sections
MORE

വരൂ പോകാം പറക്കാം! രാജ്യത്തെ മികച്ച സർവകലാശാലകൾ വിളിക്കുന്നു

central-university
ഷിഹാബുദ്ദീൻ, ജുമാന, വിവേക്, ഷഹാന, ഗൗരി, ഷെഫീഖ്
SHARE

ആർട്സ് ആൻഡ് സയൻസ് വിദ്യാർഥികൾക്കു കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലായി 14 കേന്ദ്ര സർവകലാശാലകളിലേക്കും ബെംഗളൂരുവിലെ ഡോ.ബി.ആർ.അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിലേക്കും ഒറ്റ പ്രവേശനക്കടമ്പ– ക്യുസെറ്റ് (CUCET). 

കാസർകോട് പെരിയയിലാണു കേരള കേന്ദ്ര സർവകലാശാലയുടെ പ്രധാന ക്യാംപസ്. കാസർകോട് പടന്നക്കാട് (സയൻസ്), തിരുവല്ല (ലോ), തിരുവനന്തപുരം പട്ടം (ഇന്റർനാഷനൽ റിലേഷൻസ്) എന്നിവിടങ്ങളിലും സെന്ററുകളുണ്ട്. അപേക്ഷയ്ക്കും കോഴ്സ് വിവരങ്ങൾക്കും വെബ്സൈറ്റ്: www.cucetexam.in

പരീക്ഷ ഇങ്ങനെ
ദേശീയതലത്തിലെ പ്രധാന പ്രവേശനപരീക്ഷകളുടെ മാതൃക തന്നെയാണു ക്യുസെറ്റിനും. മേയ് 25, 26 തീയതികളിലാണു പരീക്ഷ. 2 മണിക്കൂർ വീതമുള്ള 3 പേപ്പറുകൾ. ഇംഗ്ലിഷ്, പൊതുവിജ്‍ഞാനം, അടിസ്ഥാന ഗണിതം, വിശകലന ശേഷി, മാനസിക ശേഷി എന്നിവ അളക്കുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. നെഗറ്റിവ് മാർക്കുമുണ്ട്. 

വെബ്സൈറ്റിലെ മാതൃകാ ചോദ്യക്കടലാസുകൾ ഉപയോഗിച്ചു പരിശീലനം നേടാം. കേരളത്തിൽ ഇടുക്കി, പത്തനംതിട്ട, കൊല്ലം, മലപ്പുറം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 

നേട്ടങ്ങൾ ഏറെ
കേന്ദ്ര സർവകലാശാലാ കോഴ്സുകൾ ദേശീയ, രാജ്യാന്തര തലങ്ങളിൽ കൂടുതൽ അംഗീകരിക്കപ്പെടുന്നു. ഫീസും കുറവ്. മികച്ച സിലബസിനു പുറമേ ദേശീയതലത്തിൽ കഴിവു തെളിയിച്ച അധ്യാപകരുമുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കൊപ്പം പഠിക്കാം. നല്ല മാർക്ക് നേടുന്നവർക്കു സ്കോളർഷിപ്പുണ്ട്. 

ഓർക്കാം
അപേക്ഷ: ഏപ്രിൽ 13 വരെ
അഡ്മിറ്റ് കാർഡ്: മേയ് 10
പരീക്ഷ: മേയ് 25,26

നമ്മളിവിടെ മൽസരിക്കുന്നത് അക്കാദമിക് മേഖലയിലെ ഉയരത്തിൽ പറക്കുന്ന പരുന്തുകളോടാണ്. സ്വാഭാവികമായി നമ്മളും പരുന്തുകളാകും. 

ഷിഹാബുദ്ദീൻ ക്ലായിക്കോട്(എംഎസ്‍ഡബ്ല്യു)

മിനി ഇന്ത്യയാണ് ഓരോ കേന്ദ്ര സർവകലാശാലയും. പഠനത്തോടൊപ്പം രാജ്യത്തെ മുഴുവൻ അറിയാനും ആഘോഷിക്കാനും വഴിയൊരുക്കുന്നു. 

വിവേക് തമ്പാൻ(എംഎസ്‍ഡബ്ല്യു)

ഇവിടുത്തെ സർട്ടിഫിക്കറ്റിന് സംസ്ഥാന സർവകലാശാലകളിലെ കോഴ്സുകളേക്കാൾ വലിയ വിലയുണ്ട്.  

ഗൗരി സുരേഷ് കുമാർ(എംഎസ്‍ഡബ്ല്യു)

ഡൽഹി ജെഎൻയു കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്റർനാഷനൽ റിലേഷൻസ് വകുപ്പ് തിരുവനന്തപുരം പട്ടം ക്യാംപസിലാണ്. ഇംഗ്ലിഷ് സംസാരിക്കുമ്പോഴുള്ള തട്ടുംമുട്ടും ഇവിടെ എത്തുന്നതോടെ തീരും. 

കെ.ജുമാന അസിം(ഇന്റർനാഷനൽ റിലേഷൻസ്)

രാജ്യാന്തര തലത്തിലേക്കു വിദ്യാർഥികളെ ഉയർത്താൻ കഴിയുന്ന കോഴ്സുകളാണ് ഇവിടെ. പഠിച്ചിറങ്ങുന്നവർക്കെല്ലാം ഉടൻ ജോലി ലഭിക്കാറുണ്ട്. 

 ഷഹാന സനം(എംഎസ്‍ഡബ്ല്യു)

അധ്യാപകരായി എത്തുന്നതു രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രഗത്ഭരാണ്. അതിന്റെ ഗുണം പഠനത്തിൽ മാത്രമല്ല, നമ്മുടെ കാഴ്ചപ്പാടിലുമുണ്ടാകും. 

വി.സി. ഷെഫീഖ്(എംഎസ്‍ഡബ്ല്യു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA