ADVERTISEMENT

കൊച്ചി കാക്കനാട് നോളജ് പാർക്കിൽ തുടങ്ങുന്ന ക്യാംപസ് വഴി സംസ്ഥാന വിദ്യാഭ്യാസ രംഗത്തേക്കു കാലെടുത്തു വയ്ക്കുകയാണു ജെയിൻ സർവകലാശാല. പരമ്പരാഗത രീതിയിലുള്ള പഠനമല്ല, തൊഴിൽ നേടാനും തൊഴിൽ നൽകാനും വിദ്യാർഥികളെ പ്രാപ്തരാക്കുകയാണു ലക്ഷ്യമെന്നു സർവകലാശാലയുടെ സ്ഥാപക പ്രസിഡന്റ് ഡോ. ചെൻരാജ് റോയ്ചന്ദ് പറയുന്നു.

∙െജയിൻ സർവകലാശാല എത്തുമ്പോൾ കേരളത്തിലെ വിദ്യാർഥികൾക്കു കൂടുതലായി എന്താണു ലഭിക്കുക ?
മത്സരക്ഷമതയും നേതൃപാടവവും വർധിപ്പിക്കാൻ ഉതകുന്ന വിദ്യാഭ്യാസമാകും നൽകുക. പഠന നിലവാരത്തിൽ മാത്രമല്ല, തൊഴിൽപരമായ എല്ലാ മേഖലകളിലും വിദ്യാർഥിയുടെ ഇടപെടൽ ഉറപ്പാക്കിയാലേ ഇതു സാധ്യമാകൂ. ഏതു മേഖലയിലായാലും വിപണിസാധ്യതകളും മാറ്റങ്ങളും അറിഞ്ഞു സ്വയം മാർക്കറ്റ് ചെയ്യാൻ പ്രാപ്തരാകണം. ഇതു സാധ്യമാകുന്നുവെന്ന് ഉറപ്പാക്കുന്ന പഠനപദ്ധതിയാണു ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത്.

∙രാജ്യത്തെ തൊഴിലില്ലായ്മ നിരക്കു വർധിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. വിദ്യാർഥികൾക്കു തൊഴിൽ ഉറപ്പാക്കുന്നതിൽ പ്രാധാന്യം നൽകുന്ന സർവകലാശാല എന്ന നിലയിൽ ഈ സാഹചര്യം ആശങ്കയുയർത്തുന്നുണ്ടോ ?

ജെയിൻ ബെംഗളൂരു ക്യാംപസിൽ പഠനം പൂർത്തിയാക്കുന്നവരിൽ പകുതിയിലേറെപ്പേരും സംരംഭകരാകുകയാണ്. അവർ തൊഴിൽ നൽകുകയാണു ചെയ്യുന്നത്. ഏതാണ്ട്, നാലായിരത്തിലേറെ മലയാളി വിദ്യാർഥികളുണ്ട് ഞങ്ങൾക്ക്. മത്സരക്ഷമതയിൽ മലയാളികൾ മുന്നിലാണ്. എന്നാൽ വിപണിയെ അഭിമുഖീകരിക്കുന്നതിലും ആശയവിനിമയം നടത്തുന്നതിലും ആത്മവിശ്വാസം അൽപം കുറവാണെന്നതാണു പ്രശ്നം. ഈ മേഖലകളിൽ പരിശീലനം ലഭിച്ചാൽ മറ്റേതു സംസ്ഥാനത്തെ വിദ്യാർഥികളേക്കാളും സാധ്യതകളുണ്ട്. സാക്ഷരത മാത്രം പോരാ, ‘ഞങ്ങൾ പ്രാപ്തരാണ്’ എന്ന ആത്മവിശ്വാസം നൽകാനും വിദ്യാഭ്യാസത്തിനാകണം.

ഏതാണ്ട് 2400 കോർപറേറ്റ് കമ്പനികളുമായി ജെയിൻ സഹകരിക്കുന്നുണ്ട്. സ്റ്റാർട്ടപ് ഇൻകുബേഷൻ കേന്ദ്രങ്ങളുമുണ്ട്. സ്വന്തം തൊഴിൽസംരംഭങ്ങൾ ആരംഭിക്കാൻ ധനസഹായവും അവസരങ്ങളും നൽകുന്നുമുണ്ട്. കഴിഞ്ഞ മാസം സംഘടിപ്പിച്ച കരിയർ സംഗമത്തിലൂടെ മാത്രം എണ്ണൂറോളം ഉദ്യോഗാർഥികൾക്കു തൊഴിൽ നൽകാനായിട്ടുണ്ട്.

∙എൻജിനീയറിങ് വിദ്യാർഥികൾക്ക് അവസരം കുറയുന്നു എന്ന പരാതി വ്യാപകമാണ്. ഇതെ കുറിച്ച് എന്താണു പറയാനുള്ളത് ?
21 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായ യുഎസിൽ ഒരു വർഷം പഠിച്ചിറങ്ങുന്നത് ഒരു ലക്ഷം എൻജിനീയർമാർ മാത്രമാണ്.  2.7 ലക്ഷം കോടി ഡോളറിന്റെ മാത്രം സമ്പദ്‌വ്യവസ്ഥയായിട്ടും നമ്മുടെ രാജ്യത്തു പഠിച്ചിറങ്ങുന്നതാകട്ടെ 15 ലക്ഷം എൻജിനീയർമാരും. ഇവരെയെല്ലാം ഉൾക്കൊള്ളാൻ മാത്രമുള്ള വ്യാവസായിക വളർച്ച രാജ്യത്തിനില്ല. 

പരിഹാരം ഒന്നേയുള്ളൂ. ലോകത്തെവിടെയും ജോലി ലഭിക്കും വിധം എൻജിനീയറിങ് വിദ്യാഭ്യാസരീതി പൊളിച്ചെഴുതണം.

∙അക്കാദമിക് കാര്യങ്ങൾക്കു പുറമെ, വിദ്യാർഥികൾക്കു കായിക പരിശീലനം നൽകാനും വൻ ശ്രമം നടത്തുന്നുണ്ടല്ലോ. കൊച്ചി ക്യാംപസിൽ ഇതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമോ?ബെംഗളൂരുവിൽ സർവകലാശാലയ്ക്കു തുടക്കമിട്ടപ്പോൾ അവിടെ ലഭ്യമായ എല്ലാ മൈതാനങ്ങളും സ്പോർട്സ് ക്ലബുകളും ഞങ്ങൾ വാടകയ്ക്കെടുത്തു. വിദ്യാർഥികൾക്കു പരിശീലനത്തിന് അവസരം ഒരുക്കി. ലോകത്തെ തന്നെ മികച്ച പരിശീലകരെയും കൊണ്ടുവന്നു. ബെംഗളൂരു ക്യാംപസിൽ ഇപ്പോഴും നീന്തൽക്കുളമില്ല. 

എന്നാൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നീന്തൽതാരങ്ങൾ പലരുണ്ട്. കൊച്ചിയിലും ഇതേ മാതൃകയാകും പിന്തുടരുക. 

സർവകലാശാലയുടെ സംഭാവനയായി കെ.എൽ. രാഹുൽ, കരുൺ നായർ, മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ തുടങ്ങി കായികതാരങ്ങളുടെ വൻനിര തന്നെയുണ്ട്. 15 വർഷത്തിനുള്ളിൽ ആയിരത്തിലേറെ രാജ്യാന്തര കായികതാരങ്ങളെ വാർത്തെടുക്കാൻ ജെയിനു കഴിഞ്ഞിട്ടുണ്ട്. കൊച്ചിയിലും അതു സാധ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com