ADVERTISEMENT

ജീവിതത്തിൽ ഒരിക്കലെങ്കിലും ക്യൂ നിൽക്കാത്തവരുണ്ടാകില്ല. സിനിമ തിയറ്റർ, റെയിൽവേ സ്റ്റേഷൻ, കടകൾ തുടങ്ങിയ സ്ഥലങ്ങളിൽ ക്യൂ നിൽക്കുമ്പോൾ സമയത്തിന്റെ വില നന്നായി മനസ്സിലായിട്ടുണ്ടാകുമല്ലോ. അതുകൊണ്ടുതന്നെ പരമാവധി ക്യൂ ഒഴിവാക്കാനാഗ്രഹിക്കുന്നവരാണ് നാം. 

ഇക്കാര്യം മനസ്സിലാക്കി പാശ്ചാത്യരാജ്യങ്ങളിൽ പുതിയൊരു ജോലി രൂപപ്പെട്ടിട്ടുണ്ട്–‘ലൈൻ സ്റ്റാൻഡർ’. ഉപ്പുതൊട്ടു കർപ്പൂരം വരെ വാങ്ങാനും സിനിമയ്ക്കു ടിക്കറ്റെടുക്കാനും നമുക്കു പകരം മറ്റൊരാൾ! ആവശ്യമുള്ളപ്പോൾ ഫോണിലെ ആപ്ലിക്കേഷനിൽ സന്ദേശം അയയ്ക്കുക, ആളു റെഡി. ന്യൂയോർക്ക് പോലുള്ള സ്ഥലങ്ങളിൽ ഈ ജോലി ചെയ്തു നല്ല വരുമാനം സമ്പാദിക്കുന്നവരുണ്ട്. 

ആപ്പ് വഴി വിളിക്കാം 
യുഎസ്, പോളണ്ട്, വെനസ്വേല, ഇറ്റലി, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ലൈൻ സ്റ്റാൻഡേഴ്സ് ഉണ്ട്. മൊബൈൽ ആപ്പ് വഴിയാണു പ്രവർത്തനം. യുഎസിലെ ഒരു പട്ടണത്തിലെ ലൈൻ സ്റ്റാൻഡിങ് ആപ്ലിക്കേഷന്റെ പേരാണ് ‘ഇൻ ലൈൻ ഫോർ യു’! ഐ ഫോൺ റിലീസ്, ബീയർ റിലീസുകൾ, വിവിധ പ്രോഡക്ടുകളുടെ ലോഞ്ചിങ് തുടങ്ങിയവയ്ക്കു വേണ്ടിയുള്ള ക്യൂവാണ് ഇവർ ഏറ്റെടുക്കുന്നത്.

ഊബർ പോലുള്ള ഓൺലൈൻ ടാക്സികളുടെ രീതിയിലാണ് ഇവയുടെയും പ്രവർത്തനം. ക്യൂ നിൽക്കേണ്ടതിന്റെ 3 മണിക്കൂർ മുൻപ് ആപ്പിൽ റജിസ്റ്റർ ചെയ്യണം. കൃത്യമായി സാധനം വീട്ടിലെത്തുകയും ചെയ്യും. 

മണിക്കൂറുകൾക്കു വില 
ക്യൂ നിൽക്കേണ്ടതിന്റെ ദൈർഘ്യമനുസരിച്ചാണു വേതനം. നിശ്ചിത സമയത്തേക്കു മിനിമം ചാർജ്. പിന്നീട് ഓരോ മണിക്കൂറിനും അധിക നിരക്കു നൽകണം. ന്യൂയോർക്കിലെ ‘സോൾഡ്’ ലൈൻ സ്റ്റാൻഡിങ് കമ്പനി ഈ ജോലിയിലൂടെ ഓരോ ആഴ്ചയും ശരാശരി 1,000 ഡോളർ ലാഭമുണ്ടാക്കുന്നുണ്ടത്രെ! 

നിലവിൽ വിദേശ രാജ്യങ്ങളിൽ മാത്രമുള്ള ലൈൻ സ്റ്റാൻഡർ വൈകാതെ നമ്മുടെ നാട്ടിലും എത്തിയേക്കും. കേരളത്തിൽ ഈ ജോലിക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് എവിടെയായിരിക്കുമെന്നു പറയേണ്ടല്ലോ, ബവ്റിജസ് ഔട്‌ലെറ്റുകളിൽ തന്നെ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com