ADVERTISEMENT

ഐഎഫ്‌എസ്, ഐഎഎസ്, ഐപിഎസ് തുടങ്ങിയ ഉന്നത സർവീസുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സിവിൽ സർവീസ് പരീക്ഷ നമുക്കൊന്നും മാറ്റുരയ്‌ക്കാവുന്നതല്ല എന്ന മനോഭാവം പലരെയും പിന്നോട്ടടിപ്പിക്കാറുണ്ട്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണു സിവിൽ സർവീസ്. പക്ഷേ, വെറുതെ പോയി പരീക്ഷയെഴുതുക എന്ന മനോഭാവം പാടില്ല. ഏതെങ്കിലും ബിരൂദമുള്ളവർക്ക് അപേക്ഷിക്കാമെന്നാണ് നിബന്ധനയെങ്കിലും ഒന്നാന്തരം പൊതുവിജ്‌ഞാനം, ഭാഷാപ്രാവീണ്യം എന്നിവയുടെ പശ്‌ചാത്തലത്തോടെ ഒരു വർഷമെങ്കിലും ഏകാഗ്രതയോടെ ആസൂത്രിത തയാറെടുപ്പുണ്ടെങ്കിലേ ദേശീയതലത്തിൽ കൊടിയ കിടമത്സരമുള്ള ഈ പരീക്ഷയിൽ വിജയിക്കാൻ കഴിയൂ. ഇതിനു കഴിവും ക്ഷമയുമുള്ളവരെയാണ് വിജയലക്ഷ്‌മി അനുഗ്രഹിക്കുക.

ചിത്രത്തിന് മറ്റൊരു വശവുമുണ്ട്. പരീക്ഷയ്‌ക്കു ശ്രമിക്കുന്നവരിൽ നേരിയൊരു ശതമാനത്തിനു മാത്രമേ സിവിൽ സർവീസിൽ കയറാൻ കഴിയാറുള്ളൂ എന്നതു ശരി. അഥവാ അതിനു കഴിഞ്ഞില്ലെങ്കിലും ചിട്ടയോടെ നടത്തിയ തയാറെടുപ്പ് സ്വന്തം മത്സരപേശികൾക്ക് അസാധാരണദൃഢത പകരുന്നതു കാരണം മറ്റ് ഏതു മത്സരത്തിലും വിജയിയാകാനുള്ള സാധ്യത ഏറും. സംസ്‌ഥാന തലത്തിലും ദേശീയ തലത്തിലും പിഎസ്‌സി, സ്‌റ്റാഫ് സിലക്ഷൻ കമ്മിഷൻ തുടങ്ങിയവ നടത്തുന്ന മറ്റ് ഒട്ടേറെ മൽസരപരീക്ഷകളിൽ മുന്നിലെത്താൻ ഈ തയാറെടുപ്പ് സഹായിക്കും. എന്നു മാത്രമല്ല, വേണ്ടിവന്നാൽ വീണ്ടും സിവിൽ സർവീസസ് പരീക്ഷയെഴുതും എന്ന സമീപനം പുലർത്തുന്ന പക്ഷം, ഒരു തവണ റാങ്ക് അൽപം മോശമായാലും അടുത്ത തവണത്തേക്ക് ഇപ്പോഴത്തെ പരിശീലനം സഹായമാകുമെന്ന ചിന്ത നമ്മെ പ്രോത്സാഹിപ്പിക്കും. ഒന്നാം റാങ്ക് ഉൾപ്പെടെ ഉന്നത റാങ്കുകൾ നേടിയ പലരും മുൻ വർഷങ്ങളിൽ പിന്നിൽ നിന്നിട്ടും ഉൽസാഹ ത്തോടെ പരിശീലനം തുടർന്നവരാണ്. സിവിൽ സർവീസസ് തയാറെടുപ്പ് ഒരിക്കലും വ്യർത്ഥമല്ല. വിജയിക്കുന്നവരും നമ്മെപ്പോലെയുള്ളവർ തന്നെയാണെന്നോർത്ത് ആത്മവിശ്വാസത്തോടെ ശ്രമിക്കുന്നതു തന്നെയാണ് വിജയത്തിലേക്കുള്ള വഴി.

തയാറെടുപ്പ്
തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, ജീവിതമൂല്യങ്ങൾ, നല്ല പെരുമാറ്റരീതികൾ, തർക്കപരിഹാരശൈലികൾ, ഫലപ്രദമായ ആശയവിനിമയം, പ്രചോദകശീലങ്ങൾ, സാമൂഹികമനഃശാസ്‌ത്രം, മാനേജ്‌മെന്റിലെ അടിസ്‌ഥാനതത്വങ്ങൾ, പൊതുഭരണരീതികൾ, സാമ്പത്തികപ്രവർത്തനങ്ങൾ, നിയമസമാധാനം, ഐടിയുടെ അനുഗ്രഹങ്ങൾ, സുരക്ഷാവ്യവസ്‌ഥകൾ, രാജ്യാന്തരബന്ധങ്ങൾ എന്നിവയിൽ നിന്നു ചോദ്യങ്ങൾ വരാം. തീരുമാനങ്ങൾ കേവലം യാന്ത്രികമായല്ല, മൂല്യങ്ങൾക്കു കൂടി സ്‌ഥാനം നൽകിയാവണം. ചുരുക്കത്തിൽ, പുസ്‌തകപ്പുഴുക്കളെയല്ല, നന്മയുടെ വഴിയിലൂടെ യുക്‌തിയും ബുദ്ധിയും നല്ലവണ്ണം പ്രയോഗിക്കാൻ കഴിവുള്ള ഏറ്റവും മെച്ചമായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുതകുന്ന സിലബസാണ് പ്രിലിമിനറിക്ക്. 

പരിശീലനത്തിനു സഹായകമായ ചില തന്ത്രങ്ങൾ
സിവിൽ സർവീസസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവർ നൽകിയ പല നിർദേശങ്ങളും ബുദ്ധിപൂർവം പരിശോധിച്ചു നമുക്കിണങ്ങുന്നവ സ്വീകരിക്കാവുന്നതാണ്.

. പരീക്ഷയിൽ വിജയിക്കുമെന്ന വിശ്വാസം തുടക്കത്തിലേ പുലർത്തുക.

. പ്രശ്‌നങ്ങൾ സ്വയം വിശകലനം ചെയ്‌തു കാതൽ കണ്ടെത്തി ബോധ്യപ്പെടുക.

. കണ്ണിൽക്കണ്ട കൂറ്റൻ പുസ്‌തകങ്ങളെല്ലാം വാങ്ങിക്കൂട്ടാതെ, പരീക്ഷയ്‌ക്കു പറ്റിയ പുസ്‌തകങ്ങൾ മാത്രം ശേഖരിച്ചു സശ്രദ്ധം പഠിക്കുക. എന്തു പഠിക്കുമ്പോഴും കുറിപ്പെടുത്തു സൂക്ഷിക്കുക.

. അടിസ്‌ഥാനവിഷയങ്ങൾക്ക് എൻസിഇആർടി പുസ്‌തകങ്ങളെ ആശ്രയിക്കുക.

. പ്രസക്‌തഘടകങ്ങളെല്ലാം പരിഗണിച്ച് ഐഛികവിഷയം ബുദ്ധിപൂർവം തിരഞ്ഞെടുക്കുക.

. വിവരണരീതി ഉത്തരങ്ങൾ എഴുതുന്നതിനു മുൻപ് പോയിന്റുകൾ അടുക്കി, ഓരോന്നും വികസിപ്പിക്കുക. എഴുതാനുള്ള വൈഭവത്തിൽ ശ്രദ്ധിക്കുക.

. കണക്കുകളുള്ള വിഷയങ്ങളിൽ അവ ചെയ്‌തു പഠിക്കുക.

. ഐഛികവിഷയങ്ങളിൽ വരാവുന്ന ഉപന്യാസങ്ങൾ ഇനംതിരിച്ച് ഓരോന്നിലെയും പോയിന്റുകൾ ഫയലിൽ ക്രമത്തിന് അടുക്കിയെഴുതി സൂക്ഷിക്കുക.

. മുൻവർഷങ്ങളിലെ ചോദ്യങ്ങൾ വിശകലനം ചെയ്‌ത്, നമുക്കു നേരിടേണ്ടിവരാവുന്ന ചോദ്യങ്ങൾ ബുദ്ധിപൂർവം ഊഹിച്ചു പ്രത്യേകം തയാറെടുക്കുക.

. പ്രിലിമിനറി കഴിഞ്ഞ് ഫലത്തിനു കാത്തു നിൽക്കാതെ മെയിനിനുള്ള തയാറെടുപ്പു തുടരുക.

. പരിശീനത്തിനു 12 15 മാസക്കാലം ഏകാഗ്ര തപസ്സായിക്കരുതി മുന്നേറുക.

. പഠനത്തിനുപറ്റിയ ടൈംടേബിൾ തയാറാക്കി പാലിക്കുകയും, അതിൽ ഇടയ്‌ക്കിടെ പ്രായോഗികമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക.

. ഒബ്‌ജെക്‌റ്റീവ് ചോദ്യങ്ങൾക്കു സമയബദ്ധമായി ഉത്തരമടയാളപ്പെടുത്തി പരിശീലിക്കുക.

. നല്ല രണ്ടു പത്രങ്ങൾ, ഒരു ന്യൂസ് മാഗസീൻ, ഒരു മത്സരപ്പരീക്ഷാ പ്രസിദ്ധികരണം എന്നിവയെങ്കിലും സ്‌ഥിരമായി വായിക്കുക. സഹായകമായ ഓൺലൈൻ മാഗസീനുകളും പ്രയോജനപ്പെടുത്തുക. സുപ്രധാനവാർത്തകളിലെ സംഖ്യകളും വ്യക്‌തി/സ്‌ഥല നാമങ്ങളും മനസിലുറപ്പിക്കുക.

. ഇന്റർനെറ്റ് നോക്കുമ്പോൾ സൈറ്റിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുക.

. ചില ഉപന്യാസങ്ങളെങ്കിലും സമയക്രമം പാലിച്ചു വ്യക്‌തമായ കൈയക്ഷരത്തിൽ എഴുതിനോക്കുക. വിദഗ്‌ധരെ ഇവ കാണിച്ചു നിർദേശങ്ങൾ വാങ്ങുക.

. ഇന്റർവ്യൂവിനു സഹായകമായ വിധത്തിൽ, യഥാർത്ഥ ചിത്രം വെളിവാക്കുന്ന വിധം സ്വന്തം ബയോഡേറ്റ തയാറാക്കിവയ്‌ക്കുക.

. മോക്ക് ഇന്റർവ്യൂവിൽ പങ്കെടുത്ത് തെറ്റുകൾ തിരുത്തുക. ഇന്റർവ്യൂ വേളയിൽ ബോർഡംഗങ്ങളുടെ പ്രതികരണങ്ങളെപ്പറ്റി ചിന്തിച്ചു മനസുപുണ്ണാക്കാതെ ഉത്തരങ്ങളിൽ ശ്രദ്ധിക്കുക. മറ്റൊരാളായി നടിക്കാൻ ശ്രമിക്കാതെ തനിമയും സത്യസന്ധതയും പുലർത്തുക.

. ഇന്റർവ്യൂവിനു പോകുന്നതിനു മുൻപ് പ്രധാന കാലികസംഭവങ്ങൾ കൃത്യതയോടെ പഠിച്ചു വിലയിരുത്തി, അവയെ സംബന്ധിച്ച് അഭിപ്രായങ്ങൾ രൂപപ്പെടുത്തുക. കേരളത്തെപ്പറ്റി പരമാവധി വിവരങ്ങൾ കൃത്യമായി ഓർമ വയ്‌ക്കുക

. കൃത്യതയോടെ തടവില്ലാതെ ഇംഗ്ലിഷിലൂടെയുള്ള ആശയവിനിമയം ശീലിക്കുക.

. വിദേശവ്യക്‌തികളുടെയും സ്‌ഥലങ്ങളുടെയും മറ്റും പേരുകൾ നിലവാരമുള്ള റേഡിയോ/ടിവി ന്യൂസിൽ ശ്രദ്ധിച്ചു കേൾക്കുക. ഇത് ഇന്റർവ്യൂവിൽ തുണയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com