കെഎഎസ് വേറെ ലെവൽ; വിജയിക്കാൻ വേണം ഈ ഗെയിം പ്ലാൻ!

preparation
SHARE

കെഎഎസ് തയാറെടുപ്പിനു ഗെയിം പ്ലാൻ തയാറാക്കിയോ  ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പ്രാഥമിക പരീക്ഷയുടെ സിലബസ് യുപിഎസ്‌സി പരീക്ഷകളുടേതിനു സമാനമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. സിവിൽ സർവീസിനു പഠിക്കുന്നവർക്ക് എളുപ്പമായല്ലോ എന്നു മറ്റു പിഎസ്‌സി പരീക്ഷകൾക്കായി തയാറെടുക്കുന്നവർ ചിന്തിച്ചേക്കാം. എന്നാൽ, സിലബസ് ശ്രദ്ധിച്ചു വായിച്ചാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നു മനസ്സിലാകും. കേരളത്തിനും ആവശ്യത്തിനു പ്രാധാന്യം സിലബസിലുണ്ട്. കേരള വികസന മാതൃക മുതൽ കേരളത്തിലെ തീർഥാടന സ്ഥലങ്ങൾ വരെ സിലബസിൽ ഇടം പിടിച്ചിട്ടുണ്ട്.

ഇതുപോലെ സിലബസിലെ മിക്ക മേഖലകളിലും കേരളത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെക്കുറിച്ചു പഠിക്കുന്നതു പോലെ തന്നെ കേരളത്തെക്കുറിച്ചും അറിഞ്ഞിരിക്കണമെന്നു ചുരുക്കം. കെഎഎസ് സിലബസിലെ കേരള കണക്‌ഷൻ എന്താണെന്നു പരിശോധിക്കാം.

കേരള ചരിത്രം

പ്രാഥമിക പരീക്ഷയുടെ ഒന്നാം പേപ്പറിലാണു കേരള ചരിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള ചരിത്രം എന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപുള്ള സാമൂഹിക– രാഷ്ട്രീയ സംഘടനകൾ, സംസ്ഥാന രൂപീകരണം, രാഷ്ട്രീയ പാർട്ടികൾ, സർക്കാരുകൾ, സുപ്രധാന നിയമനിർമാണങ്ങൾ, നയങ്ങൾ എന്നിവയാണു സിലബസിൽ കേരള ചരിത്രമായി കൊടുത്തിരിക്കുന്നത്.

എങ്ങനെ പഠിക്കണം: ബിരുദയോഗ്യത ആവശ്യമായ പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവർ പഠിക്കുന്ന വിഷയങ്ങൾ തന്നെയാണിത്. എന്നാൽ, കുറച്ചുകൂടി ആഴമേറിയ പഠനം ആവശ്യമുണ്ട്. റാങ്ക് ഫയലുകളിൽനിന്നും തൊഴിൽ, വൈജ്ഞാനിക പ്രസിദ്ധീകരണങ്ങളിൽനിന്നും പഠിക്കാം. ഹൈസ്കൂൾ തല എസ്‌സിഇആർടി പുസ്തകങ്ങളും റഫർ ചെയ്യാം.

സാംസ്കാരിക പൈതൃകം

പ്രാഥമിക പരീക്ഷയുടെ ഒന്നാം പേപ്പറിൽ പ്രത്യേകഭാഗം തന്നെയാണ് കേരള സാംസ്കാരിക പൈതൃകം. കലാരൂപങ്ങൾ, സാഹിത്യം, സമൂഹം, വാസ്തുവിദ്യ, ടൂറിസം, തീർഥാടനം, സിനിമ, നാടകം, മലയാളഭാഷയുടെ ഉൽപത്തി തുടങ്ങിയവയാണു സിലബസിൽ നൽകിയിരിക്കുന്നത്.

