ADVERTISEMENT

വില്ലേജ് എക്സ്റ്റെൻഷൻ ഒാഫിസർ റാങ്ക് ലിസ്റ്റുകൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ നിയമനശുപാർശയിൽ പുരോഗതിയില്ല. 14 ജില്ലകളിലുമായി ഈ തസ്തികയ്ക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ 5000ൽ അധികം പേർ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുമ്പോഴും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വകുപ്പുമേധാവികൾ കടുത്ത  അലംഭാവമാണ് പ്രകടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലുമായി 1700 പേർക്കാണ് ഇതുവരെ നിയമനശുപാർശ നൽകിയിരിക്കുന്നത്. നിയമനശുപാർശ ലഭിച്ച ധാരാളം ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കാതെ പോയതുകൊണ്ടാണ് ഇത്രയും പേർക്കെങ്കിലും നിയമനം ലഭിച്ചത്. അല്ലെങ്കിൽ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു. 

രണ്ടു ജില്ലകളിൽ റാങ്ക് ലിസ്റ്റ് റദ്ദായി
വിഇഒ ഗ്രേഡ് രണ്ട് തസ്തികയ്ക്ക് മൂന്നു ജില്ലകളിൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾ ഇതിനകം റദ്ദായി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ലിസ്റ്റാണ് മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി അവസാനിച്ചത്. തിരുവനന്തപുരത്തെ റാങ്ക് ലിസ്റ്റ് 11–04–2019നും എറണാകുളത്തെ ലിസ്റ്റ് 03–05–2019നും റദ്ദായി. പത്തനംതിട്ട ജില്ലയിലെ റാങ്ക് ലിസ്റ്റ് ഈ മാസം 22നും റദ്ദായി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ ജൂണിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ ജൂലൈയിലും റദ്ദാകും. 

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല
വില്ലേജ് എക്സ്റ്റെൻഷൻ ഒാഫിസർ തസ്തികയുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കടുത്ത അലംഭാവമാണ് വകുപ്പുതലവൻമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. പുതിയ ഒഴിവുകൾക്കൊപ്പം എൻജെഡി ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിലും അലംഭാവം പ്രകടമാണ്. മറ്റു തസ്തികകളിൽ, റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന സമയത്തെങ്കിലും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ ഈ തസ്തികയിൽ അങ്ങനെയും ഉണ്ടാകുന്നില്ല. നിയമനശുപാർശ ലഭിച്ച ഉദ്യോഗാർഥി നിശ്ചിത ദിവസത്തിനകം ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ഇത് എൻജെഡി ഒഴിവായി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് ഈ ഒഴിവുകൾ പിഎസ്‌സിയിൽ എത്തിയെങ്കിൽ മാത്രമേ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കൂ.  എന്നാൽ ഗ്രാമവികസന വകുപ്പിൽ ഈ നടപടികൾക്കു കൃത്യതയില്ലാത്തതിനാൽ അവസാന ഘട്ടത്തിലെ ധാരാളം എൻജെഡി ഒഴിവുകൾ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നഷ്ടമാകാൻ സാധ്യതയുണ്ട്. 

പുതിയ പരീക്ഷ വൈകുന്നു
2018 ഡിസംബറിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള വില്ലേജ് എക്സ്റ്റെൻഷൻ ഒാഫിസർ ഗ്രേഡ് രണ്ട് തസ്തികയുടെ പുതിയ പരീക്ഷ വൈകുകയാണ്. ഒാഗസ്റ്റ് വരെയുള്ള പരീക്ഷാ കലണ്ടറാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിഇഒ പരീക്ഷ ഇതിലും ഉൾപ്പെടുത്തിയിട്ടില്ല. 

കാലാവധി നീട്ടണമെന്ന് ഉദ്യോഗാർഥികൾ
നിയമനങ്ങൾ വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ വിഇഒ ഗ്രേഡ് രണ്ട് തസ്തികയ്ക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.  നിലവിലുള്ള ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ മാസങ്ങളോളം റാങ്ക് ലിസ്റ്റ് ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാൻ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകാൻ സർക്കാരും പിഎസ്‌സിയും തയാറാകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com