sections
MORE

പിഎസ്‍സി: ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

psc
SHARE

സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ നടന്നതായി പുറത്തുവന്ന ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? മുൻ പിഎസ്‍സി ചെയർമാൻമാർ നിർദ്ദേശിക്കുന്നു

പിഎസ്‌സിയെ തകർക്കരുത്

എം.ഗംഗാധരക്കുറുപ്പ്

ഒാരോ വർഷവും ഒരു കോടിയിലധികം അപേക്ഷകളാണു പിഎസ്‌സി കൈകാര്യം ചെയ്യുന്നത്. മുപ്പതിനായിരത്തിലേറെപ്പേർക്കു നിയമനശുപാർശയും നൽകുന്നുണ്ട്.  മറ്റു സംസ്ഥാന പിഎസ്‌സികൾ ഉയർന്ന തസ്തികയിലേക്കു മാത്രം തിരഞ്ഞെടുപ്പു നടത്തുമ്പോൾ, പ്യൂൺ മുതൽ ഡപ്യൂട്ടി കലക്ടർ വരെയുള്ള നൂറുകണക്കിനു തസ്തികകളിലേക്കാണു കേരള പിഎസ്‌സി തിരഞ്ഞെടുപ്പു നടത്തുന്നത്. 

വൈവിധ്യമാർന്ന ഇത്രയും തസ്തികയിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പു പ്രകിയയ്ക്കിടെ മനുഷ്യസഹജമായ ചില തെറ്റുകൾ കടന്നുകൂടാം. അതൊക്കെ തിരുത്തി മുന്നോട്ടു പോകാൻ പിഎസ്‌സിക്കു സംവിധാനമുണ്ട്. ഒരു പിഎസ്‌സി ജീവനക്കാരൻ വിചാരിച്ചാൽ ഒരാൾക്കുപോലും അനധികൃതമായി സർക്കാർ ജോലി തരപ്പെടുത്തി നൽകാനും കഴിയില്ല. ഇപ്പോഴുണ്ടായി എന്നു പറയുന്ന ക്രമക്കേടും പിഎസ്‌സിയുടെ വിജിലൻസ് തന്നെയാണു കണ്ടുപിടിച്ചത്. തുടരന്വേഷണത്തിന് അവർക്കു പരിമിതിയുള്ളതിനാൽ സംസ്ഥാന പൊലീസിനു കൈമാറിയെന്നു മാത്രം.  

ഇപ്പോൾ സർക്കാർ സർവീസിലുള്ള അഞ്ചു ലക്ഷത്തിലധികം ജീവനക്കാരിൽ ഭൂരിഭാഗവും പിഎസ്‌സി വഴി ജോലി ലഭിച്ചവരാണ്. ക്രമക്കേടു നടത്തിയാണോ ഇവരെല്ലാം ജോലിക്കു കയറിയത്? അങ്ങനെ പറയുന്നത്, കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷയും ഇന്റർവ്യൂവും ജയിച്ച് ജോലി നേടിയവരോടുള്ള അവഹേളനമാണ്. എയ്ഡഡ് സ്കൂളുകളിലും കോളജുകളിലും ലക്ഷക്കണക്കിനു രൂപ നൽകിയാണു പലരും ജോലി നേടുന്നത്. എന്നാൽ, പിഎസ്‌സി വഴി ഉദ്യോഗത്തിന് ഒരു രൂപപോലും കൈക്കൂലി നൽകേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷയുടെ ഒരു തുരുത്തായി ഈ സ്ഥാപനം നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് അതിനെ തകർക്കരുത്. 

പിഎസ്‌സിയും പിഎസ്‌സി ജീവനക്കാരും എല്ലാ തെറ്റിനും അതീതരാണെന്നു പറയാനാവില്ല. മൂല്യച്യുതികൾ ഇവിടെയുള്ളവരെയും ബാധിക്കും. എന്നാൽ, അതൊന്നും നിയമനനടപടികളിൽ പ്രതിഫലിക്കാറില്ല. സിവിൽ പൊലീസ് ഒാഫിസർ പരീക്ഷയിൽ നടന്നു എന്നു പറയുന്ന ക്രമക്കേട് പിഎസ്‌സിക്കു പുറത്താണു സംഭവിച്ചിട്ടുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ പിഎസ്‌സിക്ക് ഉത്തരവാദിത്തമില്ല എന്നു വ്യാഖ്യാനിക്കാനും കഴിയില്ല. 

അപേക്ഷ സ്വീകരിക്കുന്നതു മുതൽ നിയമന ശുപാർശ നൽകുന്നതു വരെ പിഎസ്‌സിക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ, ഇതിന്റെ പേരിൽ പിഎസ്‌സി നിയമനങ്ങൾ മുഴുവൻ അഴിമതി നിറഞ്ഞതാണെന്ന തരത്തിൽ കാടടച്ചു വെടിവയ്ക്കരുത്. 

പരീക്ഷാ കേന്ദ്രങ്ങളിൽ ശ്രദ്ധിക്കണം
കെ.വി.സലാഹുദ്ദീൻ

സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ ചിലർ അനർഹമായി ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട് പിഎസ്‌സി ഒാഫിസിൽ എന്തെങ്കിലും ക്രമക്കേടു നടന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ പിഎസ്‌‌സിയെ പ്രതിക്കൂട്ടിലാക്കാൻ കഴിയില്ല. 

പരീക്ഷാകേന്ദ്രങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണു വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാൻ പിഎസ്‌സിക്കു പരിമിതികളുണ്ടെങ്കിലും ഇതിനു പരിഹാരം അത്യാവശ്യമാണ്. പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടും ഇൻവിജിലേറ്റർമാരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ചെറിയൊരു ക്രമക്കേടു കണ്ടാൽപോലും അതു വേണ്ടപ്പെട്ടവരെ അറിയിക്കാനും നടപടിയെടുക്കാനും കഴിയണം. 

എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ഒരു ജീവനക്കാരനെ വീതം അയയ്ക്കാൻ പിഎസ്‌സിക്കു കഴിയില്ല. അത്രയും ജീവനക്കാർ പിഎസ്‌സിക്ക് ഇല്ല. അതിനാൽ പരീക്ഷാ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരും ഇൻവിജിലേറ്റർമാരും കൂടുതൽ ജാഗ്രത കാണിക്കണം. 

മറ്റു ചില സംസ്ഥാന പിഎസ്‌സികൾ ചോദ്യ പേപ്പർ കലക്ടർമാരെ ഏൽപിച്ചാണു പരീക്ഷ നടത്തുന്നത്. കലക്ടർമാർ അതു സ്ട്രോങ് റൂമിൽ സൂക്ഷിക്കും. ഇവിടെനിന്നാണു ചോദ്യ പേപ്പർ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. എന്നാൽ, കേരള പിഎസ്‌സിയുടെ സ്വന്തം ജീവനക്കാരാണു ചോദ്യം നേരിട്ടെത്തിക്കുന്നത്. അതിനാൽ പൂർണ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയും. 

അതേ സമയം, ഏതു സംവിധാനം ഉപയോഗിച്ചും സുരക്ഷയെ മറികടക്കാനുള്ള സാങ്കേതികവിദ്യകൾ തട്ടിപ്പുകാർ കണ്ടെത്തും. അതിന് അവസരം കൊടുക്കാതിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കാൻ പാടില്ലന്നു പിഎസ്‌സി കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, പരീക്ഷാ കേന്ദ്രങ്ങളിൽ ഇതു പാലിക്കപ്പെടുന്നുണ്ടോ എന്നതിൽ ഉറപ്പില്ല. 

പരീക്ഷകളിൽ ക്രമക്കേട്ു നടക്കുന്നുണ്ടോ എന്നതിൽ ഉദ്യോഗാർഥികൾക്കും ഉത്തരവാദിത്തമുണ്ട്. അടുത്തിരുന്നു പരീക്ഷ എഴുതുന്നയാൾ മൊബൈൽ ഫോണും സ്മാർട്ട് വാച്ചുമൊക്കെ ഉപയോഗിക്കുന്നുണ്ടോയെന്ന് മറ്റ് ഉദ്യോഗാർഥികൾ ശ്രദ്ധിക്കണം. ബന്ധപ്പെട്ടവരെ അറിയിക്കുകയും വേണം. 

വിശ്വാസ്യത തിരിച്ചുപിടിക്കണം
ഡോ. കെ.എസ്.രാധാകൃഷ്ണൻ

KS-Radhakrishnan

വളരെ വിശ്വാസ്യതയുണ്ടായിരുന്ന സ്ഥാപനമായിരുന്നു കേരള പിഎസ്‌സി. അവിടെ ഇത്തരത്തിലൊരു സംഭവം ആദ്യമാണ്. ഉത്തരക്കടലാസ് കോപ്പിയടിക്കുന്നതൊക്കെ മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷേ, ചോദ്യ പേപ്പർ പുറത്തു കൊണ്ടുപോയി ഉത്തരം പറഞ്ഞുകൊടുക്കുന്ന രീതി ആദ്യമായാണ്. ഇതു കേരള പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്കു കോട്ടം വരുത്തിയിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. വിശ്വാസ്യതയുള്ള ഒരു സ്ഥാപനമായാണു കേരള പിഎസ്‌സി അറിയപ്പെടുന്നത്. ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുന്ന വിധത്തിൽ അന്വേഷണം നടത്തി വിശ്വാസ്യത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കാനാണു പിഎസ്‍സി ഇനി ശ്രമിക്കേണ്ടത്. 

സ്മാർട്‌ വാച്ച് ഉപയോഗിച്ചുള്ള തട്ടിപ്പ് മുൻപു പിഎസ്‍സിയിൽ നടന്നിട്ടില്ല. ഇനി മുതൽ ഇത്തരം കാര്യങ്ങളിൽ കർശന പരിശോധന നടത്തേണ്ടിവരും. നീറ്റ് പരീക്ഷയിലെപ്പോലെ ഇത്തരം കാര്യങ്ങൾ വിലക്കിക്കൊണ്ടുള്ള നടപടിയുണ്ടാകണം. പിഎസ്‌സിക്ക് ഒറ്റയ്ക്കു ചെയ്യാൻ കഴിയുന്ന കാര്യമല്ല ഇത്. ലക്ഷക്കണക്കിനു പേർ എഴുതുന്ന പരീക്ഷ നടത്തുന്നതു പിഎസ്‌സിയിലെ 1700 ഉദ്യോഗസ്ഥരാണ്. സർക്കാരിന്റെ പിന്തുണയും ഇക്കാര്യത്തിലുണ്ടാകണം. 

അര മണിക്കൂർ മുൻപു പരീക്ഷാ കേന്ദ്രത്തിലെത്തണം എന്ന നിർദേശം പിഎസ്‌സി നടപ്പാക്കിയപ്പോൾ വലിയ ബഹളമായിരുന്നു. നിയന്ത്രണങ്ങൾ വരുമ്പോൾ തുടക്കത്തിൽ എതിർപ്പുകളും സ്വാഭാവികമാണ്. സർക്കാർ ഇടപെട്ടു കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകണം. എങ്ങനെയും, പിഎസ്‌സിയുടെ വിശ്വാസ്യത തിരിച്ചുപിടിച്ചേ മതിയാകൂ.

ഉദ്യോഗാർഥികൾ പ്രതികരിക്കുന്നു 

മഞ്ഞുമലയുടെ ഒരറ്റം മാത്രം

aswathy

സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ ക്രമക്കേടു നടന്നെന്ന കണ്ടെത്തൽ പിഎസ്‌സി പരീക്ഷയെ ഗൗരവത്തോടെ കാണുന്ന ഉദ്യോഗാർഥികളിൽ ആശങ്കയുളവാക്കുന്നു. പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ചിലർ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെയാണു ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്നു കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമേ ഇപ്പോൾ പുറത്തുവന്നിട്ടുള്ളൂ എന്നാണു വ്യക്തമാകുന്നത്. കുറ്റം ചെയ്ത ഒരാൾപോലും രക്ഷപ്പെടാൻ പാടില്ല. 

