sections
MORE

അറിയാമോ? നിങ്ങളുടെ കൈകളുടെ അനക്കങ്ങൾ വെളിപ്പെടുത്തും നിങ്ങളുടെ മനസ്സ്!

Tension
SHARE

ഉണർന്നിരിക്കുന്ന അവസ്ഥയിൽ അധികസമയവും നമ്മുടെ കൈകൾ ചലനാവസ്ഥയിലാണ്. തൊട്ടും പിടിച്ചും സ്പർശിച്ചും അതൊന്നുമല്ലെങ്കിൽ വായുവിൽ വെറുതെ ചലിച്ചു കൊണ്ടെങ്കിലും ഇരിക്കുന്ന കൈകൾ അടങ്ങിയിരിക്കുക അപൂർവമാണ്. നമ്മുടെ വ്യത്യസ്ത മാനസികാവസ്ഥകളും വിചാരവികാരങ്ങളുമാണ് കൈകളുടെ നിരന്തര ചലനങ്ങളിലൂ ടെയും അപൂർവമായെങ്കിലും നിശ്ചലതയിലൂടെയും സംപ്രേക്ഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം ചലനങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് ബോധപൂർവമുള്ള ഒരു പ്ലാനിന്റെ അടിസ്ഥാനത്തിലായിക്കൊള്ളണമെന്നില്ല. ബോധപൂർവമുള്ള ചലനങ്ങൾ കൈകളുടെ സ്വാഭാവിക ചലനത്തെ പരിഷ്കരിച്ച് അവയ്ക്ക് കൂടുതൽ അർഥതലങ്ങൾ പ്രദാനം ചെയ്യുകയാണെന്ന് പറയാം. കൈകൾ പിടിച്ചു കെട്ടിയ അവസ്ഥ പ്രദാനം ചെയ്യുകയാണെന്ന് പറയാം. കൈകൾ പിടിച്ചു കെട്ടിയ അവസ്ഥ എന്നെല്ലാം നാം ആലങ്കാരികമായി പറയാറുണ്ട്. അക്ഷരാർഥത്തിൽത്തന്നെ കൈകൾ പിടിച്ചു കെട്ടിയ അവസ്ഥയെക്കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ. മനസ്സുകൂടി ഒപ്പം ബന്ധിതമായതുപോലെ അനുഭവപ്പെടില്ലേ? തുറന്നു പ്രകടിപ്പിക്കാനാഗ്രഹിക്കുന്ന ആശയങ്ങൾ അങ്ങനെ ചെയ്യാനാവാത്തപ്പോൾ അനുഭവപ്പെടുന്ന വീർപ്പുമുട്ടലിന് സമാനമായ ഒ നുഭവമായിരിക്കില്ലേ അത്. ഇത്രയും പറഞ്ഞതിൽ നിന്നും ഒരു ശരീരഭാഷാ മാധ്യമമെന്ന നിലയിൽ കൈകൾക്കുള്ള പ്രാമുഖ്യം ബോധ്യമായിക്കാണുമല്ലോ. കൈകളുടെ വിവിധ അവസ്ഥകൾ എത്ര പ്രകടമായ  സന്ദേശങ്ങളാണ് പുറപ്പെടുവിക്കുന്നത് എന്നു വിശദമായി പരിശോധിക്കാം. 

കൈകളുടെ അസ്വസ്ഥ ചലനങ്ങൾ
കൈകളുടെ ക്രമരഹിതവും വികലവുമായിത്തോന്നുന്ന ചലനങ്ങൾ ആളുകളുടെ അസ്വസ്ഥത, അക്ഷമ, ആന്തരിക സംഘർഷങ്ങൾ തുടങ്ങിയവയുടെ ബഹിർസ്ഫുരണങ്ങളാണ്. വസ്ത്രത്തിലെ നൂല് നുള്ളിപ്പറിക്കൽ, വിരല്‍ വായിത്തിരുകൽ, നഖം കടിക്കൽ തുടങ്ങിയവയെല്ലാം പുറമെ ശാന്തരായി ഭാവിക്കുന്നവരുടെ പോലും ആന്തരിക സംഘർഷങ്ങളുടെ  നോൺവെർബൽ സൂചനകളാണ്.

പിടിച്ചു നിൽക്കൽ
താങ്ങിന്റെ ആവശ്യമില്ലെങ്കിൽപ്പോലും എവിടെയെങ്കിലും പിടിക്കൽ സുരക്ഷിതത്വബോധത്തിന്റെ അഭാവമോ ആശയക്കുഴപ്പമോ ഏറ്റവും വ്യക്തമായി പ്രകടമാകുന്ന ചേഷ്ടയാണ്. അതു മേശയുടെ മേൽപ്പലകയുടെ വക്കിലോ കസേരക്കൈയിലോ മടിയിൽ വച്ച സൂട്ട്കേസിനോ ഫയലിലോ, പേപ്പർ വെയ്റ്റിലോ അതു പോലുള്ള മറ്റെന്തു വസ്തുക്കളിലുമാകാം.

പ്രസംഗിക്കുമ്പോൾ സഭാകമ്പമനുഭവപ്പെടുന്നവർ പ്രസംഗ സ്റ്റാന്റിൽ മുറുകെപ്പിടിക്കാറുണ്ട്. ബസ് കാത്തു നിൽക്കുന്ന കോളജുകുമാരിമാരും മറ്റും ഫയല്‍ നെഞ്ചോടമർത്തിപ്പിടിച്ചു നിൽക്കുന്നതു കണ്ടിട്ടില്ലേ. അത് അവർക്ക് അവരറിയാതെയെങ്കിലും വല്ലാത്ത ഒരു സുരക്ഷിതത്വബോധം പ്രദാനം ചെയ്യുന്നുണ്ടാവാം. 

കൈപ്പത്തികൾ കൂട്ടിപ്പിടിക്കൽ
സന്ദർഭങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് പലവിധ അർഥ കൽപനകളാരോപിക്കാവുന്ന ആംഗ്യമാണ് വിരലുകൾ പരസ്പരം കോർത്തു കൊണ്ടോ അല്ലാതെയോ കൈപ്പത്തികൾ  കൂട്ടിപ്പിടിക്കൽ. ഫ്രാൻസിസ് ബേക്കണിന്റെ അഭിപ്രായത്തിൽ കൂട്ടിപ്പിടിച്ച കൈപ്പത്തികൾ നിശ്ചയദാര്‍ഢ്യത്തിന്റെ ലക്ഷണമാണ്. ദേഷ്യം, നിരാശ, പലവിധ കാരണങ്ങളാലുണ്ടാകുന്ന മാനസിക സമ്മർദങ്ങൾ തുടങ്ങിയവയുടെ സൂചനകളായും ആളുകൾ കൈകൂട്ടിപ്പിടിക്കാറുണ്ട്. പുറമെ സന്തോഷഭാവം  പ്രകടിപ്പിക്കുന്നവർ പോലും കൈപ്പത്തികൾ ചേർത്തു പിടിച്ചിരിക്കുന്നുവെങ്കിൽ അവരുടെ യഥാർഥ മാനസികാവസ്ഥയെക്കുറിച്ച് സംശയിക്കേണ്ടിയിരിക്കുന്നു. 

കൂട്ടിപ്പിടിച്ച കൈകൾ സാധാരണയായി നാലവസ്ഥകളിലാണ് കാണാറുള്ളത്; മുഖത്തിനു മുന്നിൽ, അൽപ്പം താഴെ, മേശപ്പുറത്ത്, മടിയിൽ), നിൽക്കുന്ന അവസ്ഥയാണെങ്കിൽ നാഭിക്ക് അൽപ്പം താഴെ.

ആളുകളുടെ നിഷേധാത്മകമനോഭാവമാണ് പ്രധാനമായും ഇത്തരം ആംഗ്യങ്ങളിൽ പ്രതിഫലിക്കുന്നത്. എത്ര ഉയരത്തിലാണോ കൈപ്പത്തികൾ പ്രതിഷ്ഠിച്ചിട്ടുള്ളത് അത്രയും ശക്ത മാണ് പ്രതികൂലമനോഭാവവുമെന്ന് ഊഹിക്കാം. ഇതുപോലുളള അവസ്ഥകളിൽ  ആളുകളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനും അതുവഴി അനുകൂല പ്രതികരണമുളവാക്കാനും വളരെ പ്രയാസമാണ്. 

എന്നാൽ തന്ത്രപരമായ പരോക്ഷപ്രേരണകളിലൂടെ അവരുടെ കൈകൾ വേർപെടുത്തി സാധാരണ നിലയിലേക്ക് കൊണ്ടു വരാൻ കഴിഞ്ഞാൽ കൈകളോടൊപ്പം അവരുടെ മനസ്സും തുറക്കുകയും പ്രതികൂല മനോഭാവം ക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. കൈകളിൽ പേന, ഫയൽ എന്നിവ പോലുള്ള എന്തെങ്കിലും പിടിക്കാൻ കൊടുത്തുകൊണ്ടോ സംസാരസമയത്ത് അവരുടെ മുന്നിലേക്ക് അൽപ്പം ചാഞ്ഞിരുന്നുകൊണ്ടോ അതു സാധിക്കും. 

പുറംകൈകൾ ഇടക്കിടെ ശ്രോതാവിനഭിമുഖമായി പിടിക്കുന്ന വ്യക്തി തന്റെ സുരക്ഷിതത്വബോധമില്ലായ്മ പ്രകടമാക്കുകയോ യഥാർഥ വികാരങ്ങൾ മറച്ചു പിടിക്കുകയോ ആവാം ചെയ്യുന്നത്. പ്രത്യക്ഷമായ കാരണങ്ങളില്ലാതെ കസേരക്കൈയിലോ മേശത്തുമ്പത്തോ അതുപോലുള്ള മറ്റെവിടെയെങ്കിലുമോ പിടിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയും ഏതാണ്ട് ഇതേ മാനസികാവസ്ഥയാണ് പ്രകടമാക്കുന്നതെന്ന് അനുമാനിക്കാം. 

കൈകൾ കൂട്ടിപ്പിഴിയിൽ
ഇരു കൈപ്പത്തികളും ചേർത്ത് സാമാന്യം ശക്തമായിത്തന്നെ ഉരുമ്മുകയോ വിരലുകൾ പരസ്പരം ഞെരിക്കുകയോ ഉളളം കൈയിൽ പെരുവിരൽ അമർത്തി ഉരസുകയോ ചെയ്യുന്നത് സംഘർഷത്തിന്റെയോ സൂചനയാകാം. മേൽസൂചിപ്പിച്ച രീതിയിൽ കൈകൾ കൂട്ടിപ്പിടിക്കുന്ന അവസ്ഥ മാനസിക സംഘർഷം വർധിക്കുന്ന മുറയ്ക്ക് കൂട്ടിത്തിരുമലിന് വഴിമാറാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് ബഹുകണിശക്കാരനായ മേലുദ്യോഗസ്ഥന്റെ  ശകാരമേറ്റു വാങ്ങാനൊരുങ്ങി നിൽക്കുന്ന കീഴ്ജീവനക്കാരനെ സങ്കൽപ്പിച്ചു നോക്കൂ. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മേലുദ്യോഗസ്ഥന്‍ തന്റെ ചേഷ്ടകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുകയോ വിട്ടുവീഴ്ചാ മനോഭാവത്തിന്റെ സൂചനയായി അദ്ദേഹം അൽപ്പം മുന്നോട്ടാഞ്ഞിരിക്കുകയോ ചെയ്യുന്നപക്ഷം കീഴ്ജീവനക്കാരൻ തന്റെ കൈക്രിയ പെട്ടെന്ന് അവസാനിപ്പിക്കുന്നു. 

കടപ്പാട്‌
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA