sections
MORE

പിഎസ്‌സി പഠിക്കുന്നത് പോലെയല്ല സിവിൽ സർവീസ്; അറിയണം ഈ കാര്യങ്ങൾ

exam-preparations
SHARE

സിവിൽ സർവീസ് പരീക്ഷാപഠനത്തിനു ദിശാബോധം ലഭിക്കാൻ ഏതു മാർഗം സ്വീകരിക്കും എന്നതു വളരെ പ്രധാനമാണ്. ഗൈഡുകളുടെയും ഓൺലൈൻ കോഴ്സുകളുടെയും സഹായത്തോടെ സ്വന്തമായി പഠിക്കണോ കോച്ചിങ്ങിനു പോകണോ, കോച്ചിങ്ങിനു പോകുന്നെങ്കിൽ ഒരു വർഷം നീളുന്ന ഫുൾ ടൈം കോഴ്സിനു ചേരണോ പാർട് ടൈം ക്ലാസ് മതിയോ, ഡിഗ്രി പഠിക്കുമ്പോഴേ കോച്ചിങ്ങിനു പോകണോ അതിനു ശേഷം മതിയോ, ഡൽഹിയിലോ ചെന്നൈയിലോ തിരുവനന്തപുരത്തോ പോകണോ അതോ വീടിനടുത്തുള്ള സ്ഥാപനം മതിയോ... ഇങ്ങനെ പലപല കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. 

സിലബസും പഴയ ചോദ്യ പേപ്പറുകളും ഇന്റർനെറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത്, പുസ്തകങ്ങൾ വാങ്ങി വീട്ടിലിരുന്നു തയാറെടുക്കുന്ന കുറേപ്പേരെങ്കിലുമുണ്ട്. വീടിനടുത്തു മികച്ച കോച്ചിങ് സെന്ററിന്റെ അഭാവവും ദൂരെ മാറിത്താമസിച്ചു കോച്ചിങ്ങിനു പോകാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതുമായിരിക്കും പ്രധാന കാരണങ്ങൾ. ഇതിൽ തെറ്റില്ല. ഒറ്റയ്ക്കു പഠിച്ചാലും വിജയിക്കാൻ സാധിക്കുന്ന പരീക്ഷയാണു സിവിൽ സർവീസ്.

അതേ സമയം, കുറച്ചു കാലമെങ്കിലും കോച്ചിങ് സെന്ററിൽ പോയി പഠിച്ചാൽ പരീക്ഷയ്ക്ക് എങ്ങനെ പഠിക്കാമെന്ന അറിവ് പെട്ടെന്നു ലഭിച്ചേക്കാം. സ്വന്തം പഠനനിലവാരം മനസ്സിലാക്കാനും ഏതു തലത്തിലേക്ക് ഉയരണമെന്ന തിരിച്ചറിവ് പെട്ടെന്നു ലഭിക്കാനും സഹപാഠികളുമായുള്ള ചർച്ചകൾ സഹായിക്കും. 6 മാസമെങ്കിലും കോച്ചിങ്ങിനു പോയി പഠനത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചും കൃത്യമായ രൂപരേഖ ഉണ്ടാക്കുന്നതായിരിക്കും ഉചിതം. ഡൽഹിയിൽ പോയി പഠിച്ചില്ലെങ്കിൽ സിവിൽ സർവീസ് കിട്ടില്ല എന്നൊരു ചിന്താഗതി മുൻപുണ്ടായിരുന്നു. ഡൽഹിയിൽ പോയി പഠിക്കാൻ സാധിക്കാത്തതിനാൽ തിരുവനന്തപുരത്തു പഠിച്ചാലും സിവിൽ സർവീസ് ലഭിക്കുമെന്നു തെളിയിക്കണമെന്ന്, പഠനകാലത്ത് എനിക്കു തോന്നിയിട്ടുണ്ട്. ഭാഗ്യവശാൽ, അതു സാധ്യമാക്കാനും കഴിഞ്ഞു. 

ചിലർ ഡിഗ്രി പഠിക്കുമ്പോൾത്തന്നെ വാരാന്ത്യ പരിശീലനത്തിനു പോകാറുണ്ട്. ഇവർ പിന്നീടു സ്വയം പഠിക്കുന്നു. ചിലർ ഡിഗ്രി കഴിഞ്ഞ് 6 മാസം കോച്ചിങ്ങിനു പോകുന്നു. പിന്നെ ഒറ്റയ്ക്കു വായന തുടങ്ങുന്നു. മറ്റു ചിലർ പരീക്ഷ വിജയിക്കുംവരെ കോച്ചിങ് സെന്ററിനെ ആശ്രയിച്ച് അവിടത്തെ കാച്ചിക്കുറുക്കിയ നോട്ടുകളുടെയും വിവരങ്ങളുടെയും വിശകലനങ്ങളുടെയും സഹായത്തോടെ കാര്യക്ഷമത വർധിപ്പിച്ച് വിജയം കൈവരിക്കുന്നു. ഓൺലൈനായി പഠിക്കുന്നവരും സ്വയം പഠിച്ച് ഓൺലൈൻ ടെസ്റ്റ് സീരീസ് മാത്രം എഴുതുന്നവരും കോച്ചിങ് സെന്ററിൽ പഠിച്ച് ടെസ്റ്റ് സീരീസുകൾ ഓൺലൈനായി എഴുതുന്നവരുമൊക്കെയുണ്ട്. 

ഒരു സ്കൂളിലെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ഉദ്ഘാടനത്തിനു പോയപ്പോൾ, ‘എത്ര പേർക്കു സിവിൽ സർവീസ് നേടാൻ താൽപര്യമുണ്ട്’ എന്നു ഞാൻ ചോദിച്ചു. അൻപതോളം കുട്ടികളിൽ നാലോ അ‍ഞ്ചോ പേരാണു കൈ ഉയർത്തിയത്. കുറച്ചു പൊതുവിജ്ഞാനം കിട്ടുക എന്നു മാത്രമായിരുന്നു, അവരിൽ മിക്കവരുടെയും ലക്ഷ്യം. മറ്റൊരിക്കൽ സിവിൽ സർവീസ് പരീക്ഷയ്ക്കു മുഴുവൻ സമയവും പഠിക്കുന്നവരെ അഭിസംബോധന ചെയ്തപ്പോൾ ഞാൻ ചോദിച്ചു: ‘എത്ര പേർ കേരള പിഎസ്‌സി എഴുതാൻ ഉദ്ദേശിക്കുന്നു?’ 80% പേരും കൈ ഉയർത്തി! 

സിവിൽ സർവീസിലും പിഎസ്‌സി പരീക്ഷകൾക്കും തയാറെടുപ്പ് രണ്ടു തരത്തിലാണ്. ഓരോ കുട്ടിയുടെയും ഓരോ ഉദ്യോഗാർഥിയുടെയും തീരുമാനങ്ങൾക്കു പിറകിൽ ഇത്തരം ഒന്നിലധികം ഉദ്ദേശ്യങ്ങൾ ഉണ്ടായേക്കാം. നിങ്ങൾക്കു നല്ലതെന്നും പറ്റുന്നതെന്നും തോന്നുന്ന വഴിയെക്കുറിച്ച് നിങ്ങൾക്കു മാത്രമേ അറിയൂ എന്നതിനാൽ സധൈര്യം തീരുമാനിക്കുക. വിജയിക്കാനുള്ള യാത്രയുടെ തുടക്കം ഇത്തരം തീരുമാനങ്ങളിലൂടെയാണ് ഉണ്ടാവുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA