sections
MORE

ചെറുപ്പത്തിന്റെ ചോരത്തിളപ്പ് കെണിയാകാം; വേണ്ടത് നോ പറയാനുള്ള ധൈര്യം

Say_No
SHARE

കെവിൻ എന്ന യുവാവ് ദുരഭിമാനക്കൊലയ്ക്കു കീഴടങ്ങേണ്ടിവന്നതും ആ കേസിലെ പത്തു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതും അടുത്തിടെ നമ്മൾ കേട്ട വാർത്തകളാണ്. യൗവനത്തിളപ്പിന്റെ പ്രായത്തിലുള്ളവരാണ് 25 കൊല്ലത്തിലേറെ ഇനി തടവറയുടെ ഇരുട്ടിൽ കഴിയേണ്ട ഈ പത്തു പേരുമെന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. ദുരഭിമാനത്തിന്റെ ഒരു നിമിഷത്തിലെ തെറ്റായ തീരുമാനത്തിൽ ഇവർക്കു നഷ്ടമായത് ജീവിതമെന്ന മനോഹരയാത്രയാണ്. 

ഇവരൊക്കെ ജീവിതത്തിൽ ഏതെങ്കിലും ഉന്നതമേഖലകളിൽ എത്തേണ്ടിയിരുന്നവരാകാം, നാടിന് അഭിമാനമാകേണ്ടിയിരുന്നവരാകാം. പക്ഷേ, ഒരു പ്രത്യേക സമയത്തെ തെറ്റായ തീരുമാനമാണ് ഇവരുടെ ജീവിതത്തിന്റെ വഴിതെറ്റിച്ചത്. കാൽ നൂറ്റാണ്ടു കഴിഞ്ഞ് ജയിലിൽനിന്നു പുറത്തിറങ്ങിയാലും, അവരുടെ മേൽ ചാർത്തപ്പെട്ട കളങ്കം ഇനി മാറുമോ? ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഇവരുടെയൊക്കെ മനോനില എന്തായിരിക്കും? അവർ തകർത്തത് 10 കുടുംബങ്ങളുടെ സ്വപ്നങ്ങൾ കൂടിയാണ്. 

ദൗർബല്യങ്ങളുടെ അതിർവരമ്പുകൾ വളരെ നേർത്തതാണ്. അതിലേക്കു വീഴാൻ ഏറെ എളുപ്പവും. ചെറിയ ചില ദൗർബല്യങ്ങളിലൂടെയാണു പലരുടെയും ജീവിതം തകർന്നുതരിപ്പണമാകുന്നത്. എല്ലാ മനുഷ്യർക്കുമുണ്ട്, ഏതെങ്കിലും ദൗർബല്യങ്ങൾ. അവ വേണ്ടെന്നുവയ്ക്കാനുള്ള ആർജവമാണ് ഓരോരുത്തരുടെയും മനോധൈര്യം, ആത്മവിശ്വാസം. അത് അവരവർ തന്നെ നേടിയെടുക്കേണ്ടിയിരിക്കുന്നു. 

പല വേദികളിലും ഞാൻ ഉദാഹരണമായി പറഞ്ഞിട്ടുള്ളത് എന്റെ ജീവിതം തന്നെയാണ്. ബാംഗ്ലൂരിൽ എൽഎൽബിക്കു പഠിക്കുന്ന കാലം എനിക്കോർമയുണ്ട്. അവിടെയൊരു ലോഡ്ജിലായിരുന്നു താമസം. കുത്തഴിഞ്ഞ ജീവിതചിത്രങ്ങൾ ചുറ്റുമുണ്ടായിരുന്നു. ഏതു ചെറുപ്പക്കാരനും വഴിതെറ്റിപ്പോകാമായിരുന്ന സാഹചര്യം. പക്ഷേ, ഇന്ദ്രജാലം മാത്രമാണു വഴിയെന്ന ദൃഢനിശ്ചയമാണ് ബാഹ്യദൗർബല്യങ്ങളിൽനിന്നെല്ലാം മാറിനിൽക്കാൻ എനിക്കു ശക്തിയായത്. ലഹരിയുടെ ഒരു തുള്ളിപോലും രുചിക്കാതെയാണ് നാലു പതിറ്റാണ്ടു കഴിഞ്ഞും എന്റെ കലാജീവിതം തുടരുന്നത്. അതുകൊണ്ട് എന്റെ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ സുഖമോ സന്തോഷമോ കുറഞ്ഞെന്നു ഞാൻ കരുതുന്നില്ല. 

എന്റെ ജീവിതമെന്ന മാതൃകയെ അവതരിപ്പിക്കാനല്ല ഇത്രയും പറഞ്ഞത്. നൈമിഷിക സുഖങ്ങൾക്കു മുന്നിൽ സ്വന്തം നിശ്ചയം, ബോധ്യം, ലക്ഷ്യം എല്ലാം നഷ്ടപ്പെടുത്തുന്ന യുവതലമുറയെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം നേടിയെടുക്കുന്ന പ്രായമാണു യൗവനം. ബാല്യത്തിൽനിന്നു കൗമാരത്തിലേക്കും യൗവനത്തിലേക്കും ‘വളരുക’ എന്നു പറയുന്നത് മാനസികമായ പക്വതയിലേക്കുള്ള വളർച്ച കൂടിയാണ് എന്നോർക്കണം. 

യൗവനത്തിന്റെ പ്രസരിപ്പും ചുറുചുറുക്കും നല്ലതിനായി ഉപയോഗിക്കുകയല്ലേ വേണ്ടത്? നമ്മുടെ ജീവിതം എങ്ങനെ വേണമെന്നു സ്വയം വിധിയെഴുതാനുള്ള കാലഘട്ടം കൂടിയാണു യൗവനമെന്നു മറക്കരുത്. ഒരുപക്ഷേ നമുക്കിഷ്ടപ്പെട്ടതാണെങ്കിൽക്കൂടി, നമ്മുടെ ജീവിതത്തെ ഹനിക്കുന്നതിനെ തള്ളിക്കളയാനുള്ള ധൈര്യമുണ്ടെങ്കിൽ ജീവിതവിജയത്തിന്റെ ആദ്യപടി കടന്നു എന്നുറപ്പിക്കാം. പിന്നെയും പിന്നെയും പടവുകൾ കയറാൻ പിന്നീടു ബുദ്ധിമുട്ടേയുണ്ടാവില്ല. 

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA