sections
MORE

റാങ്ക് ജേതാക്കള്‍ മാര്‍ച്ച് ചെയ്യുന്നത് ആര്‍ട്‌സ് & സയൻസ് കോളജുകളിലേക്ക്; സൈക്കോളജിക്കും ജിയോഗ്രഫിക്കും പ്രിയം

karishma-hansika
SHARE

'ഇനി എന്തു പഠിക്കാനാണ് ആഗ്രഹം ? ഒരു 10 വര്‍ഷം മുന്‍പ് ഈ ചോദ്യത്തിന് സ്‌കൂള്‍ തലങ്ങളിലെ റാങ്കു ജേതാക്കള്‍ ഒരേ സ്വരത്തില്‍ നല്‍കിയിരുന്ന ഉത്തരം എന്‍ജിനീയറിങ് അല്ലെങ്കില്‍ എംബിബിഎസ് എന്നതായിരുന്നു. പക്ഷേ, ഇന്നിപ്പോള്‍ കാര്യങ്ങള്‍ അപ്പാടെ മാറി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്കാണു മിടുക്കരായ വിദ്യാർഥികളെല്ലാം മാര്‍ച്ചു ചെയ്യുന്നത്. സംശയമുണ്ടെങ്കില്‍ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഇത്തവണ റാങ്കു നേടിയവര്‍ പറയുന്നത് കേള്‍ക്കൂ. 

അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്കു പങ്കിട്ട  ഗാസിയാബാദ് സ്വദേശി ഹന്‍സിക ശുക്ലയും മുസാഫര്‍നഗര്‍ സ്വദേശി കരിഷ്മ അരോരയും പറയുന്നതു സൈക്കോളജിയില്‍ ഓണേഴ്‌സ് ബിരുദ പഠനം നടത്തുമെന്നാണ്. ബിരുദത്തിനു ശേഷം സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കാനാണു ഹന്‍സികയുടെ പദ്ധതി. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസാണ് ലക്ഷ്യം. കരിഷ്മയാകട്ടെ തനിക്കു ഹ്രസ്വകാല ലക്ഷ്യങ്ങള്‍ കുറിക്കാനാണു താത്പര്യമെന്നും അതിനാല്‍ ബിരുദശേഷമുള്ള ഭാവിയെ കുറിച്ചൊന്നും ഇപ്പം ചിന്തിച്ചിട്ടില്ലെന്നും പറയുന്നു. കഥക് നര്‍ത്തകിയായ കരിഷ്മയ്ക്ക് തന്റെ നൃത്ത പരിശീലനവും തുടരണമെന്നാണു താത്പര്യം. 500 ല്‍ 499 മാര്‍ക്കു നേടിയാണ് ഹന്‍സികയും കരിഷ്മയും ഒന്നാം റാങ്ക് പങ്കിട്ടത്. 

സെക്കോളജിയോടുള്ള പ്രിയം ഒന്നാം റാങ്കുകാരില്‍ ഒതുങ്ങുന്നില്ല. മൂന്നാം റാങ്കു നേടിയ ഡല്‍ഹി സ്വദേശി മെഹക് തല്‍വാറും സൈക്കോളജി ബിരുദപഠനത്തിനു തിരഞ്ഞെടുക്കുമെന്നു പറയുന്നു. 500ല്‍ 497 മാര്‍ക്കു നേടി 18 പേരൊടൊപ്പമാണു മെഹക് തല്‍വാര്‍ മൂന്നാം റാങ്കു പങ്കിടുന്നത്. 498 മാര്‍ക്കു നേടി സിബിഎസ്ഇ രണ്ടാം റാങ്കു നേടിയ ഉത്തരാഖണ്ഡ് സ്വദേശി ഗൗരങ്കി ചൗളയും ബിരുദ പഠനത്തിലേക്കാണു തിരിയാന്‍ ഉദ്ദേശിക്കുന്നത്. ബിഎ ജിയോഗ്രഫി ഓണേഴ്‌സ് പഠനത്തിനു ശേഷം സിവില്‍ സര്‍വീസ് പരീക്ഷ എഴുതി പാസ്സാവുകയാണ് ലക്ഷ്യം. റായ്ബറേലിയിൽ നിന്നുള്ള രണ്ടാം റാങ്ക്കാരി ഐശ്വര്യയും ജിയോഗ്രഫി ഓണേഴ്‌സ് പഠനത്തിനാണ് പോകുന്നത്.

ബിഎ എല്‍എല്‍ബി ഓണേഴ്‌സ് പഠനമാണ്  മൂന്നാം റാങ്ക് പങ്കിട്ട ലഖ്‌നോ സ്വദേശിനി ആയുഷി ഉപാധ്യായയുടെ ലക്ഷ്യം.

മൂന്നാം റാങ്ക് പങ്കിട്ട വീരജ് ജിൻഡാൽ യു എസിൽ പോയി എക്കണോമിക്സും കണക്കും പഠിക്കാൻ ആഗ്രഹിക്കുന്നു. മറ്റൊരു മൂന്നാം റാങ്കുകാരി വൻഷിക ഭഗത് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് പഠിക്കാൻ ലക്ഷ്യമിടുന്നു. 

ടോപ്പർമാരിൽ പലരും ഹ്യുമാനിറ്റീസ് സ്ട്രീം ആയതിനാലാണ് എൻജിനീയറിങ്- മെഡിസിൻ ഇതര മോഹങ്ങൾ പ്രകടിപ്പിക്കുന്നതെന്നു വേണമെങ്കിൽ വാദിക്കാം. സയൻസ് സ്ട്രീം ടോപ്പർമാരിൽ പലരും ജെഇഇ പരീക്ഷയാണു ലക്ഷ്യമിടുന്നത് താനും. പക്ഷേ മൂന്നാം റാങ്കു പങ്കിട്ട മീറട്ട് സ്വദേശി അനന്യ ഗോയലിനെ പോലെയുള്ള വിദ്യാർഥികൾ സയൻസ് സ്ട്രീം ആയിട്ടും അടുത്തത് നിയമപഠനമാണ് തിരഞ്ഞെടുക്കുന്നത്. ചുവരെഴുത്ത് വ്യക്തമാണ്. ക്ലാസിലെ മിടുക്കന്മാരെ കാണണമെങ്കിൽ ഇനി ആർട്സ് & സയൻസ് കോളജുകളിലേക്കു ചെല്ലണം; അല്ലെങ്കിൽ ഐഐടികളിലേക്ക്..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA