ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽ അപ്രഖ്യാപിത നിയമനനിരോധനം. കാലാവധി അവസാനിക്കാൻ വെറും നാലുമാസം മാത്രം ശേഷിക്കെയാണ് നൂറു കണക്കിന് ഉദ്യോഗാർഥികൾ നിയമനം കാത്തിരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം മുടങ്ങുന്നത്. ലിസ്റ്റ് നിലവിൽ വന്ന് രണ്ടര വർഷം പിന്നിട്ടപ്പോൾ 14 ജില്ലകളിലായി 1484 പേർക്ക് മാത്രമാണ് നിയമനശുപാർശ ലഭിച്ചത്. എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് ഇത്രയും പേർക്കെങ്കിലും നിയമനം ലഭിച്ചത്. അല്ലെങ്കിൽ സ്ഥിതി പരമദയനീയമാകുമായിരുന്നു. എൽഡി ടൈപ്പിസ്റ്റിന്റെ മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 3689 പേർക്ക് നിയമനം ലഭിച്ച സ്ഥാനത്താണ് ഇത്തവണത്തെ  നിയമനനിഷേധം. 

നിലവിലുള്ളതുമില്ല, പ്രതീക്ഷിതവുമില്ല
വിവിധ സർക്കാർ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകളും 2019ലെ പ്രതീക്ഷിത ഒഴിവുകളും ഒരുപോലെ മുടങ്ങിയതാണ് എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു തിരിച്ചടിയായത്. പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് ഇതിനകം മൂന്ന് ഉത്തരവുകൾ പുറത്തിറക്കി. എന്നാൽ എൽഡി ടൈപ്പിസ്റ്റിന്റെ വിരലിലെണ്ണാവുന്നത്ര ഒഴിവുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ആശ്രിത നിയമനം, അന്തർജില്ലാ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം  എന്നിവയുടെ പേരിലെല്ലാം എൽഡി ടൈപ്പിസ്റ്റ് ഒഴിവുകൾ വകമാറ്റുകയാണ്. നിശ്ചിത ശതമാനം ഒഴിവുകൾ മാത്രമേ ഈ രീതിയിൽ വകമാറ്റാൻ പാടുള്ളൂ എന്ന വ്യക്തമായ നിയമമുള്ളപ്പോഴും എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് വിവിധ വകുപ്പുകൾ ഒഴിവുകൾ വകമാറ്റുന്നത്. പൊലീസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ട്രഷറി  തുടങ്ങിയ വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കടുത്ത അലംഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 

മുൻ ലിസ്റ്റിന്റെ കാലാവധി നീട്ടിയതും തിരിച്ചടി
എൽഡി ടൈപ്പിസ്റ്റിന്റെ മുൻ റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു വർഷത്തിലധികം നീണ്ടുപോയത് നിലവിലുള്ള ലിസ്റ്റിൽ ഉൾപ്പെട്ടവരെ വലിയ രീതിയിൽ ബാധിച്ചു. ആയിരത്തിലധികം ഒഴിവുകൾ ഈ രീതിയിൽ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ഒഴിവുകൾ തിരിച്ചു നൽകാൻ സർക്കാർ തയാറാകണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. ഈ തസ്തികയുടെ പുതിയ വിജ്ഞാപനപ്രകാരം ഇതുവരെ പരീക്ഷപോലും നടത്തിയിട്ടില്ലാത്തതിനാൽ നിലവിലുള്ള ലിസ്റ്റുകളുടെ കാലാവധി ആറുമാസംകൂടിയെങ്കിലും നീട്ടണമെന്നാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രധാന ആവശ്യം. സർക്കാർ ഇതിനു തയാറല്ലെങ്കിൽ ലിസ്റ്റിന്റെ കാലാവധിക്കു ശേഷമുള്ള ആറുമാസത്തെ ഒഴിവുകൾ സൂപ്പർന്യൂമററിയായി റിപ്പോർട്ട് ചെയ്താലും മതി. ഇതിലൊന്ന് നടപ്പാക്കിയില്ലെങ്കിൽ റാങ്ക് ലിസ്റ്റിലെ മുൻനിരറാങ്കുകൾ കരസ്ഥമാക്കിയവർക്കു പോലും  നിയമനം ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. പ്രായപരിധി അവസാനിച്ചതിനാൽ ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയാത്ത ധാരാളം പേർ  റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സർക്കാർ ജോലി ലഭിക്കാനുള്ള  ഇവരുടെ അവസാന അവസരമാണിത്.

LD_Typist

ഇതുവരെ 1484 നിയമനം മാത്രം
14 ജില്ലകളിൽ നിലവിലുള്ള എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നടന്നത് 1484 നിയമനശുപാർശ മാത്രം. ഏറ്റവും കൂടുതൽ പേർക്ക് നിയമനം ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്– 227. ഏറ്റവും കുറവ് നിയമനം കാസർകോട് ജില്ലയിൽ– 46. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലും 100 പേർക്ക് തികച്ച് നിയമനം നൽകാൻ കഴിഞ്ഞിട്ടില്ല. അടുത്ത ഒാഗസ്റ്റ് 30ന് നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ റദ്ദാകുകയാണ്. ഇതിനകം പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു നിയമനം നടത്താൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ 2000 പേർക്കുപോലും നിയമനം ലഭിക്കില്ല. 

മുൻ ലിസ്റ്റിൽ നിന്ന് 3689 നിയമനങ്ങൾ
മുൻ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനശുപാർശ ലഭിച്ചത് 3689 പേർക്ക്. ലിസ്റ്റിന്റെ കാലാവധി മൂന്നു വർഷത്തിലധികം നീണ്ടുപോയതാണ് മുൻ ലിസ്റ്റിലുൾപ്പെട്ടവർക്ക് ഗുണകരമായത്. മുൻ ലിസ്റ്റിൽ നിന്ന് ഏറ്റവും കൂടുതൽ പേർക്ക് നിയമനശുപാർശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലായിരുന്നു– 536. ഏറ്റവും കുറവ് നിയമനങ്ങൾ വയനാട് ജില്ലയിൽ– 88. വയനാട്, കാസർകോട് ജില്ലകളിൽ മാത്രമാണ് 100ൽ താഴെ നിയമനശുപാർശ നടന്നത്. ഇടുക്കി, കണ്ണൂർ  ഒഴികെയുള്ള ജില്ലകളിലെല്ലാം 200ൽ അധികം പേർക്ക് നിയമനം ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com