അശ്വതി അഭിലാഷ്, തിരുവനന്തപുരം

vivek

ഇത് ആത്മവിശ്വാസം തകർക്കുന്ന സാഹചര്യം
അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകരുടെ ആശാകേന്ദ്രമാണു പിഎസ്‌സി. വളരെ നാളത്തെ പരിശ്രമം നടത്തി ഒരു ജോലിക്കുവേണ്ടി പിഎസ്‌സി പരീക്ഷയെഴുതുന്ന ഉദ്യോഗാർഥിയുടെ ആത്മവിശ്വാസത്തെയും പ്രതീക്ഷകളെയും തകർക്കുന്നതാണ് പൊലീസ് റിക്രൂട്മെന്റ് പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച വിവരം. അനർഹവർക്ക് ഉന്നതവിജയം നേടിക്കൊടുത്തത് പിടിക്കപ്പെട്ടെങ്കിലും ഇത് ആശങ്ക വർധിപ്പിക്കുകയാണുണ്ടായത്. പിഎസ്‌സി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമാകാതെയും ക്രമക്കേടുകളില്ലാതെയും പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ്. 

ഒ.എ.വിവേക്,  എറണാകുളം 

gokul-gopan

ചിലരുടെ തെറ്റിന് ലിസ്റ്റ് റദ്ദാക്കരുത്
അനർഹരായ ചിലർ ഉൾപ്പെട്ടിട്ടുണ്ട് എന്നതിന്റെ പേരിൽ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റ് മൊത്തത്തിൽ റദ്ദാക്കരുത്. ക്രമക്കേടു നടത്തിയവരെ കണ്ടെത്തി പുറത്താക്കുകയും കർശന നടപടി കൈക്കൊള്ളുകയും വേണം. ചെറിയൊരു വിഭാഗം നടത്തിയ ക്രമക്കേടിന്റെ പേരിൽ നിഷ്പക്ഷരായ ഭൂരിപക്ഷത്തെ ശിക്ഷിക്കരുത്. കുറച്ചു പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ മറ്റു മാർഗങ്ങൾ അവലംബിച്ചിട്ടുണ്ടെങ്കിൽ അവർക്കു മാതൃകാപരമായ ശിക്ഷ നൽകുന്നതിനൊപ്പം ഏറെ കഷ്ടപ്പെട്ടു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരോടു നീതി കാണിക്കണമെന്നും അപേക്ഷിക്കുന്നു. 

ഗോകുൽ ഗോപൻ, തിരുവനന്തപുരം

Binsy

ആ വിവാദം ഉണ്ടായില്ലെങ്കിൽ...
രാജ്യത്തെ മികച്ച റിക്രൂട്ടിങ് സ്ഥാപനങ്ങളിലൊന്ന് എന്നു നിസ്സംശയം പറയാവുന്ന കേരള പിഎസ്‌സിക്ക് എങ്ങനെ ഇത്തരത്തിലൊരു പാകപ്പിഴ സംഭവിച്ചു എന്നതാണ് അദ്ഭുതം. യൂണിവേഴ്സിറ്റി കോളജ് വിവാദം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇതാരും അറിയുമായിരുന്നില്ല. മറ്റേതെങ്കിലും ലിസ്റ്റുകളിലും സമാന ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ഉദ്യോഗാർഥി ലിസ്റ്റിൽ വരുന്നതിനു പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനമുണ്ട്. അർഹിക്കുന്നവർക്കു നീതി ലഭിക്കണം. ലിസ്റ്റ് റദ്ദ് ചെയ്യുന്നതല്ല പരിഹാരം. പരീക്ഷാ നടത്തിപ്പിൽ കുറേക്കൂടി സൂക്ഷ്മത വരണം. 

ആർ.ബിൻസി , പാലക്കാട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA