ADVERTISEMENT

Group Discussion (GD) എന്നതു പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഉദ്യോഗാർഥികൾ ഒരു സംഘമായി (ഗ്രൂപ്പ്) ഇരുന്ന് ഒരു പ്രത്യേക വിഷയത്തെക്കുറിച്ചു നിശ്ചിത സമയപരിധിക്കുള്ളിൽ ചർച്ച നടത്തുകയെന്നതാണ്. നല്ല ആശയവിനിമയ ശൈലികൾ ആവശ്യമുള്ള തൊഴിൽമേഖലകളിൽ പ്രത്യേകിച്ച് മാർക്കറ്റിങ്, ബിപിഒ, ഐടി, റീട്ടെയില്‍ തുടങ്ങിയ തൊഴിൽമേഖലയിലേക്കു റിക്രൂട്മെന്റ് നടത്താൻ ഗ്രൂപ്പ് ഡിസ്കഷൻ ഉപയോഗപ്പെടുത്താറുണ്ട്. അപേക്ഷകരുടെ എണ്ണം പ്രതീക്ഷയെക്കാൾ ഉയരുമ്പോഴും മികച്ച ആശയങ്ങളും ആശയവിനിമയ നൈപുണ്യവുമുള്ളവരെ മാത്രം അടുത്ത പ്രധാന റൗണ്ടുകളിലേക്കു കടത്തിവിടുന്നതിനുമായി സാധാരണമായി ഗ്രൂപ്പ് ഡിസ്കഷൻ നടത്താറുണ്ട്. ഒരു സിലക്ഷൻ റൗണ്ട് എന്നുള്ളതിനെക്കാളേറെ ഒരു റിജക്ഷൻ റൗണ്ട് ആയാണു പലപ്പോഴും ഗ്രൂപ്പ് ഡിസ്കഷൻ നടത്തപ്പെടുന്നത്. ഇക്കാരണത്താൽത്തന്നെ ഗ്രൂപ്പ് ഡിസ്കഷനെ അവസാന വട്ട സിലക്ഷനുള്ള ഉപാധിയായി ഉപയോഗിക്കാറില്ല.

മൗനം വിദ്വാനു ഭൂഷണം എന്നൊരു ചൊല്ലുണ്ട്. അനാവശ്യമായുള്ള സംസാരം ഒഴിവാക്കേണ്ടതിനെ സൂചിപ്പിച്ചുള്ള ഒന്നാണിത്. എന്നാൽ ഒരു ഗ്രൂപ്പ് ഡിസ്കഷനിൽ ഈ ചൊല്ലിനു പ്രസക്തിയില്ല. മൗനമല്ല പകരം ആവശ്യമുള്ള വാദമുഖങ്ങൾ സമയാസമയങ്ങളിൽ ഉയർത്താൻ സാധിക്കുകതന്നെ വേണം. Lois Wyse എന്ന മഹാൻ പറഞ്ഞ ഒരു വാചകമുണ്ട്.

അറിവില്ലാത്ത വിഷയത്തെക്കുറിച്ചു വാചകമടി നടത്തുന്നവരെ പരിഹസിച്ചുകൊണ്ടുള്ള ഒന്നാണിത്. ഗ്രൂപ്പ് ഡിസ്കഷനെ സംബന്ധിച്ച് ഈ ആശയത്തിനും പ്രസക്തിയില്ല. വിഷയം അറിവില്ലാത്തതാണെങ്കിലും മറ്റുള്ളവർ പങ്കുവയ്ക്കുന്ന ആശയങ്ങൾ ശ്രദ്ധിച്ച് സ്വന്തം ആശയം രൂപപ്പെടുത്തി അവതരിപ്പിക്കാൻ ശ്രമിക്കുക.

ഗ്രൂപ്പ് ഡിസ്കഷൻ നടത്തുന്നതായി ഉദ്യോഗാർഥികളെ പത്തുമുതൽ പതിനഞ്ചു വരെ അംഗങ്ങളുള്ള ചെറു ഗ്രൂപ്പുകളായി തിരിക്കുന്നു. വൃത്താകൃതിയിൽ ക്രമീകരിച്ചിട്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്നതിനു ശേഷം ഒരു പ്രത്യേക വിഷയം നൽകുന്നു. തയാറെടുപ്പിനായി നൽകുന്ന സമയം അവസാനിച്ചതിനു ശേഷം ഒബ്സർവറുടെ നിർദേശം ലഭിച്ചാൽ ഉദ്യോഗാർഥികള്‍ക്കു നൽകിയ വിഷയത്തെക്കുറിച്ച് ചർച്ച ആരംഭിക്കാം. പത്തു മുതൽ പതിനഞ്ചു മിനിറ്റുകൾ വരെയാകും അനുവദിക്കപ്പെട്ട സമയം. ഈ സമയത്തിനുള്ളിൽ ചർച്ച അവസാനിപ്പിക്കുകയും വേണം. ചിലപ്പോൾ ഗ്രൂപ്പിലെ അംഗങ്ങൾക്ക് സ്വയം പരിചയപ്പെടുത്തുവാനുള്ള അവസരവും നൽകിയേക്കാം.

ഗ്രൂപ്പ് ഡിസ്കഷനിൽ പാലിക്കേണ്ട നിയമങ്ങൾ
ഗ്രൂപ്പ് ഡിസ്കഷനിൽ പാലിക്കേണ്ട ചില നിയമങ്ങൾ മനസ്സിലാക്കുന്നതിലൂടെ വിജയം ഉറപ്പാക്കാൻ സാധിക്കും. ഗ്രൂപ്പ് ഡിസ്കഷനിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കുവാൻ മനസ്സിനെ പാകപ്പെടുത്തുകയാണ് ആദ്യപടി. ഗ്രൂപ്പ് ഡിസ്കഷൻ നടത്തുന്നതിനായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരുന്നു കഴിഞ്ഞാൽ സ്വന്തം ഇരിപ്പിനെ ഒന്ന് അവലോകനം ചെയ്യാം. മുന്നോട്ടേക്ക് ആഞ്ഞുള്ളതും കൂനിയതും പിന്നോട്ടേക്കാഞ്ഞതുമായ രീതിയിലുള്ള ഇരിപ്പ് ഒഴിവാക്കുക. തികഞ്ഞ ആത്മവിശ്വാസത്തോടെ നടുവു നിവർത്തിയിരിക്കുക. ഇന്റർവ്യൂവിനായി അണിഞ്ഞിരിക്കുന്ന വസ്ത്രം (formal dress) ഉപയോഗിക്കാം വിഷയത്തെക്കുറിച്ചു ചിന്തിക്കുന്നതിനായി നൽകുന്ന ആദ്യ ഒരു മിനിറ്റ് വ്യത്യസ്തവും പൊതുവേ സ്വീകാര്യവുമായ ക്രിയാത്മക വിഷയങ്ങൾ കണ്ടെത്തുവാൻ ഉപയോഗിക്കുക. പ്രധാന ആശയങ്ങളും സൂചികകളും കുറിച്ചെടുക്കുന്നതിനായി പേനയും പേപ്പറും കരുതുക.

ചർച്ച തുടങ്ങുവാനുള്ള സൂചന കിട്ടിയാൽ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചർച്ചയ്ക്ക് തുടക്കം കുറിക്കുന്ന ഉദ്യോഗാർഥിക്ക് എപ്പോഴും ഒരു മുൻഗണന ലഭിക്കും. എല്ലാവരും മടിച്ചു നിന്നേക്കാവുന്ന ആദ്യ സെക്കൻഡുകൾ ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിക്കാം. എന്നാൽ വിഷയത്തെക്കുറിച്ച് ആവശ്യത്തിനുള്ള അറിവുണ്ടെങ്കിൽ മാത്രമേ ഇതിനു മുതിരാവൂ. വിഷയം തീർത്തും അപരിചിതമാണെങ്കിൽ മറ്റുള്ളവർ ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി കാത്തിരിക്കുക. അവരുടെ സംഭാഷണത്തിൽ നിന്നു ലഭിക്കുന്ന ആശയങ്ങളെ ക്രോഡീകരിച്ച് മികച്ച രീതിയിൽ അതു നിങ്ങളുടേതായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാൻ സാധിച്ചേക്കാം.

ഒരിക്കൽ ഒരു ഐടി കമ്പനിക്കു വേണ്ടി നടത്തിയ ഗ്രൂപ്പ് ഡിസ്കഷനിൽ ‘Is Capital punishment in the modern world’  എന്നതായിരുന്നു വിഷയം. വധശിക്ഷ ന്യായീകരിക്കാനാകുമോ എന്നർഥം വരുന്ന വിഷയം ഒരു  ഉദ്യോഗാർഥി തികച്ചും വ്യത്യസ്തമായാണു മനസ്സിലാക്കിയത്. ക്യാപിറ്റല്‍ പനിഷ്മെന്റ് (വധശിക്ഷ) എന്ന വാക്കുകളില്‍ നിന്നും ക്യാപിറ്റൽ എന്ന വാക്കു മാത്രം അടർത്തിയെടുത്ത് അയാൾ സംസാരിക്കുവാൻ തുടങ്ങി. കൊമേഴ്സ് മേഖലയിൽ നിന്നു വന്ന അയാൾ ക്യാപിറ്റൽ എന്ന വാക്കു കേട്ടതും മൂലധനത്തെക്കുറിച്ചും മൂലധനവും ശിക്ഷകളുമായുള്ള ബന്ധത്തെക്കുറിച്ചും മറ്റും വാചാലനായത് എല്ലാവരെയും അദ്ഭുതപ്പെടുത്തി!

നിങ്ങളിലെ നേതൃപാടവം (leadeship skills) ആശയങ്ങൾ അവതരിപ്പിക്കുന്ന രീതി (Presentation skills) മറ്റുള്ളവരുടെ ആശയങ്ങളെക്കൂടി സമന്വയിപ്പിച്ചുകൊണ്ടു മുന്നോട്ടുകോണ്ടുപോകുന്നതിനുള്ള കഴിവ് (Co-operative attitude skills), സമയബോധം (Time management), വിഷയത്തെക്കുറിച്ചുള്ള അവബോധം (Subject knowledge), പ്രശ്നപരിഹാരങ്ങൾ നിർദേശിക്കുന്നതിനുള്ള സാമർഥ്യം (Problem solving skills) എന്നിവയെല്ലാം പരിശോധിക്കുന്നതിനുള്ള ഒരവസരം കൂടിയാണ് ഗ്രൂപ്പ് ഡിസ്കഷൻ എന്നത്. വ്യക്തികളുമായി ഇടപെടുന്നതിനുള്ള കഴിവ് (Interpersonal skills) ഒരു ടീം അയി പ്രവർത്തിക്കുന്നതിനുള്ള കഴിവ് (team skills) ഭാഷാ നൈപുണ്യം (language skills) എന്നിവയെല്ലാം ഗ്രൂപ്പ് ഡിസ്കഷനിൽ തിളങ്ങുന്നതിനാവശ്യമാണ്. പരന്ന വായന, ആഴത്തിലുള്ള ചിന്ത, വിശദീകരണപാടവം എന്നിവ തീർച്ചയായും വേണം, വാഗ്വാദങ്ങൾക്ക് (Arguments) ഇവിടെ പ്രസക്തിയില്ല. ഗ്രൂപ്പ് ഡിസ്കഷൻ എന്നതു പലപ്പോഴും ഡിബേറ്റായി മാറാറുണ്ട്. മറ്റുള്ളവർ ഉന്നയിക്കുന്ന ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഗ്രൂപ്പ് ഡിസ്കഷൻ ഒരു തർക്കവേദിയാകുവാൻ അനുവദിക്കരുത്. അധിക സംസാരം, മൗനം, മര്യാദകെട്ടുള്ള പെരുമാറ്റം എന്നിവ ഗ്രൂപ്പ് ഡിസ്കഷനിൽ ഒരു വീഴ്ചയായി പരിഗണിക്കപ്പെട്ടേക്കാം. ഒരു ഫുട്ബോൾടീമിൽ എന്നപോലെ ഒത്തൊരുമിച്ചു ലക്ഷ്യത്തിലേക്കെത്തുന്ന രീതിയിലാകണം ഗ്രൂപ്പ് ഡിസ്കഷനിൽ മുന്നേറേണ്ടത്. ജോസഫ് ജോബർട്ട് എന്ന മഹാൻ ഈ വിഷയത്തെക്കുറിച്ചു പറഞ്ഞതു ശ്രദ്ധിക്കാം.

