ADVERTISEMENT

അഭിഭാഷക ജോലിക്കപ്പുറത്തേക്കു വളർന്നിട്ടുണ്ട് നിയമപഠനത്തിന്റെ സാധ്യതകൾ. കോർപറേറ്റ് സ്ഥാപനങ്ങളിൽ ഉൾപ്പെടെ അവസരമേറെ. അതുകൊണ്ടു തന്നെ കൊച്ചി നുവാൽസ് ഉൾപ്പെടെ 22 രാജ്യത്തെ ലോ യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിനുള്ള ക്ലാറ്റ് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) പരീക്ഷയ്ക്കും കടുപ്പമേറുന്നു. ഡൽഹി നാഷനൽ ലോ യൂണിവേഴ്‌സിറ്റിയിലേക്കു മാത്രം ഐലറ്റ് (ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്) എന്ന പേരിൽ പ്രത്യേകം പ്രവേശനപരീക്ഷയാണ്. 

മൂവായിരത്തിൽ താഴെ സീറ്റുകൾ; പക്ഷേ, ക്ലാറ്റ് യുജി എഴുതുന്നതു ശരാശരി അരലക്ഷത്തിലേറെപ്പേർ. ഇത്തവണ മുതൽ പരീക്ഷാരീതിയിൽ മാറ്റവുമുണ്ട്. കഴിഞ്ഞ വർഷം വരെ ഒബ്ജെക്ടീവ് ചോദ്യ രീതിയാണു പിന്തുടർന്നിരുന്നത്. 

എന്നാൽ തന്നിരിക്കുന്ന ഖണ്ഡിക വായിച്ചുമനസ്സിലാക്കി ഉത്തരങ്ങൾ നൽകുന്ന രീതിയാകും ഇത്തവണ മുതൽ. ചോദ്യങ്ങൾ നേരിട്ടുള്ളതാകണമെന്നില്ല; പരീക്ഷാർഥിയുടെ അപഗ്രഥന രീതി കൂടുതൽ വിലയിരുത്തപ്പെടും. 

പരീക്ഷയുടെ വിശദാംശങ്ങൾ ഇങ്ങനെ:

150 ചോദ്യങ്ങൾ. 2 മണിക്കൂർ

വിവിധ വിഷയങ്ങൾക്കുള്ള ഊന്നൽ ഇങ്ങനെ: 

ഇംഗ്ലിഷ് 20 % (28–32 ചോദ്യം)

പൊതുവിജ്ഞാനം 25 % (35–39 ചോദ്യം)

ലീഗൽ റീസണിങ് 25 % (35–39 ചോദ്യം)

ലോജിക്കൽ റീസണിങ് 20 % (28–32 ചോദ്യം)

ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് (പത്താം ക്ലാസ് 

നിലവാരത്തിൽ അടിസ്‌ഥാനഗണിതം) 

10 % (13–17 ചോദ്യം). 

ശരിയുത്തരത്തിന് ഒരു മാർക്ക്. തെറ്റെങ്കിൽ കാൽ മാർക്ക് കുറയും. 

∙ക്ലാറ്റ് വെബ്സൈറ്റിൽ മോക്ക് ടെസ്റ്റ് സൗകര്യമുണ്ട്. നേരത്തേ റജിസ്റ്റർ ചെയ്യുന്നവർക്ക് കൂടുതൽ മോക്ക് ടെസ്റ്റുകൾ ചെയ്യാം.

∙മെറിറ്റ് കം പ്രിഫറൻസ് പ്രവേശനരീതിയാണു പിന്തുടരുന്നത്. പ്രവേശനപരീക്ഷാ മാർക്കിനൊപ്പം ഏതു സർവകലാശാലയ്ക്കാണ് പ്രിഫറൻസ് എന്നതും പ്രധാനം. ഓരോ മാർക്കും റാങ്കിൽ വലിയ മാറ്റമുണ്ടാക്കും. 

പരീക്ഷ: മേയ് 10

അപേക്ഷ: മാർച്ച് 31 വരെ 

വെബ്സൈറ്റ്: www.consortiumofnlus.ac.in

ക്ലാറ്റ് പിജിയിലും മാറ്റങ്ങൾ

∙50 % മാർക്കോടെ എൽഎൽബി ജയിച്ചവർക്കു ദേശീയ നിയമ സർവകലാശാലകളിൽ എൽഎൽഎം പ്രവേശനത്തിന് ക്ലാറ്റ് പിജി എഴുതാം. ഈ പരീക്ഷയിലും മാറ്റം വരുത്തിയിട്ടുണ്ട്. 

∙ഇത്തവണ മുതൽ പരീക്ഷ 150 മാർക്കിനാണ് (മുൻപ് 200 മാർക്കിനായിരുന്നു)

∙ഇതിൽ 50 മാർക്ക് ഉപന്യാസ രീതിയിൽ ഉത്തരമെഴുതാനുള്ള 2 ചോദ്യങ്ങളാണ്. ഓരോന്നിനും 800 വാക്കുകൾ നിർബന്ധം. 

∙ഒബ്ജെക്ടീവ് വിഭാഗത്തിൽ 40 മാർക്കെങ്കിലും കിട്ടുന്നവരുടെ ഉപന്യാസ ഉത്തരങ്ങളേ പരിശോധിക്കൂ.

(എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 35 മാർക്ക്). അതായത് നൂറിൽ യഥാക്രമം 40, 35 മാർക്ക് വീതമെങ്കിലും ലഭിക്കണം. 

ഐലറ്റ്: ഓൾ ഇന്ത്യ സീറ്റ് 55

ഡൽഹി നാഷനൽ ലോ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റായ ഐലറ്റിൽ പരീക്ഷാ ഘടനയിലോ ചോദ്യ രീതിയിലോ മാറ്റമില്ല. പഴയ രീതി തുടരും. 123 സീറ്റിൽ 55 സീറ്റ് ദേശീയതലസ്ഥാന മേഖലയിലുള്ളവർക്കു മാറ്റിവച്ചിരിക്കുന്നു. ഓൾ ഇന്ത്യ ക്വോട്ടയിലും അത്ര തന്നെ സീറ്റ്. ബാക്കി സീറ്റ് വിദേശികൾ, ജമ്മു–കശ്മീർ സ്വദേശികൾ, കശ്മീരി കുടിയേറ്റക്കാർ എന്നിവർക്കായി മാറ്റിവച്ചിരിക്കുന്നു. മേയ് 3നാണു പരീക്ഷ. 

വെബ്സൈറ്റ്: www.nludelhi.ac.in

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നിയമ പരിജ്ഞാനം: 

∙ഭരണഘടന, ഇന്ത്യൻ ശിക്ഷാ നിയമം തുടങ്ങിയവയിലെ അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കുക. 

∙പൊതുവിജ്ഞാനം: പത്രമാധ്യമങ്ങൾ കൃത്യമായി പിന്തുടരുക. 

∙സമയ വിനിയോഗം: ഇംഗ്ലിഷ്, പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം നൽകുക. ലോജിക്കൽ റീസണിങ്, കണക്ക് ചോദ്യങ്ങളിൽ അധികം സമയം കളയരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com