ADVERTISEMENT

പാചകകലയിൽ താൽപര്യമുള്ളവർക്ക് അതിന്റെ മാനേജ്മെന്റ് വശത്തെക്കുറിച്ചു പഠിക്കുവാൻ അവസരമൊരുക്കുന്ന കളിനറി ആർട്സിലെ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ) പ്രോഗ്രാമിലെ പ്രവേശനത്തിന് ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു. നോയിഡ, തിരുപ്പതി എന്നീ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളാണ്. മധ്യപ്രദേശിലെ അമർക്കന്തക്കിലുള്ള ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ സർവകലാശാലയുടെ സഹകരണത്തോടെ നടത്തുന്ന മൂന്നു വർഷത്തെ പ്രോഗ്രാമിലെ പ്രവേശനത്തിനു പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അംഗീകൃത ബോർഡിൽ നിന്നും ഈ പരീക്ഷ, ജനറൽ/ഒബിസി വിഭാഗക്കാരെങ്കിൽ അൻപതും പട്ടികവിഭാഗക്കാരെങ്കിൽ 45ഉം ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. യോഗ്യതാപരീക്ഷ, 2019 ൽ എഴുതുന്നവർക്കും താൽകാലികമായി അപേക്ഷിക്കാം. 2019 സെപ്റ്റംബർ 30നകം യോഗ്യത നേടിയതിന്റെ രേഖ ഇവർ ഹാജരാക്കണം. അംഗീകൃത പ്ലസ്ടു തല യോഗ്യതാപരീക്ഷകളുടെ പട്ടിക www.thims.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്ന ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.

ജനറൽ, ഒബിസി വിഭാഗക്കാരുടെ പ്രായം 1–8–2019 ന് 22 കവിയരുത്. ഇതേ തീയതിയിൽ 27 വയസ് കവിയാത്ത പട്ടികവിഭാഗക്കാരും അപേക്ഷിക്കാൻ അർഹരാണ്.

പ്രവേശന രീതി:
ദേശീയ തലത്തിൽ മേയ് 19നു രാവിലെ 10 മുതൽ 12 വരെ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്. ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലറ്റിക്കൽ ആപ്റ്റിറ്റ്യൂഡ് (20 ചോദ്യങ്ങൾ), റീസണിങ് ആൻഡ് ലോഡിക്കൽ ഡിഡക്ഷൻ (20), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (20) ഇംഗ്ലിഷ് ലാംഗ്വേജ് (20), ആപ്റ്റിറ്റ്യൂഡ് ഫോർ സർവീസ് സെക്ടർ (20) എന്നി വിഷയങ്ങളിൽ നിന്നുമായിരിക്കും മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങൾ. ആപ്റ്റിറ്റ്യൂഡ് ഫോർ സർവീസ് സെക്ടർ ഒഴികെയുള്ള ഭാഗങ്ങളിൽ ശരിയുത്തരത്തിന് ഒരു മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടമാകില്ല. മാതൃകാ ചോദ്യങ്ങൾ, ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.

അപേക്ഷിക്കാൻ:
അപേക്ഷ ഓൺലൈനായി www.ici.nic.in വഴി മേയ് 7 വരെ നൽകാം. www.thims.gov.in. വഴിയും അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറൽ/ഒബിസി വിഭാഗക്കാർക്ക് 1000 രൂപയും പട്ടിക/ഭിന്നശേഷിക്കാർക്ക് 500 രൂപയുമാണ്. നോയിഡയിൽ മാറത്തക്കവിധം ‘ICI’ എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായി തുക അടയ്ക്കാം. അപേക്ഷ നൽകിയ ശേഷം കൺഫർമേഷൻ പേജിന്റെ പ്രിന്റ് ഔട്ട് എടുക്കണം. ഫോട്ടോ, മറ്റു രേഖകൾ, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം പ്രിന്റ് ഔട്ട്, റജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ് വഴി മേയ് 10–നകം ‘ഇൻചാർജ് ഫിനാൻസ് ഓഫിസർ, ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട്, A-35, സെക്ടർ–62, നോയിഡ–201309’ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ഒരിക്കൽ തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രത്തിൽ മാറ്റം വേണമെന്നുള്ളപക്ഷം അതിനുള്ള അപേക്ഷ 1000 രൂപ ഫീസോടെ (ICI എന്ന പേരിൽ നോയിഡയിൽ മാറത്തക്കവിധം ഡിഡി ആയി എടുക്കണം) മേയ് 10–നകം നോയിഡയിലെ ഐസിഐയിലെ ഫിനാൻസ് ഓഫിസർ ഇൻ ചാർജിന് ലഭിക്കണം. മേയ് 13–നും 18 നും ഇടയ്ക്ക് അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.

ഓരോ സ്ഥാപനത്തിലും 120 സീറ്റ് ഉണ്ട്. സംവരണ തത്വങ്ങൾ പാലിച്ചുള്ളതായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് www.thims.gov.in, www.ici.nic.in എന്നീ വെബ്സൈറ്റുകൾ കാണണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com