ADVERTISEMENT

പകുതി കാലാവധി പിന്നിട്ടിട്ടും നിയമനശുപാർശയിൽ  വേഗമില്ലാതെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകൾ.  ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകൾ ഇതേ കാലാവധി പിന്നിട്ടപ്പോൾ 4145 പേർക്ക് നിയമനശുപാർശ ലഭിച്ചിടത്ത് ഇത്തവണത്തെ റാങ്ക് ലിസ്റ്റുകളിൽ നിന്നു നടന്നത് 3219 നിയമനശുപാർശ മാത്രം. 2021 ജൂൺ 29ന് നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ അവസാനിക്കുകയും തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരികയും ചെയ്യും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണത്തെ ലിസ്റ്റിൽ നിന്ന് വൻതോതിൽ നിയമനം കുറയാനാണ് സാധ്യത. 

സ്ഥിരം തസ്തികയില്ല
നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും ജോലിഭാരത്തിനനുസരിച്ച് വിവിധ സർക്കാർ വകുപ്പുകൾ തസ്തിക സൃഷ്ടിക്കാത്തതുമാണ് ലാസ്റ്റ് ഗ്രേഡ് നിയമനം കുറയാൻ പ്രധാന കാരണം. ഈ സർക്കാർ വന്നതിനു ശേഷം ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള ചില വകുപ്പുകളിൽ ധാരാളം തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ കാര്യത്തിൽ ഈ താൽപര്യമില്ല. ഇനി തസ്തിക സൃഷ്ടിച്ചാൽ അത്  താൽക്കാലിക അടിസ്ഥാനത്തിലുമാകും.  പിന്നീട് തരംകിട്ടുമ്പോൾ ഇത് സ്ഥിരപ്പെടുത്തി നൽകുകയും ചെയ്യും. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വലിയ തിരിച്ചടിയാണ് ഇത്തരം നിയമനങ്ങൾ. 

ജിഎസ്ടി നിലവിൽ വന്നതിനുശേഷം ഇതുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഇവയൊന്നും പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സെക്രട്ടേറിയറ്റ്, പിഎസ്‌സി, അഡ്വക്കറ്റ് ജനറലിന്റെ ഒാഫിസ് തുടങ്ങിയവയിലേക്ക് വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിൽ നിന്ന് നടന്നിരുന്ന നിയമനം നിർത്തലാക്കി പ്രത്യേക കേഡർ രൂപീകരിച്ച് നിയമനം നടത്താൻ തീരുമാനിച്ചതും  തിരിച്ചടിയായി. സംസ്ഥാനത്ത് 27 പോക്സോ കോടതികൾ പുതുതായി തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇവിടെയും ലാസ്റ്റ് ഗ്രേഡിന്റെ സ്ഥിരം തസ്തിക സൃഷ്ടിച്ചിട്ടില്ല. വിവിധ വകുപ്പുകളുടെ ആസ്ഥാന ഒഴിവുകൾ റിപ്പോർട്ടു  ചെയ്യുന്നതിലും അലംഭാവം പ്രകടമാണ്. 

കണക്കില്ലാതെ ആശ്രിത നിയമനം
ആശ്രിത നിയമനം വഴി കണക്കിലധികം ഒഴിവുകൾ നികത്തുന്നതും ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തിരിച്ചടിയാണ്. നിശ്ചിത ശതമാനം ഒഴിവുകൾ മാത്രമേ ആശ്രിത നിയമനത്തിനായി നീക്കിവയ്ക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ അട്ടിമറിച്ച് പല വകുപ്പുകളും ആശ്രിത നിയമനം നടത്തിയതിനു ശേഷം ബാക്കിയായ ഒഴിവുകൾ മാത്രമാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുന്നത്. എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളിൽ നിന്ന് മാനദണ്ഡം മറികടന്നു നടത്തുന്ന ആശ്രിത നിയമനം ഇപ്പോൾ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളെയും ബാധിച്ചിട്ടുണ്ട്. 

LGS_Table

ഇതുവരെ 7% നിയമനശുപാർശ
14 ജില്ലകളിലുമായി നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നടന്നത് 7% നിയമനശുപാർശ മാത്രം. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി 46,285 പേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിയമനശുപാർശ ലഭിച്ചത് 3219 പേർക്ക് മാത്രം. ഏറ്റവും കൂടുതൽപേർക്ക് നിയമനശുപാർശ നൽകിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്– 374. ഏറ്റവും കുറഞ്ഞ നിയമനശുപാർശ വയനാട് – 113. തിരുവനന്തപുരത്തിനൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് നിയമനശുപാർശ 300 കടന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com