ADVERTISEMENT

സ്വാനുഭവത്തിൽ നിന്നു പഠിക്ക‌ുന്ന പാഠങ്ങൾ ആരും മറക്കില്ല. പക്ഷേ എല്ലാ അനുഭവങ്ങളും ഒരാൾക്കുണ്ടാവുക അസാധ്യം. മരണത്തെപ്പറ്റി പറയാൻ അവകാശം മരിച്ചവർക്കേയുള്ളൂ എന്ന് ആരും വാശിപിടിക്കില്ലല്ലോ. വ്യത്യസ്താനുഭവങ്ങളുടെ വെളിച്ചത്തിൽ വിവേകശാലികൾ പറയുന്നതു ശ്രദ്ധിക്കാം. അവയിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയുമാകാം.

∙അനീതി കാട്ടി വലിയ ലാഭമുണ്ടാക്കിയയാൾ സ്വയം പറഞ്ഞുപോയി,‘‘എന്റെ എല്ലാ ഭാഗങ്ങളും സുഖിച്ചുസന്തോഷിക്കുമ്പോൾ വേദനിപ്പിക്കുന്നതാണ് മനസ്സാക്ഷി’’ (അനീതിയിലൂടെ യാതൊരു വിജയവും വേണ്ടെന്നു തീരുമാനിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വാക്കുകൾ).

∙ശ്രദ്ധിച്ചുകേൾക്കാൻ ക്ഷമ വേണം, ശ്രദ്ധിച്ചുകേൾക്കുന്നെന്നു ഭാവിക്കാൻ  അതിസാമർത്ഥ്യവും. 

∙ഉന്മേഷമില്ലാത്ത കോപമാണ് വിഷാദം. 

∙എന്നും മോട്ടർ വർക്‌ഷോപ്പിൽ പോയി നിന്നാലും നിങ്ങൾ കാർ ആകില്ല; ദേവാലയത്തിൽ സ്ഥിരമായിപ്പോയതുകൊണ്ടു മാത്രം മനുഷ്യനാകില്ല. 

∙അഹങ്കാരത്തിന്റെ ഉയരത്തിൽക്കയറി നിന്ന് ബുദ്ധിശക്തിയുടെ ആഴത്തിലേക്കു ചാടിയാൽ എനിക്ക് ആത്മഹത്യ ചെയ്യാം. 

∙നിങ്ങളുടെ ദുരിതങ്ങൾ ആരോടും പറയേണ്ട; പാതിപ്പേർ കാര്യമാക്കില്ല, ബാക്കിപ്പേർ അതോർത്ത് സന്തോഷിക്കും. 

∙പരിചയപ്പെടുന്നതുവരെ ആളുകൾ മര്യാദക്കാരാണെന്നു തോന്നും.

∙ചിലപ്പോൾ പ്രാവായിരിക്കുന്ന നിങ്ങൾ മറ്റുചിലപ്പോൾ പ്രതിമയുമാകുമെന്നത് മറക്കേണ്ട (എക്കാലത്തും എല്ലാവരെയും കീഴ്പ്പെടുത്തി വിജയിച്ചു നില്ക്കാൻ 

ആർക്കും കഴിയില്ലെന്ന് ഓർപ്പിക്കുന്നു). 

∙‘‘അമ്പരപ്പിക്കുന്ന ദൗർഭാഗ്യം വന്നുചേർന്നാൽ ഒന്നോർക്കാം : ഏതു മലയ്ക്കും താഴ്‌വരയുണ്ട്. ഏതു മരുപ്പച്ചയ്ക്കും മരുഭൂമിയുണ്ട്. ഏതു ദ്വീപിനും വിജനസാഗരമുണ്ട്. ഏതു മാരിവില്ലിനും കരിംകാർമേഘമുണ്ട്. ഏതു പകലിനും രാവുണ്ട്. ഏത് ഉയർത്തെഴുനേൽപ്പിനും കാൽവരിയുണ്ട്.’’

∙കളവു പറയാനും രണ്ടു പേർ വേണം; ഒരാൾ പറയാനും മറ്റേയാൾ കേൾക്കാനും.

∙രഹസ്യം സൂക്ഷിക്കാൻ ഞാൻ സമർത്ഥനാണ്; എന്റെ വാക്ക് ആവർത്തിച്ചു പറഞ്ഞു പരത്തുന്നവരാണ് കുഴപ്പക്കാർ. 

∙സത്യസന്ധത മികച്ച നയം തന്നെ; പക്ഷേ രക്ഷപെടാനുള്ള അടവായി ബുദ്ധിഭ്രമം നടിക്കുന്നവരുണ്ട്. 

