ADVERTISEMENT

ഭാവിയിൽ വേണ്ട തൊഴിൽശേഷികളെന്തൊക്കെ; പ്രത്യേകിച്ചും ഡിജിറ്റൽ രംഗത്ത് ? ഏതൊക്കെ വിദഗ്ധ മേഖലകളിലാകും കൂടുതൽ അവസരം ? തൊഴിൽവിപണിയിലെ ഈ ‘എവർഗ്രീൻ’ ചോദ്യത്തിലാണു പ്രഫഷനൽ സോഷ്യൽ നെറ്റ്‍വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇൻ കൊളുത്തിട്ടിരിക്കുന്നത്.

മൈക്രോസോഫ്റ്റ് സ്ഥാപനമായ ലിങ്ക്ഡ്ഇൻ പുറത്തിറക്കിയ ‘ഫ്യൂച്ചർ ഓഫ് സ്കിൽസ് 2019’ റിപ്പോർട്ട് തലക്കെട്ട് സൂചിപ്പിക്കും പോലെ വരുംകാല മാറ്റങ്ങളെക്കുറിച്ചു സൂചന തരുന്നു. കമ്പനികളെയും എച്ച്ആർ ഹ്യൂമൻ റിസോഴ്സസ്) പ്രഫഷനലുകളെയും ഈ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് സ്വയം രൂപപ്പെടുത്താൻ സഹായിക്കുകയാണു റിപ്പോർട്ടിന്റെ ലക്ഷ്യമെങ്കിലും ഇനിയുള്ള കരിയർ സാധ്യതകൾ തിരിച്ചറി‍യാനും അതിനനുസരിച്ചുള്ള ശേഷികൾ ആർജിക്കാനുമുള്ള ഉൾക്കാഴ്ച നമുക്കും പകർന്നുതരുന്നതാണ് അതിലെ വിവരങ്ങൾ.

ഏഷ്യ–പസഫിക് മേഖലയിലെ പ്രധാന രാജ്യങ്ങളിലെ ലക്ഷക്കണക്കിന് അംഗങ്ങളുടെ പ്രൊഫൈലിലെ വിവരങ്ങൾ പ്രത്യേക സോഫ്റ്റ്‍വെയർ ബോട്ട് ഉപയോഗിച്ച് ചികഞ്ഞാണു റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ ആയിരക്കണക്കിനാളുകളുടെ ഉൾപ്പെടുത്തി സർവേ നടത്തുകയും ചെയ്തു. റിക്രൂട്ടിങ് ഏജൻസികൾ ലിങ്ക്ഡ്ഇൻ അംഗങ്ങൾക്കയയ്ക്കുന്ന ഓഫർ മെയിലുകളും അവരുടെ പ്രൊഫൈലിലെ കീവേഡുകളും ഉപയോഗിച്ചാണു കണ്ടെത്തലുകൾ നടത്തിയത്.

റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ‘കത്തിക്കയറുന്ന’ തൊഴിൽമേഖലകൾ ഇവയാണ്– റോബട്ടിക് പ്രോസസ് ഓട്ടമേഷൻ, കംപ്ലയൻസ്, കണ്ടിന്യുവസ് ഇന്റഗ്രേഷൻ. ചൈന, ജപ്പാൻ തുടങ്ങി മറ്റു രാജ്യങ്ങളിലെ ട്രെൻഡും ഇങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ച് പുതിയ മേഖലകളിൽ വൈദഗ്ധ്യം തേടുന്നവർക്കു മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടി സാധ്യതയുണ്ടെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ടോപ് 3

ലിങ്ക്ഡ്ഇൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ സാധ്യതകളേറുന്ന മൂന്നു മേഖലകൾ:

1) റോബട്ടിക് പ്രോസസ് ഓട്ടമേഷൻ (ആർപിഎ)

ആവർത്തനസ്വഭാവമുള്ള ഓഫിസ് ജോലികൾക്കു മനുഷ്യർ വേണമെന്നില്ല; ആ ജോലി കണ്ടുപഠിച്ച് അനുകരിക്കുന്ന സോഫ്റ്റ്‍വെയർ മതി. ഇതിനുള്ള സാങ്കേതികവിദ്യയാണ് ആർപിഎ. ഉദാഹരണത്തിന് കമ്പനിയിലേക്ക് വരുന്ന ആയിരക്കണക്കിന് ഇമെയിലുകൾ വായിച്ച് പ്രസക്തവിവരങ്ങൾ പൊതുവായ ഫയലിലേക്ക് മാറ്റാൻ ക്ലാർക്ക് വേണ്ട, ഒരു ആർപിഎ പ്രോഗ്രാം മതി.

ഒരു വശത്തു മനുഷ്യരുടെ ജോലി കളയുന്ന സാങ്കേതികവിദ്യയാണെങ്കിലും മറുവശത്ത് വിദഗ്ധ തൊഴിൽമേഖലയെന്ന നിലയിൽ പുതിയ കുറച്ചുപേർക്കു ജോലി കിട്ടുകയും ചെയ്യുന്നു. റോബട്ടിക്സ്, ഓട്ടമേഷൻ തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യമാണ് ആർപിഎയ്ക്കു വേണ്ടത്.

2) കംപ്ലയൻസ് (Compliance)

ചട്ടങ്ങളും നിയമങ്ങളും കമ്പനികൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ട ചുമതലയാണു കംപ്ലയൻസ് വിദഗ്ധർക്കുള്ളത്. വ്യക്തികളുടെ വിവരസുരക്ഷയ്ക്കായി യൂറോപ്പിൽ ഈയിടെ കൊണ്ടുവന്ന ജനറൽ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) പോലെയുള്ള നിയമങ്ങൾ ഉദാഹരണം. നിയമപരിജ്ഞാനം കൂടിയുള്ള സാങ്കേതികവിദഗ്ധരുടെ സേവനം കൂടുതൽ വേണ്ടിവരും..

3) കണ്ടിന്യുവസ് ഇന്റഗ്രേഷൻ

ഏറെയും കമ്പനികൾ ഡിജിറ്റലായിത്തുടങ്ങിയതോടെ സോഫ്റ്റ്‍വെയറുകളും കോഡുകളും നിരന്തരം അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇവ തുടർച്ചയായി ടെസ്റ്റ് ചെയ്ത് കൃത്യത ഉറപ്പാക്കുന്നുണ്ട്. കോഡിലെ കുഴപ്പങ്ങൾ അതിവേഗം കണ്ടെത്തുന്നതിനുള്ള രീതിയാണ് കണ്ടിന്യുവസ് ഇന്റഗ്രേഷൻ. സോഫ്റ്റ്‌വെയർ എൻജിനീയർമാർ ഈ രംഗത്തു വൈദഗ്ധ്യം ഉറപ്പാക്കുന്നതു നല്ലത്. 

മറ്റു പ്രധാന രാജ്യങ്ങളിലെ ട്രെൻഡ്:

ചൈന

∙ ഫ്രണ്ട് എൻഡ് വെബ് ഡവലപ്മെന്റ്

∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

∙ ബ്ലോക്ചെയിൻ

ജപ്പാൻ

∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

∙ ജെസ്ചർ റെക്കഗ്നിഷൻ ടെക്നോളജി

∙ ബ്ലോക്ചെയിൻ

സിംഗപ്പൂർ

∙ ബ്ലോക്ചെയിൻ

∙ വർക്ഫ്ലോ ഓട്ടമേഷൻ

∙ ഹ്യൂമൻ സെന്റേഡ് ഡിസൈൻ

‘പഠിക്കാൻ അവസരമില്ല’

പുതിയ കാര്യങ്ങൾ പഠിക്കാനും വളരാനുമുള്ള സാഹര്യമില്ലാത്തതിനാൽ ഇന്ത്യയിൽ കമ്പനി ഉപേക്ഷിക്കുന്നവരുടെ നിരക്ക് ഏഷ്യ–പസിഫിക് ശരാശരിയേക്കാൾ 12 % കൂടുതൽ. പട്ടികയിൽ മുന്നിൽ നിൽക്കുന്നതും ഇന്ത്യ തന്നെ. ഏഷ്യ–പസിഫിക് മേഖലയിൽ 33 % പേരും ഇത്തരത്തിൽ ജോലി ഉപേക്ഷിച്ചവരാണ്. വിവിധ രാജ്യങ്ങളിലെ തോത് ഇങ്ങനെ:

∙ ഇന്ത്യ 45 %

∙ സിംഗപ്പൂർ 42 %

∙ ഓസ്ട്രേലിയ 29 %

∙ ജപ്പാൻ 16 %

ഓൺലൈൻ പഠനം, മൊബൈൽ പഠനം

ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ടിലെ മറ്റു ചില പ്രധാന കണ്ടെത്തലുകൾ:

∙ ഓൺലൈൻ പഠനം അനിവാര്യമാണെന്ന് കരുതുന്ന ഇന്ത്യക്കാർ 60 %.

∙ പുതിയ തലമുറയിലെ 42 % പേരും മൊബൈൽ ഫോണിൽ പഠിക്കാൻ ആഗ്രഹിക്കുന്നു.

∙ സോഫ്റ്റ് സ്കില്ലുകളുള്ള ജീവനക്കാരെ കിട്ടുന്നതിൽ ബുദ്ധിമുട്ടെന്ന് 89 % തൊഴിൽദാതാക്കൾ.

∙ ജോലിയിൽ പിടിച്ചുനിൽക്കാൻ സോഫ്റ്റ് സ്കില്ലുകൾ പ്രധാനമെന്നു കരുതുന്ന ഇന്ത്യക്കാർ 60 %. ഓസ്ട്രേലിയയിൽ ഇത് 52 % മാത്രം.

∙ വിപണിക്ക് ആവശ്യമായ കഴിവുകൾ അതിവേഗം മാറുന്നതിനാൽ ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതുന്ന ഇന്ത്യക്കാർ 62 %.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com