സ്ഥിരമായി ഉദ്യോഗാർഥികൾ ചെയ്തുവരാറുള്ള തെറ്റുകൾ ഒഴിവാക്കിയാൽ ഡിസ്കഷനിൽ വിജയം ഉറപ്പിക്കാം. ഗ്രൂപ്പ് ഡിസ്കഷനിൽ പങ്കെടുക്കുന്ന അംഗങ്ങളിൽ എല്ലാവരെയും പരമാവധി കണ്ണുകളിൽ നോക്കി സംസാരിക്കുവാൻ ശ്രമിക്കുക. (Effective eye contact). പുഞ്ചിരിച്ച മുഖത്തോടെ കണ്ണുകളിൽ നോക്കി ആശയങ്ങൾ അവതരിപ്പിക്കുമ്പോൾ സ്വാഭാവികമായി ചർച്ചയിൽ നിങ്ങൾക്കു മുൻതൂക്കം ലഭിക്കും. കൂടുതൽ സംസാരിക്കുന്നതും ഒരു മികവായി പലരും കരുതാറുണ്ടെങ്കിലും ഇതു വിപരീത ഫലം ചെയ്തേക്കാം. പത്ത് ഉദ്യോഗാർഥികളുള്ള ഒരു ഗ്രൂപ്പ് ഡിസ്കഷനിൽ ഇരുപതു മിനിറ്റാണ് നൽകിയിരിക്കുന്നതെങ്കിൽ നിങ്ങൾക്കു രണ്ടു മൂന്നു മിനിറ്റ് ഉപയോഗിക്കാം.

കൂടുതൽ സംസാരിക്കുന്നവരെയല്ല മറിച്ച് ആരെ നോക്കിയാണോ കൂടുതൽ ആൾക്കാർ സംസാരിക്കുന്നത് അവർക്കാണ് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയെന്ന് ഓർക്കുക.

ഒന്നോ രണ്ടോ അംഗങ്ങൾ ഗ്രൂപ്പ് ഡിസ്കഷൻ അവസാനിപ്പിക്കാനുള്ള സമയമായിട്ടും ഇതുവരെ സംസാരിച്ചിട്ടില്ല എന്നു നിങ്ങൾക്കു തിരിച്ചറിയാൻ കഴിഞ്ഞാൽ അവർക്കായി അവസരം നേടിക്കൊടുക്കാൻ ശ്രമിക്കാം. ‘I a noticed that one of my friends has not contributed anything far, why can‘t give him an opportunity?’ എന്നു പറയുന്നതിലൂടെ ഗ്രൂപ്പ് ഡിസ്കഷനെ ഭയപ്പെട്ടിരുന്ന പ്രസ്തുത ഉദ്യോഗാർഥിക്ക് അവസരം ലഭിക്കുകയും പാവമായ അയാൾക്ക് അവസരം നേടിക്കൊടുത്ത മഹാനുഭാവനായി നിങ്ങൾ മാറുകയും ചെയ്യുന്നു.

മറ്റുള്ളവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തടസ്സപ്പെടുത്തുകയും ഇടയ്ക്കു കയറി സംസാരിക്കുകയും ചെയ്യുന്നതും ഒഴിവാക്കണം. മറ്റുള്ളവർ സംസാരിക്കുമ്പോൾ അവരുടെ  സംഭാഷണത്തിൽ ശ്രദ്ധിക്കുക. നല്ല ഒരു ശ്രോതാവാകുക എന്നതിന് ഏറെ പ്രധാന്യമുള്ളതാണ്. ഗ്രൂപ്പ് ഡിസ്കഷനിലെ തെറ്റുകളുടെ കാര്യത്തിൽ മുൻപന്തിയിൽ ഇരിക്കുന്ന ഒന്നാണ് ഇടയ്ക്കിടെ ഗ്രൂപ്പ് ഡിസ്കഷൻ വിലയിരുത്തുന്നവരെ നോക്കുക എന്നത്. ഗ്രൂപ്പ് ഡിസ്കഷൻ വിലയിരുത്തുന്നതിനായി ഇരിക്കുന്നവരെ (observers) പൂർണമായും അവഗണിച്ച് ശ്രദ്ധ ഗ്രൂപ്പ് ഡിസ്കഷനിലേക്കു കേന്ദ്രീകരിക്കുക.

GD യില്‍ കണ്ടുവരാറുള്ള വിഷയങ്ങള്‍

ഗ്രൂപ്പ് ഡിസ്കഷനിൽ നൽകിയേക്കാവുന്ന വിഷയങ്ങള്‍ക്കു പരിധികളൊന്നും തന്നെയില്ല. എന്നാൽ ക്യാംപസ് റിക്രൂട്മെന്റുകളിൽ ക്യാംപസുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതലായി നൽകിക്കാണാറുണ്ട്. ഉദാഹരണത്തിന് ക്യാംപസുകളിൽ യൂണിഫോം നിർബന്ധമാക്കണമോ?, ക്യാംപസ് രാഷ്ട്രീയം വിദ്യാർഥികൾക്കു ഗുണകരമോ? മൊബൈൽ കോളജിൽ അനുവദിക്കാമോ? എന്നിവയൊക്കെ ഗ്രൂപ്പ് ഡിസ്കഷനിൽ വിഷയങ്ങളാകാം. ആനുകാലിക വിഷയങ്ങൾ എപ്പോഴും ഗ്രൂപ്പ് ഡിസ്കഷന് വിഷയങ്ങളാകാറുണ്ട്. ജിഎസ്ടി, ഇന്ത്യാ–ചൈന സൈനിക സാഹചര്യങ്ങൾ എന്നിവയെല്ലാം പ്രതീക്ഷിക്കാം. വിഷയത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാം. എന്നാൽ പറയുന്ന കാര്യങ്ങളുടെ അന്തഃസത്ത പ്രധാനമാണ്.

ഒരു ജോബ്ഫെയറിൽ ഒരു പ്രമുഖ കമ്പനിയുടെ റിക്രൂട്മെന്റിന്റെ ഭാഗമായി നടന്ന ഗ്രൂപ്പ് ഡിസ്കഷനിൽ പങ്കെടുക്കാനായി കാത്തു നിന്ന വിദ്യാർഥിയുടെ കാര്യം തന്നെയെടുക്കാം. ഗ്രൂപ്പ് ഡിസ്കഷനിൽ പങ്കെടുക്കുന്നതിനായി രണ്ടു മണിക്കൂറോളം തിരക്കേറിയ ഗ്രൂപ്പ് ഡിസ്കഷൻ ഹാളിനു മുന്നിൽ കാത്തുനിന്ന ആ കുട്ടിക്ക് ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങിക്കഴിഞ്ഞപ്പോൾ ഒരു വാക്കുപോലും പറയാനില്ല. ജോബ്ഫെയറിന്റെ സംഘാടകരെന്ന നിലയിൽ ആ കുട്ടിയെക്കാളേറെ ഞങ്ങൾക്കു വിഷമം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

ഏതൊരു വിഷയത്തിലും വിജയത്തിലേക്കെത്തുന്നതിനാവശ്യമായ അറിവും നിരന്തര പരിശ്രമവും തന്നെയാണ് ഗ്രൂപ്പ് ഡിസ്കഷനിലെ വിജയത്തിനും ആവശ്യം. ക്ലാസിലെ സമാന ചിന്താഗതിക്കാരായ കൂട്ടുകാർ ഒത്തുചേർന്ന് ആഴ്ചയിലൊരിക്കൽ സമകാലീന വിഷയങ്ങളെക്കുറിച്ച് ഗ്രൂപ്പ് ഡിസ്കഷൻ സംഘടിപ്പിക്കുന്നതും അതിനെക്കുറിച്ചുള്ള ക്രിയാത്മക ഡിസ്കഷൻ സംഘടിപ്പിക്കുന്നതും അതിനെക്കുറിച്ചുള്ള ക്രിയാത്മക വിശ്വാസം നടത്തുന്നതും വിജയസാധ്യത വർധിപ്പിക്കും മോക് ഗ്രൂപ്പ് ഡിസ്കഷൻ നടക്കുമ്പോൾ അതു പൂർണമായി മൊബൈൽ ഫോണിലോ മറ്റോ റിക്കോർഡ് ചെയ്തു കാണുന്നതു പിഴവുകൾ മനസ്സിലാക്കി മുന്നേറുന്നതിന് ഏറെ സഹായകമാകും.

കടപ്പാട്
ക്യാംപസ് പ്ലേസ്മെന്റ്
സ്വപ്നജോലിക്കു വിജയമന്ത്രങ്ങൾ

ബ്രിജേഷ് ജോർജ് ജോൺ, കൃഷ്ണരാജ് എസ് 
മനോരമ ബുക്സ്

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com