∙ഞാൻ കളവു പറഞ്ഞില്ല, വായ്കൊണ്ട് നോവൽ രചിച്ചേയുള്ളൂ.  

∙ശബ്ദത്തെക്കാൾ വേഗത്തിൽ പ്രകാശം സഞ്ചരിക്കും; അതായിരിക്കണം പലരും വായ് തുറക്കുന്നതുവരെ തിളങ്ങിനിൽക്കുന്നത്. 

∙റോങ് നമ്പറിൽ വിളിക്കുമ്പോഴൊന്നും ബിസി ടോൺ കേൾക്കാറില്ല. 

∙കാൽ രണ്ടും തറയിലൂന്നി നിന്നാൽ എങ്ങനെ പാന്റ്സിടും?

∙ഫിലോസഫി പ്രഫസർ രസകരമായ പരീക്ഷ നടത്തി. കസേരയെടുത്തു ക്ലാസിലെ മേശപ്പുറത്തുവച്ചിട്ട്, ആ കസേരയില്ലെന്നു തെളിയിക്കുന്ന വാദങ്ങളെഴുതി നല്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. പലരും ദീർഘനേരം ആലോചിച്ച് പലതും എഴുതിക്കൊടുത്തു. പക്ഷേ ഒരു കുട്ടി അര മിനിറ്റിൽ ഉത്തരമെഴുതി നല്കി. ഉത്തരങ്ങളെല്ലാം നോക്കിയിട്ട് പിറ്റേന്ന് ക്ലാസിൽ വന്ന് ഓരോ കുട്ടിക്കും കിട്ടിയ മാർക്ക് വായിച്ചു. അര മിനിറ്റുകാരനാണ് ഏറ്റവും കൂടുതൽ മാർക്ക്. ഏവർക്കും ആകാംക്ഷ. എന്താവും അയാളുടെ ഉത്തരം? അതിലളിതം : ‘‘ഏതു കസേര?’’

∙‘പാതി വെള്ളമുള്ള ഗ്ലാസ് കണ്ടാൽ പാതി നിറഞ്ഞതെന്നു വിചാരിക്കണം. പാതി ഒഴിഞ്ഞതെന്നു വിചാരിക്കരുത്.’ ശുഭാപ്തിവിശ്വാസം വളർത്താൻ പ്രേരിപ്പിക്കുന്നവർ സൂചിപ്പിക്കാറുള്ള പ്രശസ്തദൃഷ്ടാന്തം. ഇതു കേട്ട് നിരക്ഷരയായ മുത്തശ്ശി : ‘‘എടാ, അതങ്ങനെ വിചാരിക്കാൻ പറ്റില്ല. നീ ഗ്ലാസ് നിറയ്ക്കുകയാണോ ഗ്ലാസിലെ വെള്ളം ഊറ്റിക്കളഞ്ഞ് കാലിയാക്കുകയാണോ എന്ന് ആദ്യം പറയൂ. അപ്പോൾ ശരി ഏതാണെന്നു നിനക്ക് തോന്നും.’’

∙എത്ര വിവേകമുള്ള മനസ്സിനും ഇനിയും പഠിക്കാനുണ്ട്. 

∙പേടിയില്ലാതെ സ്വപ്നം കാണുക; പരിധിയില്ലാതെ സ്േനഹിക്കുക. 

∙സ്ഥിരപരിശ്രമിക്കു ഫലം കിട്ടാതെ വരാൻ സാധ്യമല്ല. 

∙എത്ര വേഗം പോകുന്നതെന്നതല്ല കാര്യം, നിറുത്താതെ പോകുന്നതാണ്. 

∙നിങ്ങളുടെ ജീവിതത്തിൽ സുപ്രധാനദിനങ്ങൾ രണ്ട് – ഒന്ന് ജനിച്ച ദിനം, രണ്ട് എന്തിനു ജനിച്ചെന്ന് നിങ്ങൾ തിരിച്ചറിയുന്ന ദിനം. 

∙ചിട്ടയൊപ്പിച്ച അറിവാണ് ശാസ്ത്രം; ചിട്ടയൊപ്പിച്ച ജീവിതമാണ് വിവേകം. 

∙അറിവിന്റെ മേഖലയാണ് സംസാരിക്കുന്നത്; പക്ഷേ ശ്രദ്ധിച്ചു കേൾക്കുന്നതാണ് വിവേകത്തിന്റെ മേഖല. 

∙വിവേകം വിസ്മയത്തിൽ ആരംഭിക്കുന്നു. ഭയത്തെ കീഴടക്കാതെ വിവേകമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com