ADVERTISEMENT

ഭാഭ അണുശക്‌തി ഗവേഷണകേന്ദ്രത്തിന്റെ (BARC) നിയന്ത്രണത്തിൽ ഒരു വർഷ പോസ്‌റ്റ് എംഎസ്‌സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ് പ്രോഗ്രാമിലെ പ്രവേശനത്തിന് െമയ് 25ന് അകം ഓൺലൈൻവഴി അപേക്ഷ നൽകണം. മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സാണിത്. 

സ്‌പോൺസർഷിപ്പില്ലാത്തവർക്ക് 25,000 രൂപ പ്രതിമാസ സ്‌റ്റൈപൻഡ് ലഭിക്കും. സർവകലാശാലാ പദവിയുള്ള ഹോമി ഭാഭ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ടാണ് ഡിപ്ലോമ നൽകുന്നത്. കോഴ്‌സ് ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കും. ആകെ 30 സീറ്റ്. ഇവയിൽ അഞ്ചെണ്ണം സ്പോൺസേഡ് വിഭാഗത്തിന്.

60% എങ്കിലും മാർക്കോടെ ഫിസിക്‌സ് ബിഎസ്‌സിയും എംഎസ്‌സിയും ജയിച്ചിരിക്കണം. ഒക്‌ടോബർ 30ന് അകം മാർക് ലിസ്‌റ്റ് സമർപ്പിക്കാവുന്ന ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2019 ഓഗസ്‌റ്റ് ഒന്നിന് 26 വയസ്സു കവിയരുത്. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു യഥാക്രമം 3, 5, 10 വയസ്സുവരെ പ്രായത്തിൽ ഇളവുണ്ട്. സ്‌പോൺസേഡ് വിഭാഗക്കാർക്ക് ഒരു വർഷത്തെയെങ്കിലും സേവനപരിചയം വേണം.

സിലക്‌ഷന്റെ ഭാഗമായി ജൂൺ 23ന് എഴുത്തുപരീക്ഷ, പിറ്റേന്നു മുതൽ മൂന്നുനാൾ ഇന്റർവ്യൂ എന്നിവയുണ്ട്. 2019ലെ ‘വൺ ഇയർ ഓറിയന്റേഷൻ കോഴ്‌സ് ഫോർ സയൻസ് പോസ്‌റ്റ് ഗ്രാജുവേറ്റ്‌സ്’ (OCES–2019) അപേക്ഷകരിൽ ഫിസിക്‌സ് എംഎസ്‌സിയുള്ളവരെ ഇതിനും പരിഗണിക്കും. പരീക്ഷാകേന്ദ്രം മുംബൈ മാത്രം. ഹോസ്‌റ്റൽ സൗകര്യം ലഭിക്കും. പഠനം പൂർത്തിയാക്കുമെന്ന് കരാർ ഒപ്പിടണം.

അപേക്ഷാഫീ 500 രൂപ ഓൺലൈൻ വഴി അടയ്ക്കാം. വനിതകൾ, പട്ടിക, ഭിന്നശേഷിവിഭാഗക്കാർ, യുദ്ധത്തിൽ വീരചരമമടഞ്ഞവരുടെ ആശ്രിതർ എന്നിവർക്ക് ഫീ ഇല്ല. പ്രവേശനസമയത്ത് 6000 രൂപ ഫീസ് നൽകണം. സ്പോൺസേഡ് വിഭാഗക്കാർക്കുള്ള നിബന്ധനകളുൾപ്പെടെയുള്ള വിവരങ്ങൾക്ക് www.barc.gov.in എന്ന വെബ്‌സൈറ്റിലെ Vacancy ലിങ്ക് നോക്കുക. ഓൺലൈൻ അപേക്ഷയ്ക്ക്: recruit.barc.gov.in. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com