എങ്ങനെ പഠിക്കണം: യുപിഎസ്‌സി, പിഎസ്‌സി പരീക്ഷകളിൽ ഇവയ്ക്ക് ഇതുവരെ അധികം പ്രാധാന്യം ഇല്ലാതിരുന്നതിനാൽ എങ്ങനെ പഠിക്കുമെന്നതിൽ ആശയക്കുഴപ്പമുണ്ടാകാം. കേരളത്തിലെ ഹയർസെക്കൻഡറി തല ഹ്യൂമാനിറ്റീസ് പാഠപുസ്തകങ്ങളിൽനിന്ന് ഇതിലെ കുറച്ചു ഭാഗങ്ങൾ മനസ്സിലാക്കാം. കൂടുതൽ വിവരങ്ങൾക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങളെയും റാങ്ക് ഫയലുകളെയും ആശ്രയിക്കാം. സർക്കാരിന്റെ ടൂറിസം ഔദ്യോഗിക വെബ്സൈറ്റിലും വിവരങ്ങളുണ്ട്.

കേരള സമ്പദ്‌വ്യവസ്ഥ

കേരളത്തിന്റെ സാമ്പത്തികസ്ഥിതി, ജനസംഖ്യ, കൃഷി, വ്യവസായം, വികസന പദ്ധതികൾ, സഹകരണ മേഖല, ഐടി മേഖല, സർക്കാർ പദ്ധതികൾ, പ്രവാസികാര്യം തുടങ്ങിയവയാണ് ഈ ഭാഗത്ത് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടാകാം ഇതിലെ ചോദ്യങ്ങൾ.

എങ്ങനെ പഠിക്കണം: പത്രവായനയുടെ സമയത്ത് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ കുറിച്ചു വയ്ക്കാം. ഇവയിലെ ചില ഭാഗങ്ങൾ മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്നവർ പഠിച്ചിട്ടുണ്ടാകാം.

കേരള ഭൂമിശാസ്ത്രം

ലോകത്തിന്റെയും ഇന്ത്യയുടെയും ഭൂമിശാസ്ത്രത്തിനാണു സിലബസിൽ പ്രാധാന്യമെങ്കിലും കേരളത്തിന്റെ ഭൂമിശാസ്ത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രളയം, സൂനാമി തുടങ്ങിയവയും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടു ചോദ്യങ്ങൾ ഉണ്ടായേക്കാം.

എങ്ങനെ പഠിക്കണം: സാധാരണ പിഎസ്‌സി പരീക്ഷകൾക്ക് ഉദ്യോഗാർഥികൾ പഠിക്കുന്ന ഭാഗമായതിനാൽ പഠനസാമഗ്രികൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.

കേരള വികസനമാതൃക

മറ്റു പരീക്ഷാ സിലബസുകളിൽ അധികം കണ്ടുപരിചയമില്ലാത്ത ഭാഗമാണിത്. എങ്കിലും ഇവിടെനിന്നുള്ള ചില കാര്യങ്ങൾ സാധാരണ പരീക്ഷകളിൽ ചോദിക്കാറുമുണ്ട്. ഭൂപരിഷ്കരണം, സാമൂഹികസുരക്ഷാ പദ്ധതികൾ, സ്ത്രീശാക്തീകരണം, ദുരന്തനിവാരണം, പ്ലാനിങ് ബോർഡ്, ആരോഗ്യ/ വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങൾ തുടങ്ങിയവ സിലബസിലുണ്ട്.

എങ്ങനെ പഠിക്കണം: ഈ മേഖലയുമായി ബന്ധപ്പെട്ടു പത്രങ്ങളിലെ വാർത്തകൾ ശ്രദ്ധിക്കാം. റാങ്ക് ഫയലുകളിൽനിന്നും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ആവശ്യത്തിനു വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും.

സമകാലിക സംഭവങ്ങൾ

കറന്റ് അഫയേഴ്സ് വിഭാഗത്തിൽ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇടംപിടിക്കും. കേരളത്തിലെ ദൈനംദിന സംഭവവികാസങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ ഉറപ്പിക്കേണ്ടത് അനിവാര്യം.

എങ്ങനെ പഠിക്കണം: പത്രങ്ങളും ആനുകാലിക പ്രസിദ്ധീകണങ്ങളും കൃത്യമായി വായിച്ച് സമകാലിക സംഭവങ്ങളെക്കുറിച്ചു ധാരണ ഉണ്ടാക്കണം. ഇത് എല്ലാ മേഖലയിലെയും ചോദ്യങ്ങൾ നേരിടാൻ നമ്മെ പ്രാപ്തരാക്കും.

Content Summary: Kerala Administrative Service

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA