ADVERTISEMENT

ഗ്രാമപ്രദേശത്തും അർധ നഗരപ്രദേശങ്ങളിലും നന്നായി നടത്താവുന്ന ഒരു ലഘു സംരംഭമാണു ഹാച്ചറി. ഇൻക്യുബേറ്ററിന്റെ സഹായത്തോടെ കോഴിമുട്ടകളും താറാവുമുട്ടകളും വിരിയിച്ച് കുഞ്ഞുങ്ങളെ നൽകുന്ന ബിസിനസാണിത്. വനിതകൾക്ക് ഒരു കുടുംബ സംരംഭമായി നടത്താവുന്നതാണ്. മുട്ട വാങ്ങാനും കുഞ്ഞുങ്ങളെ നൽകാനും ആഴ്ചയിൽ ഒരു ദിവസം കൃത്യമായി നിശ്ചയിച്ചാൽ മതി.

വളരെ ചെറിയ മുതൽമുടക്കുകൊണ്ടു ഹാച്ചറി നടത്താം. മുട്ട തരുന്നവർക്കു വിരിയിച്ച് കുഞ്ഞുങ്ങളെ നൽകുകയോ, കുഞ്ഞുങ്ങളെ വേണ്ടാത്തവർക്ക് അതിന്റെ തുക നൽകുകയോ ചെയ്യാം. കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്താൻ ധാരാളം കുടുംബങ്ങൾ ഇപ്പോൾ തയാറാകുന്നുണ്ട്. മുട്ടക്കോഴി, കാടക്കോഴി, കരിങ്കോഴി, നാടൻ കോഴി, ടർക്കി കോഴി, ഗിനി, ബ്രോയ്‌ലർ/നാടൻ താറാവുകൾ‍ എന്നിവയിൽപ്പെടുന്ന കുഞ്ഞുങ്ങളെ വിരിയിച്ചു നൽകാം. 

കാടമുട്ട വിരിയിക്കാൻ ഒരു രൂപയും മറ്റിനങ്ങൾക്ക് ആറു രൂപയുമാണ് സർവീസ് ചാർജ്. കോഴിയെ വളർത്താനുള്ള കൂടുകൾ, തീറ്റ, മരുന്ന് എന്നിവയും കൂടെ വിൽക്കാം. കാടമുട്ട വിരിയാൻ 17 ദിവസവും താറാവ്/ടർക്കി മുട്ടകൾക്ക് 28 ദിവസവും മറ്റു മുട്ടകൾക്ക് 21 ദിവസവും ആവശ്യമുണ്ട്. ഹാച്ചറിയിൽ നൽകുന്നതിന്റെ 80% മുട്ടകളും വിരിയുന്നവയാണ് എന്നാണ് അനുഭവം. 10 ദിവസത്തിലേറെ പഴക്കം ചെന്ന മുട്ടകൾ വിരിയാൻ പ്രയാസമാണ്. 

സർവീസ് ചാർജ് ഈടാക്കുന്നതു മുട്ടകൾക്കാണ്, കുഞ്ഞുങ്ങൾക്കല്ല. മുട്ട തന്നവരുടെ പേരിനെ സൂചിപ്പിക്കുന്ന അടയാളം മുട്ടയിൽത്തന്നെ മാർക്ക് ചെയ്താണ് ഇൻക്യുബേറ്ററിൽ വയ്ക്കുന്നത്. മുട്ട വിരിയാതെ വന്നാൽ അതിന്റെ ഉത്തരവാദിത്തം കൊണ്ടുവന്നവർക്കു തന്നെ എന്ന രീതിയിലാണു വ്യാപാരം ആസൂത്രണം ചെയ്യേണ്ടത്. ചെറിയ പ്രചാരണം നൽകിയാൽ ആഴ്ച തോറും 5,000 മുട്ട ലഭിക്കാൻ പ്രയാസമുണ്ടാവില്ല. പാർട് ടൈം ആയും ഈ ബിസിനസ് ചെയ്യാം. 

ആവശ്യമായ സ്ഥിര നിക്ഷേപം

1. 500 ചതുരശ്ര അടി കെട്ടിടം. ഷീറ്റ് മേഞ്ഞത്

2. ഇൻക്യുബേറ്റർ (ആഴ്ചകൾ തോറും 5000 കുഞ്ഞുങ്ങളെ വിരിയിക്കാവുന്നത്)–ചെലവ് 2 ലക്ഷം രൂപ 

3. ജനറേറ്റർ സെറ്റും അനുബന്ധ സാമഗ്രികളും–1 ലക്ഷം 

ആവർത്തന ചെലവുകൾ

1. കൂലി: 2 പേർക്ക് 400 രൂപ പ്രകാരം=24,000 

2. കറന്റ്, തേയ്മാനം, ഡീസൽ, മറ്റു ചെലവുകൾ=11000 

ആകെ നിക്ഷേപം=3.35 ലക്ഷം 

ഒരാഴ്ചയിലെ വരുമാനം

കാട മുട്ടകൾക്ക് 1 രൂപ നിരക്കിൽ 1500 എണ്ണം, 

മറ്റു മുട്ടകൾക്ക് 6 രൂപ നിരക്കിൽ 3500 

ആഴ്ച തോറും 22,500 

ആകെ പ്രതിമാസ വരുമാനം: 90,000 

പ്രതിമാസ ലാഭം: 90,000–35,000=55,000 രൂപ. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com