sections
MORE

കെഎഎസ് വിജ്ഞാപനം ഓഗസ്റ്റിൽ

1149259474
SHARE

സംവരണവുമായി ബന്ധപ്പെട്ട അവസാന കടമ്പയും കടന്ന് കെഎഎസ് യാഥാർഥ്യമാകുന്നു. മൂന്നു സ്ട്രീമുകളിലും സംവരണതത്വം ഏർപ്പെടുത്താനുള്ള ഭേദഗതി ചട്ടങ്ങൾ സർക്കാർ അംഗീകരിച്ചതോടെ  കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള   തടസങ്ങളെല്ലാം നീങ്ങി. ഒാഗസ്റ്റിൽ  വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിക്കും. പ്രാഥമിക ഒബ്ജക്ടീവ് പരീക്ഷ, വിവരണാത്മക മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഒബ്ജക്ടീവ് പരീക്ഷ അടുത്ത വർഷം ആദ്യം നടക്കും. ഇതിൽ വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷ.  മെയിൻ പരീക്ഷയിലെ വിജയികൾക്ക് ഇന്റർവ്യൂകൂടി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒാൺസ്ക്രീൻ മാർക്കിങ് രീതിയിൽ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാക്കുന്നതിനാൽ മെയിൻ പരീക്ഷാഫലം വൈകില്ല. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ അടുത്ത വർഷം അവസാനത്തോടെ നിയമനശുപാർശ നൽകാൻ കഴിയുമെന്നാണ് പിഎസ്‌സി കണക്കാക്കുന്നത്. 

തിരഞ്ഞെടുപ്പ് 3 സ്ട്രീമുകളായി
കെഎഎസിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാല ബിരുദമാണ്. മൂന്നു സ്ട്രീമുകളായാണ് തിരഞ്ഞെടുപ്പ് നടത്തുക. പൊതുവിഭാഗത്തിലെ ഉദ്യോഗാർഥികളിൽ നിന്ന് നേരിട്ടുള്ള നിയമനത്തിനു പുറമേ സർക്കാർ ജീവനക്കാർക്ക് തസ്തികമാറ്റം വഴിയും അപേക്ഷ നൽകാം. ഇതിൽതന്നെ ഒന്നാം ഗസറ്റഡും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കും, മറ്റുള്ളവർക്കും രണ്ട് വ്യത്യസ്ത സ്ട്രീമുകളുണ്ട്. നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 21–32. വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന വർഷം ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുക. അടുത്ത മാസം വിജ്ഞാപനം പ്രസിദ്ധീകരിക്കുമെങ്കിൽ 2019 ജനുവരി ഒന്നിന്റെ അടിസ്ഥാനത്തിൽ പ്രായപരിധി നിശ്ചയിക്കും. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. സ്ട്രീം രണ്ടിന്റെ (വിവിധ സർക്കാർ വകുപ്പുകളിലെ സ്ഥിര ജീവനക്കാരൻ അല്ലെങ്കിൽ അപ്രൂവ്ഡ് പ്രബേഷനർ) പ്രായപരിധി 21–40. സംവരണം ബാധകമാക്കിയിരിക്കുന്നതിനാൽ  ഇതിലും സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. സ്ട്രീം മൂന്നിന്റെ (ഒന്നാം ഗസറ്റഡും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരും) പ്രായപരിധി 50 വയസ്. സംവരണം ബാധകമാണെങ്കിലും സ്ട്രീം മൂന്നിൽ ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടില്ല.

വിവിധ സർക്കാർ വകുപ്പുകളിലും സെക്രട്ടേറിയറ്റിലുമുള്ള രണ്ടാമത്തെ ഗസറ്റഡ് തസ്തികകളുടെ 10 ശതമാനമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ എൻട്രി കേഡറിനായി മാറ്റിവയ്ക്കുന്നത്. കെഎഎസിൽ ഇനി പറയുന്ന നാല് കാറ്റഗറികളിലെ ഒാഫിസർമാരാണ് ഉൾപ്പെടുക. 1. കെഎഎസ് ഒാഫിസർ ജൂനിയർ ടൈം സ്കെയിൽ. 2. സീനിയർ ടൈം സ്കെയിൽ  3. സിലക്ഷൻ ഗ്രേഡ് സ്കെയിൽ  4. സൂപ്പർടൈം ഗ്രേഡ് സ്കെയിൽ. കെഎഎസിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥൻ ജൂനിയർ ടൈം സ്കെയിലിലാണ് സർവീസ് ആരംഭിക്കുന്നത്. 29 സർക്കാർ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയുടെയും മറ്റു വകുപ്പുകളിലെ സമാനതസ്തികകളുടെയും പത്ത് ശതമാനം ഒഴിവുകളിലേക്കാണ് കെഎഎസ് വഴി നിയമനം നടത്തുക.   വിവിധ വകുപ്പുകളിൽ നിന്ന് കെഎഎസിലേക്ക് ഉൾപ്പെടുത്താൻ പരിഗണിച്ചിട്ടുള്ള രണ്ടാം ഗസറ്റഡ് വിഭാഗത്തിലെ ആകെ തസ്തികയുടെ എണ്ണം 1170 ആണ്. ഇതിന്റെ 10 ശതമാനമായ 117 ആയിരിക്കും ജൂനിയർ ടൈം സ്കെയിലിലെ ആകെ ഒഴിവുകൾ. ഒാരോ വർഷവും വിവിധ വകുപ്പുകളിൽ രണ്ടാം ഗസറ്റഡ് തസ്തികയിൽ ഉണ്ടാവുന്ന ഒഴിവുകളുടെ മൂന്നിലൊന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനായി നീക്കിവയ്ക്കും. ‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA