ADVERTISEMENT

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എൽജിഎസ്) വിജ്ഞാപന പ്രകാരം ഇത്തവണ പ്രതീക്ഷിക്കുന്നത് 8 ലക്ഷം അപേക്ഷകൾ. ബിരുദധാരികൾക്ക് അപേക്ഷിക്കാൻ വിലക്കുള്ളതിനാൽ അപേക്ഷകൾ കുറയുമെങ്കിലും 8 ലക്ഷത്തിൽ കുറയില്ലെന്നു കണക്കാക്കുന്നു. കഴിഞ്ഞ  വിജ്ഞാപന പ്രകാരം 8,85,811 പേരും 2013ലെ വിജ്ഞാപനം അനുസരിച്ച് 13,10,703 പേരും അപേക്ഷ നൽകിയിരുന്നു. വിവിധ ജില്ലകളിൽ ഇപ്പോൾ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ട്. ഇതിന്റെ കാലാവധി 2021 ജൂൺ 29ന് അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസം (ജൂൺ 30) ഇപ്പോഴത്തെ വിജ്ഞാപനപ്രകാരമുള്ള റാങ്ക് ലിസ്റ്റുകൾ നിലവിൽ വരും. 

നിയമന സാധ്യത ആറായിരത്തിലധികം പേർക്ക്
|ഇപ്പോഴത്തെ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനപ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് വിവിധ ജില്ലകളിലായി ആറായിരത്തിലധികം പേർക്ക് നിയമനം പ്രതീക്ഷിക്കാം. ഈ തസ്തികയ്ക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ 3215 പേർക്ക് നിയമനശുപാർശ ലഭിച്ചിട്ടുണ്ട്. കാലാവധി അവസാനിക്കുന്ന 2021 ജൂൺ 29 വരെ 3000 പേർക്കുകൂടിയെങ്കിലും നിയമനശുപാർശ ലഭിച്ചേക്കും. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 11,455 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്.

ബിരുദധാരികൾക്ക് വിലക്ക്
ബിരുദധാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയ ശേഷമുളള രണ്ടാമത്തെ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഏഴാം ക്ലാസ് വിജയിച്ചിരിക്കണം എന്നാൽ യാതൊരു ബിരുദവും നേടാൻ പാടില്ല എന്നതാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നവർക്കും തോറ്റവർക്കും അപേക്ഷ നൽകുന്നതിനു തടസ്സമില്ല. അവസാന വർഷ പരീക്ഷ എഴുതിയവർക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം (05–02–2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ അപേക്ഷിക്കാം. ഐടിഐ, ഡിപ്ലോമ ജേതാക്കൾക്കും അപേക്ഷിക്കാം. ബിരുദം നേടിയവർ അതു മറച്ചുവച്ച് അപേക്ഷ നൽകിയാൽ കടുത്ത ശിക്ഷാ നടപടികൾ  നേരിടേണ്ടിവരും. 

തുടക്ക ശമ്പളം 21,650 രൂപ
16500 – 35700 എന്നതാണ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ ശമ്പള സ്കെയിൽ. അടിസ്ഥാന ശമ്പളത്തിനൊപ്പം 20% ഡിഎ (3300), എച്ച്ആർഎ (1500), സിസിഎ (350) എന്നിവകൂടി കൂട്ടി 21,650 രൂപ തുടക്കത്തിൽ ശമ്പളം ലഭിക്കും. ഇതിൽ നിന്ന് ഗ്രൂപ്പ് ഇൻഷുറൻസ്, എസ്എൽഐ, നാഷനൽ പെൻഷൻ സ്കീം, പ്രോവിഡന്റ് ഫണ്ട് എന്നിവയ്ക്കുള്ള വിഹിതം കുറവു ചെയ്തശേഷമുള്ള തുകയായിരിക്കും കൈയിൽ ലഭിക്കുക. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 8% ഡിഎ ഇപ്പോൾ കുടിശികയാണ്. ഇത് ലഭിക്കുമ്പോൾ ശമ്പളം വീണ്ടും വർധിക്കും.  ഇപ്പോഴത്തെ വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം തുടങ്ങുമ്പോഴേക്കും പുതുക്കിയ  സ്കെയിൽ പ്രകാരമുള്ള ശമ്പളം ലഭിക്കാനും സാധ്യതയുണ്ട്. 

പരീക്ഷ ജൂണിനു ശേഷം
പരീക്ഷകൾ അടുത്ത ജൂണിനു ശേഷമേ നടക്കൂ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എൽഡി ക്ലാർക്ക് പരീക്ഷകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ലാസ്റ്റ് ഗ്രേഡ് സർവന്റസ് പരീക്ഷകൾ  ആരംഭിക്കുക. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ സയൻസ്, ലഘുഗണിതം എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് പരീക്ഷയാണ് ഈ തസ്തികയ്ക്ക് നടത്തുക. ചോദ്യപേപ്പർ മലയാളത്തിലായിരിക്കും. 

table-01

കഴിഞ്ഞ 2 വിജ്ഞാപനങ്ങൾ പ്രകാരമുള്ള ലാസ്റ്റ് ഗ്രേഡ് അപേക്ഷകർ

table-01

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിലെ നിയമനശുപാർശ

സിലബസിൽ മലയാളവും ഇംഗ്ലിഷുമില്ല

ഇതിനു മുൻപായി നടന്ന എൽജിഎസ് പരീക്ഷകളുടെ സിലബസ് പ്രകാരം പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ സയൻസ് എന്നീ വിഷയങ്ങളിൽ നിന്ന് 80 ചോദ്യങ്ങളും ലഘുഗണിതത്തിൽ നിന്ന് 20 ചോദ്യവുമാണ്  പരീക്ഷയിൽ ഉൾപ്പെടുത്താറ്. 

പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട് ഏതൊക്കെ മേഖലകളിൽ നിന്നു ചോദ്യങ്ങൾ ഉൾപ്പെടുത്തുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. ഏതു മേഖലയിൽ നിന്ന് ചോദ്യം ഉൾപ്പെടുത്തിയാലും ഉത്തരം കണ്ടെത്താൻ ഉദ്യോഗാർഥി ബാധ്യസ്ഥനാണ്. ചോദ്യകർത്താവിന്റെ അഭിരുചി ചോദ്യപേപ്പറിൽ നിഴലിക്കുമെന്നുതന്നെയാണ് മുൻകാല അനുഭവങ്ങൾ.  ചോദ്യം തയാറാക്കേണ്ട മേഖലകളുമായി ബന്ധപ്പെട്ട് പിഎസ്‌സി ചില നിർദേശങ്ങൾ നൽകാറുണ്ടെങ്കിലും ചോദ്യകർത്താക്കൾ ഇതൊന്നും പൂർണ്ണമായി ഉൾക്കൊണ്ടാവില്ല ചോദ്യം തയാറാക്കുന്നത്. പരീക്ഷാ സിലബസിലെ പ്രധാന ഭാഗങ്ങൾ ചുവടെ. 

∙ കേരളം 
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷയിൽ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കണക്കിലധികം ഉൾപ്പെട്ടു കാണാറുണ്ട്. കേരളത്തിന്റെ ചരിത്രം, ഭൂപ്രകൃതി, കാലാവസ്ഥ, നദികൾ, ക‍ൃഷി, ജലസേചന പദ്ധതികൾ, സ്ഥലങ്ങൾ, ജനസംഖ്യ, ഗതാഗതം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നീതിന്യായം, ഭരണരംഗം, സാമ്പത്തികം, വാർത്താവിനിമയം, കല, സംസ്കാരം, സാഹിത്യം, സിനിമ, മാധ്യമങ്ങൾ, ആരാധനാലയങ്ങൾ, വിനോദസഞ്ചാരം, കായികരംഗം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്താറുള്ളത്. കേരളത്തിലെ നവോത്ഥാനവും നവോത്ഥാന നായകരുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരീക്ഷയിൽ ഉണ്ടാകും. 

∙ ഇന്ത്യ
കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെയത്രയും എണ്ണം നമ്മുടെ രാജ്യവുമായി ബന്ധപ്പെട്ട് ചോദിച്ചില്ലെങ്കിലും കുറച്ചു ചോദ്യങ്ങൾ ഇന്ത്യയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ പ്രതീക്ഷിക്കണം. കേരള ചോദ്യങ്ങൾക്ക് സമാനമായവയ്ക്കൊപ്പം ഭരണഘടന, ജുഡീഷ്യറി, ലോക്സഭ, രാജ്യസഭ, പ്രധാനമന്ത്രിമാർ, രാഷ്ട്രപതി, ദേശീയ പതാക, ദേശീയഗാനം, ബ്രട്ടീഷ് ഭരണം, വൈസ്രോയിമാർ തുടങ്ങിയ മേഖലകളിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം.    

∙ ലോകം
ലോക രാജ്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷയിൽ കുറവായിരിക്കുമെങ്കിലും അഞ്ചു  ചോദ്യങ്ങളെങ്കിലും ഈ മേഖലയിൽ നിന്നു പ്രതീക്ഷിക്കണം. പ്രധാന വർഷങ്ങൾ, ലോകത്തിലെ ഏറ്റവും വലുത്/ചെറുത്, രാഷ്ട്രങ്ങൾ/പാർലമെന്റുകൾ, അപരനാമങ്ങൾ, പഴയപേരും പുതിയ പേരും, കണ്ടുപിടിത്തങ്ങൾ, പ്രസ്ഥാനങ്ങളും സ്ഥാപകരും, നാണയങ്ങൾ, പ്രധാന ദിനങ്ങൾ, ഒൗദ്യോഗിക വസതികൾ, പതാകകൾ, രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനം, ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര ഏജൻസികൾ തുടങ്ങിയവയാണ് ലോകത്തിനു കീഴിൽ ചോദിക്കാവുന്ന മേഖലകൾ.

∙ ആനുകാലിക സംഭവങ്ങൾ
ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷയിലെ സ്ഥിരസാന്നിധ്യമാണ്. കുറഞ്ഞത് 5 ചോദ്യമെങ്കിലും ഈ മേഖലയിൽ നിന്നു പ്രതീക്ഷിക്കാം. പരീക്ഷയുടെ നാലോ അഞ്ചോ മാസം മുൻപു വരെയുള്ള ആനുകാലിക സംഭവങ്ങളാവും ഇതിൽ ഉൾപ്പെടുക. 

∙ ജനറൽ സയൻസ്
അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള സയൻസ് പാഠപുസ്തകങ്ങളിൽനിന്നുള്ള ചോദ്യങ്ങളാണ് ജനറൽ സയൻസ് വിഭാഗങ്ങളിൽ കൂടുതലായി ഉൾപ്പെടുത്തി കാണുന്നത്. ചിലപ്പോൾ ചോദ്യങ്ങൾ പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങളിൽ നിന്നും ഉൾപ്പെട്ടെന്നു വരും. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം, ബഹിരാകാശ ഗവേഷണം, വാനശാസ്ത്രം, സസ്യങ്ങൾ, പരിസ്ഥിതി, മൃഗസംരക്ഷണം, ആരോഗ്യം, മനുഷ്യശരീരം, രോഗങ്ങൾ, രോഗപരിശോധനകൾ, രോഗാണു, രക്തഗ്രൂപ്പുകൾ, ശാസ്ത്രശാഖകളും മേഖലകളും, കംപ്യൂട്ടർ എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ജനറൽ സയൻസിൽ നിന്നു പ്രതീക്ഷിക്കണം.

∙ ലഘുഗണിതം
ഏഴാം ക്ലാസ് വരെയുള്ള ഗണിത പാഠപുസ്തകങ്ങളിൽ നിന്നുള്ള ഗണിതവും മാനസികശേഷി പരിശോധനയുമായി ബന്ധപ്പെട്ട കോഡിങ് ഡീകോഡിങ്, ദിശാവബോധം, സാമ്യം, ഒറ്റയാനെ കണ്ടെത്തുക, രക്തബന്ധങ്ങൾ എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് ലഘുഗണിതം വിഭാഗത്തിൽ നിന്നു ചോദിക്കുക. ചോദ്യങ്ങളുടെ നിലവാരം ചിലപ്പോൾ ഏഴാം ക്ലാസും കടന്ന് പത്താം ക്ലാസ് വരെയെത്താനും സാധ്യതയുള്ളതിനാൽ ഉദ്യോഗാർഥികൾ തയാറായിരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com