ADVERTISEMENT

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലെ മാർക്ക് സമീകരണത്തിനെതിരെ ഉദ്യോഗാർഥികൾ രംഗത്ത്. രണ്ടു ഘട്ടമായി നടത്തിയ പരീക്ഷയുടെ മാർക്കുകൾ സമീകരിച്ചതിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നാണ്  പരീക്ഷ എഴുതിയവരുടെ പരാതി. ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾ പിഎസ്‌സിക്കു പരാതി നൽകി. പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ച ധാരാളം പേർ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടാതെ പുറത്തായെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ചിലരൊക്കെ സപ്ലിമെന്ററി ലിസ്റ്റിലേക്ക് തഴയപ്പെട്ടു. അശാസ്ത്രീയമായി മാർക്കുകൾ സമീകരിച്ചതാണ് അർഹതയുള്ളവർ പുറത്താകാൻ കാരണമെന്നും ഇവർ പറയുന്നു. 

ഒക്ടോബര്‍ ഏഴിനു നടത്തിയ ഒന്നാം ഘട്ട പരീക്ഷയിൽ 92.33 മാർക്ക്‌ വാങ്ങിയ ആൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ ഒക്ടോബര്‍ 28നു നടത്തിയ രണ്ടാംഘട്ട പരീക്ഷയിൽ 92.33 മാർക്ക് വാങ്ങിയ ആൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുമുണ്ട്.  മെയിൻ ലിസ്റ്റിൽ ആകെ ഉൾപ്പെ‌ടുത്തിയിരിക്കുന്നത് 3684 പേരെയാണ്. ആദ്യഘട്ട പരീക്ഷയുടെ അടിസ്ഥാനത്തിൽ 1310 പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. രണ്ടാം ഘട്ട പരീക്ഷയിൽ നിന്ന് 2374 പേരെ ഉൾപ്പെടുത്തി. മാർക്കുകൾ സമീകരിച്ചതിലെ പാളിച്ചയിലേക്കാണ്  ഇത് വിരൽചൂണ്ടുന്നതെന്നു പരീക്ഷ എഴുതിയവർ പറയുന്നു. 

മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയവരുടെ എണ്ണം വർധിപ്പിക്കണമെന്നും  ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ധാരാളം പേർ കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരാരും സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകില്ല.  റാങ്ക് ലിസ്റ്റിലും ഉൾപ്പെടില്ല. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട ആയിരത്തിലധികം പേർ ഈ രീതിയിൽ പുറത്താകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മെയിൻ ലിസ്റ്റിൽ കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി ലിസ്റ്റ് വിപുലീകരിക്കണം. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ ആയിരത്തിലധികം ഒഴിവുകൾ സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ  നിലവിലുണ്ട്. റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോഴേക്കും ഒഴിവുകൾ ഇനിയും കൂടും. മെയിൻ ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർഥികളില്ലെങ്കിൽ മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കാതെ ലിസ്റ്റ് അവസാനിക്കുകയും ധാരാളം പേരുടെ അവസരങ്ങൾ ഇല്ലാതാകുകയും ചെയ്യും. 

ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പിഎസ്‌സി
മാർക്ക് സമീകരിച്ചതിൽ ഉദ്യോഗാർഥികൾ ആരോപിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പിഎസ്‌സി അധികൃതർ വ്യക്തമാക്കുന്നു.  വിദഗ്ധരുടെ സേവനമുപയോഗിച്ച്, രണ്ടു പരീക്ഷയെയും കൃത്യമായി താരതമ്യം ചെയ്താണ് (ഡിഫിക്കൽറ്റി ലെവൽ) മാർക്കുകൾ സമീകരിച്ചിരിക്കുന്നത്.  അതുകൊണ്ടുതന്നെ അർഹരായ ആരുടെയും അവസരങ്ങൾ ഇല്ലാതായിട്ടില്ല. കൃത്യമായ മാനദണ്ഡ പ്രകാരമാണ് സാധ്യതാ ലിസ്റ്റ് തയാറാക്കിയിരിക്കുന്നതെന്നും  പിഎസ്‌സി അധികൃതർ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com