ADVERTISEMENT

ക്ലാസിൽ നൽകുന്ന അസൈൻമെന്റ് ജൂനിയേഴ്സിനെയോ കാമുകിമാരെയോ അടുത്ത സുഹൃത്തുക്കളെയോ സഹോദരീ സഹോദരന്മാരെയോ കൊണ്ടൊക്കെ എഴുതിപ്പിക്കുന്നതാണ് പലരുടെയും ശീലം. എന്നാൽ സാങ്കേതിക വിദ്യ ഈ വിധം പുരോഗമിക്കുകയാണെങ്കിൽ അത്തരക്കാർക്കൊക്കെ വൈകാതെ പിടി വീഴുമെന്നുറപ്പ്. 

ഒരു വിദ്യാർഥി സ്വന്തമായിട്ടാണോ അതോ മറ്റു വല്ലവരെയും കൊണ്ടാണോ അസൈൻമെന്റ് ചെയ്യിച്ചതെന്ന് കൃത്യമായി കണ്ടെത്താൻ കഴിയുന്ന നിർമ്മിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന സംവിധാനം കണ്ടു പിടിച്ചിരിക്കുകയാണ് ഡെൻമാർക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ ഈ പ്രോഗ്രാമിന് ഗോസ്റ്റ് റൈറ്റർ എന്നാണ് പേരിട്ടിരിക്കുന്നത്. 

കംപ്യൂട്ടർ സഹായത്തോടെ ഗൂഗിളിൽ നിന്നും മറ്റും അസൈൻമെന്റ് പകർത്തി വച്ചാൽ അതു കണ്ടെത്തുന്നതിനു നിലവിൽ നിരവധി പ്ലജിയറിസം സോഫ്ട് വെയറുകൾ ഉണ്ട്. പക്ഷേ മറ്റാരെങ്കിലും തയ്യാറാക്കി കൊടുക്കുന്നതാണോ എന്നു കണ്ടെത്താൻ സംവിധാനമുണ്ടായിരുന്നില്ല. ഗോസ്റ്റ് റൈറ്ററിന്റെ വരവോടെ അക്കാര്യത്തിനും പരിഹാരമായിരിക്കുകയാണ്.

ഒരു വിദ്യാർഥി അസൈൻമെന്റ് സമർപ്പിച്ചു കഴിഞ്ഞാൽ ഗോസ്റ്റ് റൈറ്റർ പ്രോഗ്രാം അത് ആ വിദ്യാർഥിയുടെ മുൻ അസൈൻമെന്റുകളുമായി താരതമ്യപ്പെടുത്തി നോക്കും. ഓരോ അസൈൻമെന്റിനും പുതിയ അസൈൻമെന്റിലെ എഴുത്തിന്റെ ശൈലിയിലെ സാദൃശ്യം നോക്കി സിസ്റ്റം ഒരു ശതമാന സ്കോർ നൽകും. 

അവസാനം അസൈൻമെന്റ് ഡെലിവറി ടൈം പോലുളള മറ്റു ഘടകങ്ങൾ കൂടി പരിഗണിച്ച്  ഈ സ്കോറുകളുടെ ശരാശരി കണക്കാക്കും. ശതമാനക്കണക്കിൽ അവതരിപ്പിക്കുന്ന ഈ ഫൈനൽ സ്കോർ പുതിയ അസൈൻമെന്റും വിദ്യാർഥിയുടെ എഴുത്തു ശൈലിയുമായുള്ള സാദൃശ്യം എത്രമാത്രമാണെന്ന് സൂചിപ്പിക്കും. ഗോസ്റ്റ് റൈറ്റർ പ്രോഗ്രാം വ്യാപകമായാൽ ഇനി അസൈൻമെന്റിൽ ചതി കാണിക്കുന്നവർക്ക് അതിനായി പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടി വരുമെന്നു ചുരുക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com