ADVERTISEMENT

ജൂലൈ മുതൽ ഒാൺലൈൻ പരീക്ഷകൾക്ക് പ്രത്യേക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കേണ്ടെന്ന് പിഎസ്‌സി തീരുമാനം. ഒഎംആർ/ഒാൺലൈൻ പരീക്ഷകൾ ഉൾപ്പെടുത്തി (വിവരണാത്മക പരീക്ഷകൾ ഉണ്ടെങ്കിൽ അതും) ഒരു പരീക്ഷാ കലണ്ടർ മാത്രമേ പ്രസിദ്ധീകരിക്കൂ.  കൺഫർമേഷൻ നൽകേണ്ട അവസാന തീയതിക്കകം 10,000ൽ താഴെ ഉദ്യോഗാർഥികൾ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ എല്ലാ ഒഎംആർ പരീക്ഷകളും പിന്നീട് ഒാൺലൈനിലേക്കു മാറ്റും. ഏതൊക്കെ പരീക്ഷകളാണ് ഒാൺലൈനിലേക്ക് മാറ്റിയതെന്ന് ഉദ്യോഗാർഥികളെ അറിയിക്കും.  സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽകൂടി ഒാൺലൈൻ പരീക്ഷ വ്യാപിപ്പിച്ചതിന്റെ ഭാഗമായാണ് പുതിയ പരിഷ്ക്കാരം. 

മേയിലെ പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തിയ രണ്ട് ഒഎംആർ പരീക്ഷകൾ ഒാൺലൈനിലേക്കു മാറ്റിയിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (എംഎംവി) തസ്തികയ്ക്ക് മേയ് 22നു നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷയും, പിഎസ്‌സിയിൽ സിസ്റ്റം അനലിസ്റ്റ്/സീനിയർ പ്രോഗ്രാമർ തസ്തികയ്ക്ക് മേയ് 24നു നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷയുമാണ് ഒാൺലൈനിലേക്കു മാറ്റിയത്. 

ട്രെയിനിങ് ഇൻസ്ട്രക്ടർ (എംഎംവി) തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന് 5665 പേർ അപേക്ഷിച്ചിരുന്നെങ്കിലും 3231 േപർ‌ മാത്രമേ കൺഫർമേഷൻ നൽകിയിട്ടുള്ളൂ. ഈ തസ്തികയുടെ തസ്തികമാറ്റം വഴിയുള്ള പരീക്ഷയ്ക്ക് ഒരു അപേക്ഷകൻ മാത്രമേയുള്ളൂ. പിഎസ്‌സിയിൽ സിസ്റ്റം അനലിസ്റ്റ്/സീനിയർ പ്രോഗ്രാമർ തസ്തികയിൽ 2586 അപേക്ഷകരുണ്ടായിരുന്നെങ്കിലും 1720 പേർ മാത്രമേ കൺഫർമേഷൻ നൽകിയിട്ടുള്ളൂ. 

ജൂണിലെ പരീക്ഷാ കലണ്ടറിലും ഇതുപോലെ 10,000ൽ താഴെ ഉദ്യോഗാർഥികൾ കൺഫർമേഷൻ നൽകുന്ന ഒഎംആർ പരീക്ഷകൾ ഒാൺലൈനിലേക്കു മാറ്റും.  ജൂണിലെ പരീക്ഷകൾക്ക് കൺഫർമേഷൻ നൽകേണ്ട അവസാന തീയതി ഏപ്രിൽ 11 ആണ്. ഇതിനു േശഷമായിരിക്കും ഏതൊക്കെ പരീക്ഷകൾ ഒാൺലൈനിലേക്കു മാറ്റണമെന്ന് തീരുമാനിക്കുക. ജൂണിൽ നാല് ഒാൺലൈൻ പരീക്ഷകൾ നടത്താൻ ഇപ്പോൾതന്നെ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. 

ഒാൺലൈൻ പരീക്ഷകൾ ഇനി സ്വാശ്രയ കോളജുകളിലും 
പിഎസ്‌സിയുടെ ഓൺലൈൻ പരീക്ഷകൾ  സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്കു കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചു.  സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കിയ സാഹചര്യത്തിലാണു സ്വകാര്യ സ്വാശ്രയ കോളജുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നത്. കൂടുതൽ സീറ്റ് ഓൺലൈൻ പരീക്ഷയ്ക്കു സജ്ജമാക്കുന്നതിനു തയാറുള്ള സ്വാശ്രയ എൻജിനീയറിങ് കോളജ് അധികൃതരിൽ നിന്നു സമ്മതപത്രം ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് പിഎസ്‌സിയുടെ വെബ്്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

പിഎസ്‌സി പരീക്ഷകൾ ഉൾപ്പെടെയുള്ളവ സംബന്ധിച്ച വിവരങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നൽകും. ഇതിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അവർക്ക് വിവരങ്ങൾ നൽകുന്നതിനായി കൈപ്പുസ്തകം തയാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com