ADVERTISEMENT

സെക്രട്ടേറിയറ്റ്/ പിഎസ്‌സി/ ലോക്കൽ ഫണ്ട് ഒാഡിറ്റ്/ നിയമസഭാ സെക്രട്ടേറിയറ്റ് എന്നിവയിൽ  ഒാഫിസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള ആദ്യ വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. എസ്എസ്എൽസി വിജയിച്ചവർക്ക് അപേക്ഷ നൽകാം. പ്രായപരിധി 18–36. ഉദ്യോഗാർഥികൾ 02–01–1983നും 01–01–2001നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗക്കാർക്കും വിധവകൾക്കും അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒാഗസ്റ്റ് 29 രാത്രി 12 വരെ. 10 ലക്ഷത്തിലധികം  പേർ ഈ തസ്തികയിൽ അപേക്ഷ നൽകുമെന്ന് കണക്കാക്കുന്നു. 

ബിരുദധാരികൾക്ക് വിലക്കില്ല
ലാസ്റ്റ് ഗ്രേഡ് സർവീസാണെങ്കിലും സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ് തസ്തികയിൽ ബിരുദധാരികൾക്ക് വിലക്കില്ല. വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ  ബിരുദധാരികൾക്ക്  അപേക്ഷിക്കാൻ അവസരമില്ലായിരുന്നു. എന്നാൽ ഈ തസ്തികയിൽ എസ്എസ്എൽസി വിജയിച്ചവർ മുതൽ ഉയർന്ന യോഗ്യതയുള്ളവർക്കും  അപേക്ഷിക്കാം. 

തുടക്ക ശമ്പളം 22,970 രൂപ
സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ് തസ്തികയുടെ ശമ്പള സ്കെയിൽ 16500–35700 രൂപയാണ്. ബേസിക് ശമ്പളമായ 16500നൊപ്പം 28ശതമാനം ഡിഎ (4620), എച്ച്ആർഎ 1500, സിസിഎ 350 എന്നിവകൂടി കൂട്ടി 22,970 രൂപ തുടക്കത്തിൽ ലഭിക്കും. ഇതിൽ നിന്നു  പങ്കാളിത്ത പെൻഷൻ പദ്ധതി, പിഎഫ്, ഗ്രൂപ്പ് ഇൻഷൂറൻസ് എന്നിവയിലേക്ക്  കുറവു ചെയ്ത തുകയാണ് കൈയിൽ ലഭിക്കുക. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയേക്കാൾ ഉയർന്ന യോഗ്യത നിശ്ചയിച്ചിരിക്കുന്നതിനാൽ  അടുത്ത ശമ്പള പരിഷ്ക്കരണത്തിൽ സ്കെയിലിൽ മാറ്റമുണ്ടാകുമെന്നുറപ്പാണ്. അങ്ങനെ വന്നാൽ 30,000ൽ അധികം രൂപ തുടക്കത്തിൽതന്നെ ശമ്പളം ലഭിക്കാം.

64 ഒഴിവ്
സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ് തസ്തികയ്ക്ക് സംസ്ഥാനതലത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയാറാക്കുക. ലിസ്റ്റിന്റെ മൂന്നു വർഷ കാലാവധിക്കുള്ളിൽ  അഞ്ഞൂറിലധികം പേർക്ക് നിയമനം പ്രതീക്ഷിക്കാം. വിജ്ഞാപനസമയത്ത് 64 ഒഴിവുകളാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം എന്നീ വകുപ്പുകളിൽ നിന്നാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇനി പിഎസ്‌സി, നിയമസഭാ സെക്രട്ടേറിയറ്റ്, ലോക്കൽ ഫണ്ട് ഒാഡിറ്റ് എന്നിവിടങ്ങളിൽ നിന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യും. 

വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിൽ നിന്നായിരുന്നു സെക്രട്ടേറിയറ്റിലെ ഒാഫിസ് അറ്റൻഡന്റ് തസ്തികയിൽ ഇതുവരെ നിയമനം നടത്തിയിരുന്നത്. ഹെഡ്ക്വാർട്ടേഴ്സ് ഒഴിവുകളായി കണക്കാക്കിയായിരുന്നു ജില്ലാതല റാങ്ക് ലിസ്റ്റുകളിൽ നിന്നു നിയമനം. ഇത് സർക്കാരിനും ഉദ്യോഗാർഥികൾക്കും പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പ്രത്യേക കേഡർ രൂപീകരിച്ചത്. സെക്രട്ടേറിയറ്റ് സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുത്തി 2016ൽ ചട്ടം ഭേദഗതി ചെയ്യുകയും  ഈ തസ്തിക ലാസ്റ്റ് ഗ്രേഡ് സർവീസിൽ നിന്ന് ഒഴിവാക്കി 2018ൽ സർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തു.

വകുപ്പുമാറ്റം അനുവദിക്കില്ല
സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ് എന്ന പേരിലാണ് ഈ തസ്തിക അറിയപ്പെടുന്നതെങ്കിലും  ഇതിലേക്ക് തയാറാക്കുന്ന റാങ്ക്  ലിസ്റ്റിൽ നിന്ന് സെക്രട്ടേറിയറ്റിനൊപ്പം പിഎസ്‌സി, ലോക്കൽ ഫണ്ട് ഒാഡിറ്റ് ഡിപ്പാർട്മെന്റ്, നിയമസഭാ സെക്രട്ടേറിയറ്റ് തുടങ്ങിയവയിലേക്കും നിയമനശുപാർശ നൽകുന്നുണ്ട്. അപേക്ഷയിലും നിയമനശുപാർശയിലും ഉദ്യോഗാർഥിക്ക് ഇഷ്ടമുള്ളിടത്തേക്ക് ഒാപ്ഷൻ നൽകാൻ വ്യ‌വസ്ഥയില്ല. 

ഒാരോ വകുപ്പിൽ നിന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച്  സംവരണ വ്യവസ്ഥകൾക്ക് വിധേയമായി അവരുടെ റാങ്ക് അനുസരിച്ച് ഉദ്യോഗാർഥികളെ നിയമനശുപാർശ ചെയ്യും. ഒരിക്കൽ നിയമനശുപാർശ ലഭിച്ചുകഴിഞ്ഞാൽ  ഇതേ ലിസ്റ്റിൽ നിന്ന് വേറൊരു വകുപ്പിലേക്ക് നിയമനശുപാർശയ്ക്ക് അർഹതയില്ല.  വിവിധ സ്ഥാപനങ്ങളിലെ ഒഴിവ് പിഎസ്‌സിയിൽ ലഭിക്കുന്ന തീയതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികൾക്ക് ഡിപ്പാർട്മെന്റ് ലഭിക്കുന്നത്. ഒരു ദിവസം ഒന്നിലധികം ഡിപ്പാർട്മെന്റുകളിൽ നിന്ന് ഒഴിവ് ലഭിച്ചാൽ ആദ്യം നോക്കുന്നത് ഒഴിവ് റിപ്പോർട്ട് ചെയ്ത വകുപ്പിൽ നിന്നുള്ള കത്തിന്റെ തീയതിയാണ്. ആദ്യ തീയതിയിലെ  കത്തുള്ള ഡിപ്പാർട്മെന്റിൽ ആദ്യം നിയമനം നൽകും. ഡിപ്പാർട്മെന്റിന്റെ കത്തുകളിലെ തീയതിയും ഒന്നുതന്നെയാണെങ്കിൽ ഡിപ്പാർട്മെന്റിന്റെ അക്ഷരമാലാ ക്രമത്തിലാണ് നിയമനം നൽകുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com