൽ നിന്നൊഴിവാക്കുകയും ചെയ്തു. ഇതനുസരിച്ച് ഇംഗ്ലിഷ് ഭാഷാധ്യാപക തസ്തിക നിർണയിക്കേണ്ടത് മറ്റുഭാഷാവിഷയങ്ങളെപ്പോലെ പിരിയഡ് അടിസ്ഥാനത്തിലാണ്. ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മാത്രമായ 2002ലെ ഉത്തരവിന് 2003ൽ ഭേദഗതി വന്നതോടെ അസാധുവായിക്കഴിഞ്ഞു.  അതിനാൽ ഇംഗ്ലിഷ് ഭാഷാധ്യാപക തസ്തിക കെഇആർ പ്രകാരം  പിരിയഡ് അടിസ്ഥാനത്തിൽ നടത്തേണ്ടതും കോർ സബ്ജെക്ടിന് മാത്രം ബാധകമായ 2002 ഉത്തരവിലെ അനുബന്ധപ്പട്ടിക ഇംഗ്ലിഷ് ഒഴിവാക്കി പുന ക്രമീകരിക്കേണ്ടതുമാണ്. 

2003ലെ ഉത്തരവനുസരിച്ച് ഒരു എച്ച്എസ്എ ഇംഗ്ലിഷ് സ്ഥിര അധ്യാപകനെ നിയമിക്കാൻ കെഇആർ അനുശാസിക്കുന്ന 15 പിരിയഡാണ് വേണ്ടത്. ഇതനുസരിച്ച് മൂന്ന് ഡിവിഷൻ ഉള്ള എല്ലാ സർക്കാർ ഹൈസ്കൂളുകളിലും ഇംഗ്ലിഷ് സ്ഥിര അധ്യാപകനെ നിയമിക്കണം. എന്നാൽ സംസ്ഥാനത്ത് 350ൽ അധികം സർക്കാർ ഹൈസ്കൂളുകളിൽ യോഗ്യതയുള്ള ഇംഗ്ലിഷ് അധ്യാപകർ കുറവാണ്. അഞ്ചു ഡിവിഷനിൽ കൂടുതലുള്ള സർക്കാർ ഹൈസ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ യോഗ്യരായ ഇംഗ്ലിഷ് അധ്യാപകരിൽ നിന്ന് ഉന്നതനിലവാരമുള്ള ഇംഗ്ലിഷ് ഭാഷ പഠിക്കുമ്പോൾ ഡിവിഷൻ കുറവായ കാരണത്താൽ അഞ്ചു ഡിവിഷനിൽ താഴെയുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ നിശ്ചിത യോഗ്യതയില്ലാത്തവരിൽ നിന്നു  ഭാഷ പഠിക്കാൻ നിർബന്ധിതരാകുന്നു.

കെഇആർ അനുസരിച്ചു മാത്രമേ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സ്റ്റാഫ്‌ ഫിക്‌സേഷൻ നടത്താൻ അനുവാദമുള്ളൂ.  എന്നാൽ എച്ച്എസ്എ ഇംഗ്ലിഷിന്റെ തസ്തിക നിർണയം വർഷങ്ങളായി ഇതിനു വിരുദ്ധമായാണ് നടക്കുന്നത്. കെഇആർ ചാപ്റ്റർ r XXIIl റൂൾ ii A (j) പ്രകാരം എച്ച്എസ്എ ഇംഗ്ലിഷ് ഭാഷാവിഷയങ്ങളുടെ കൂട്ടത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെഇആർ Chapter XXXI B (X) i & ii അനുസരിച്ച് ഇംഗ്ലിഷിൽ ബിരുദവും ബിഎഡും ഉള്ളവർക്കു മാത്രമേ ഹൈസ്കൂൾ തലത്തിൽ ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കാൻ കഴിയൂ. ഭാഷാവിഷയങ്ങളിൽ എല്ലാം പിരിയഡ് അടിസ്ഥാനത്തിൽ ആണ് തസ്തിക നിർണയം നടത്തേണ്ടത്. ഹൈസ്കൂൾ തലത്തിൽ ഇംഗ്ലിഷിന് മൂന്നു ഡിവിഷൻ ഉള്ള സ്കൂളിൽ 15 പിരിയഡ്‌ ആണ് ഉള്ളത്. ഇതനുസരിച്ച് ഇംഗ്ലിഷ് ഭാഷയ്ക്ക് എല്ലാ സർക്കാർ ഹൈസ്കൂളിലും യോഗ്യതയുള്ള സ്ഥിരാധ്യാപകരെ നിയമിക്കണം. മറ്റു ഭാഷാവിഷയങ്ങളായ മലയാളം, ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം  തുടങ്ങി എല്ലാ ഭാഷകൾക്കും 15 പിരിയഡിന് ഒരു  ഭാഷാ സ്ഥിരാധ്യാപകനെ നിയമിക്കുമ്പോൾ ലോക ഭാഷയായ ഇംഗ്ലിഷിന് മാത്രം യോഗ്യതയുള്ള ഭാഷാധ്യാപകരെ നിയമിക്കാത്തത് അനീതിയാണെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 

ഇതുവരെ നടന്നത് 249 നിയമനശുപാര്‍ശ
എച്ച്എസ്എ ഇംഗ്ലിഷ് തസ്തികയ്ക്ക് വിവിധ ജില്ലകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് 249 പേർക്കാണ് ഇതുവരെ നിയമനശുപാർശ നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ നിയമനശുപാർശ നടന്നത് മലപ്പുറം ജില്ലയിൽ– 96. ഏറ്റവും കുറവ് നിയമനം ആലപ്പുഴ ജില്ലയിൽ– 01. പത്തനംതിട്ട, കോ‌ട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒരാൾക്കുപോലും നിയമനശുപാർശ നൽകിയിട്ടില്ല. ബാക്കി ജില്ലകളിലെ നിയമനശുപാർശ ഇനി പറയുന്നു. തിരുവനന്തപുരം– 17, കൊല്ലം– 16, ഇടുക്കി– 03, പാലക്കാട്– 46, കോഴിക്കോട്– 08, വയനാട്– 21, കണ്ണൂർ– 12, കാസർകോട്– 22.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com